അഴിയൂർ ഗ്രാമപഞ്ചായത്ത് ഓഫിസിൽ വാക്പോര് പ്രസിഡന്റ് കുഴഞ്ഞുവീണു
text_fieldsകുഴഞ്ഞു വീണ അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
വടകര: അഴിയൂർ ഗ്രാമപഞ്ചായത്ത് ഓഫിസിൽ ജീവനക്കാർ തമ്മിലുള്ള പ്രശ്നത്തെ ചൊല്ലി എൽ.ഡി.എഫ്, എസ്.ഡി.പി.ഐ, യു.ഡി.എഫ് അംഗങ്ങൾ തമ്മിൽ വാക്പോര്.
കുഴഞ്ഞുവീണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അഴിയൂർ പഞ്ചായത്ത് അസി. എൻജിനീയർ ഓഫിസിലെ ഓവർസിയറും പ്ലാൻ ക്ലർക്കും തമ്മിലുള്ള പ്രശ്നത്തിൽ ഭരണസമിതി യോഗത്തിൽ അംഗങ്ങൾ തമ്മിൽ കഴിഞ്ഞ ദിവസം രൂക്ഷമായ വാദപ്രതിവാദം നടന്നിരുന്നു. ആരോപണവിധേയനായ ജീവനക്കാരനെ തസ്തികയിൽനിന്നും മാറ്റാൻ യോഗത്തിൽ തീരുമാനിക്കുകയുംചെയ്തിരുന്നു.
വെള്ളിയാഴ്ച രാവിലെ സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് എൽ.ഡി.എഫ് നേതാക്കളും ജനപ്രതിനിധികളും പ്രസിഡന്റിനെ കണ്ട് പ്രതിഷേധവും അറിയിച്ചിരുന്നു. പിന്നാലെ എൽ.ഡിഎഫ്, എസ്.ഡി.പി.ഐ അംഗങ്ങൾ ഒരു ഭാഗത്തും മറുഭാഗത്ത് യു.ഡി.എഫ് അംഗങ്ങളും ചേരിതിരിഞ്ഞ് വാക്കേറ്റം നടന്നു. ഇതിനിടെ പ്രസിഡന്റ് കുഴഞ്ഞു വീഴുകയും ഉടനെ മാഹി ഗവ. ആശുപത്രിയിലേക്കും രക്ത സമ്മർദമുയർന്നതിനെ തുടർന്ന് തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലേക്കും മാറ്റുകയായിരുന്നു.
ഇടതു മുന്നണിയും എസ്.ഡി.പി.ഐയും പഞ്ചായത്തിലെ പദ്ധതികൾ തടസ്സപ്പെടുത്തുന്നതിനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് പഞ്ചായത്ത് പ്രസിഡന്റിനെ ഓഫിസിനകത്ത് തടഞ്ഞുവെച്ചതിനു പിന്നിലെന്ന് യു.ഡി.എഫ്- ആർ.എം.പി നേതൃത്വം ആരോപിച്ചു. ജീവനക്കാർ തമ്മിലുള്ള തർക്കം പരിഹരിച്ചിട്ടും രാഷ്ട്രീയ മുതലെടുപ്പ് നടത്തി വനിതയാണെന്ന പരിഗണനപോലുമില്ലാതെ കൈയേറ്റം നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.