തെരുവുനായ് ശല്യം രൂക്ഷം; നിയന്ത്രിക്കാൻ നടപടികളില്ല
text_fieldsവടകര പുതിയ സ്റ്റാൻഡിൽ ഇരിപ്പിടം കൈയടക്കിയ തെരുവുനായ്
വടകര: തെരുവുനായ് ശല്യം രൂക്ഷമായിട്ടും നിയന്ത്രിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളുണ്ടാവുന്നില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തമ്പടിക്കുന്ന തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കാനെത്തുന്നതിനാൽ വിദ്യാർഥികളും കുട്ടികളുമടക്കമുള്ളവർ ഭീതിയിലാണ്. പുലർച്ചെ കച്ചവട സ്ഥാപനങ്ങളിലെത്തുന്നവരും ഭയത്തോടെയാണ് സഞ്ചരിക്കുന്നത്. വടകര പുതിയ സ്റ്റാൻഡിൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. ബസ് സ്റ്റാൻഡിലെ ഇരിപ്പിടങ്ങളടക്കം നായ്ക്കൾ കൈയടക്കുകയാണ്. ഗ്രാമപ്രദേശങ്ങളുടെ സ്ഥിതിയും വിഭിന്നമല്ല.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ തെരുവുനായ്ക്കൾ 16 പേരെ ആക്രമിക്കുന്ന അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. ആളില്ലാത്ത വീടുകൾ, ജനങ്ങൾ കൂടുതലായി ഇറങ്ങുന്ന ബസ് സ്റ്റോപ്പുകൾ, ഹെൽത്ത് സെന്ററുകൾ, അംഗൻവാടികൾ, റെയിൽവേ സ്റ്റേഷനുകൾ, ഇടവഴികൾ, അമ്പലങ്ങൾ തുടങ്ങി ഒട്ടുമിക്ക സ്ഥാപനങ്ങളുടെ പരിസരങ്ങളിലും ജനവാസ മേഖലകളിലും ശല്യം നിയന്ത്രണാതീതമായി കൂടിവരുകയാണ്.
കഴിഞ്ഞ ദിവസം അഴിയൂർ സ്കൂൾ സ്റ്റോപ്പിൽ ബസ് ഇറങ്ങി പോകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പിന്നാലെ കൂടി ആക്രമിക്കുന്ന അവസ്ഥയുണ്ടായിരുന്നു. മുക്കാളിയിൽ റെയിൽവേ പ്ലാറ്റ്ഫോമിലും മഹാത്മ പബ്ലിക് ലൈബ്രറിയുടെ വഴികളിലും പഴയ ദേശീയപാതയുടെ ഓരങ്ങളിലും നായ് ശല്യം ഏറിവരുകയാണ്. അഴിയൂർ ചുങ്കത്തുനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡിലും നായ്ശല്യം രൂക്ഷമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.