കൊട്ടിക്കലാശം; വെള്ളികുളങ്ങരയിൽ യു.ഡി.എഫ് ജനകീയമുന്നണി-എൽ.ഡി.എഫ് സംഘർഷം
text_fieldsവെള്ളികുളങ്ങരയിൽ യു.ഡി.എഫ് ജനകീയ മുന്നണി-എൽ.ഡി.എഫ് പ്രചാരണങ്ങൾ മുഖാമുഖം വന്നപ്പോഴുണ്ടായ സംഘർഷം
വടകര: കൊട്ടിക്കലാശത്തിന് നഗരത്തിൽ നിയന്ത്രണമേർപ്പെടുത്തിയതോടെ ഗ്രാമപ്രദേശങ്ങളിൽ ആവേശം അണപൊട്ടി. വെള്ളികുളങ്ങരയിൽ യു.ഡി.എഫ് ജനകീയ മുന്നണി-എൽ.ഡി.എഫ് പ്രകടനങ്ങൾ നേർക്കുനേർ എത്തിയത് സംഘർഷത്തിനിടയാക്കി. പ്രകടനങ്ങൾ മുഖാമുഖമെത്തുകയും പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടാവുകയുമായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇടപെടലിൽ വൻ സംഘർഷം ഒഴിവായി.
ജാഥയിലുണ്ടായിരുന്ന പ്രവർത്തകർ തമ്മിൽ റോഡിൽ ഏറെ നേരം വാക്കേറ്റം തുടർന്നു. നാല് പൊലീസുകാർ മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. ഇവർ ഏറെ പണിപ്പെട്ടാണ് സംഘർഷം ഒഴിവാക്കിയത്. വടകരയിൽ കൊട്ടിക്കലാശത്തിന് നഗരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് താഴെ അങ്ങാടി, കൊയിലാണ്ടി വളപ്പ്, പാണ്ടികശാല വളപ്പ്, മാക്കൂൽ പീടിക, പഴങ്കാവ്, പുതുപ്പണം എന്നിവിടങ്ങളിൽ കൊട്ടിക്കലാശം വാനോളമുയർന്നു. ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ പ്രവർത്തകർ കൊട്ടിക്കലാശം ആവേശമാക്കി മാറ്റി.
കൊയിലാണ്ടി വളപ്പിൽ എസ്.ഡി.പി.ഐ-ലീഗ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. അഴിയൂർ, ഒഞ്ചിയം, ഏറാമല മണിയൂർ തുടങ്ങിയ പഞ്ചായത്തുകളിൽ കൊട്ടിക്കലാശം അണപൊട്ടി. നഗരത്തിൽ കൊട്ടിക്കലാശം ഒഴിവാക്കിയതിനാൽ വടകര പഴയ ബസ് സ്റ്റാൻഡ്, പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ കൊട്ടിക്കലാശം കാണാൻ വന്ന ജനാവലിക്ക് നിരാശയായിരുന്നു ഫലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

