വിലങ്ങാട് ഉരുൾ ദുരന്തം; അവശിഷ്ടങ്ങള്‍ അടുത്ത മാസം നീക്കും
text_fieldsകോഴിക്കോട്: ഉരുൾപൊട്ടല്‍ ദുരന്തത്തിനിരയായ വിലങ്ങാട് പ്രദേശത്തെ അവശിഷ്ടങ്ങള്‍ മേയ് മാസത്തോടെ പൂര്‍ണമായി നീക്കും. ഇതിനായി ആറുകോടി രൂപകൂടി അനുവദിച്ചു. വിലങ്ങാട് പുനരധിവാസവുമായി ബന്ധപ്പെട്ട പുരോഗതി വിലയിരുത്താന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തിൽ റവന്യൂ മന്ത്രി കെ. രാജനാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ അനുവദിച്ച 2.49 കോടി രൂപ വിനിയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
പരിശോധനയില്‍ ഇത് അപര്യാപ്തമാണെന്ന് കണ്ടെത്തുകയും ചളിയും എക്കലും പാറക്കെട്ടുകളുമെല്ലാം നീക്കാന്‍ കൂടുതല്‍ തുക അനുവദിക്കുകയുമായിരുന്നു. ഉരുൾപൊട്ടല്‍ നാശനഷ്ടമുണ്ടാക്കിയ നാല് വാര്‍ഡുകളിലെ റോഡുകളുടെയും പാലങ്ങളുടെയും പ്രവൃത്തി വേഗത്തിലാക്കും. വിലങ്ങാടിനുള്ള സഹായം വയനാട് ചൂരല്‍മല ദുരന്തത്തിനിരയായവര്‍ക്ക് നല്‍കുന്നതിന് സമാനമാകണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതാണ്.
വീട് പൂര്‍ണമായി നഷ്ടപ്പെട്ട 31 കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം നല്‍കിയിട്ടുണ്ട്. ദുരന്തത്തിനിരയായ കുടുംബങ്ങളിലെ രണ്ടുപേര്‍ക്ക് വീതം ദിവസം 300 രൂപ വീതം ധനസഹായം നല്‍കുന്നത് ഒരു മാസം കൂടി ദീര്‍ഘിപ്പിക്കും. ദുരന്തബാധിതരുടെ വൈദ്യുതി ചാര്‍ജ് ഒഴിവാക്കും. ദുരന്തങ്ങള്‍ നേരിടുന്നതിന്റെ ഭാഗമായി പ്രദേശത്തെ എയ്ഡഡ് സ്കൂളില്‍നിന്ന് സ്ഥലം ഏറ്റെടുത്ത് പ്രത്യേക അഭയകേന്ദ്രം ഒരുക്കും.
ഉന്നതസംഘം ഈ മാസം സന്ദർശിക്കും
പൂര്‍ത്തീകരിക്കേണ്ട പ്രവൃത്തികള്‍ വിലയിരുത്താന്‍ ഏപ്രിലില്‍തന്നെ ജില്ല കലക്ടറുടെയും സ്ഥലം എം.എല്‍.എയുടെയും നേതൃത്വത്തില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പ്രദേശം സന്ദര്‍ശിച്ച് കൂട്ടിച്ചേര്‍ക്കേണ്ട പ്രവൃത്തികള്‍ റിപ്പോര്‍ട്ട് ചെയ്യും. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെയും ജില്ലയിലെ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസിന്റെയും എ.കെ. ശശീന്ദ്രന്റെയും സാന്നിധ്യത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും.
ആവശ്യമായ ഫണ്ടുകള്‍ ലഭ്യമാക്കാനും പ്രദേശത്തെ ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്കി ആശങ്കകളെല്ലാം പരിഹരിക്കാനും തീരുമാനമായി. ഇ.കെ. വിജയന് എം.എല്‍.എ, ജില്ല കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്, സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്. മീണ, എ.ഡി.എം സി. മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി കലക്ടര്‍ ഇ. അനിത കുമാരി, തഹസില്‍ദാര്‍മാര്‍, മറ്റു വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.