0 വീട്ടുനമ്പറിൽ 9 വോട്ട്, ഇല്ലാത്ത വീട്ടിൽ 70 വോട്ട്
text_fieldsകോഴിക്കോട്: 0 നമ്പർ വീട്ടിൽ ഒമ്പത് വോട്ട്, ഇല്ലാത്ത വീട്ടിൽ 70 വോട്ട്, മതസൗഹാർദത്തിന്റെ ഭാഗമെന്നോണം അഹമ്മദ് കോയക്കും ഷിനുലാലിനും ഒരു വീട്ടിൽ നിന്നിറങ്ങി വോട്ട്ചെയ്യാനുള്ള അവസരം... കോഴിക്കോട് കോർപറേഷന്റെ കരട് വോട്ടർപട്ടികയിലെ ‘ചില്ലറ’ പ്രശ്നങ്ങൾ മാത്രമാണിത്. വ്യാപക ക്രമക്കേടുകളാണ് കോർപറേഷന്റെ കരട് വോട്ടർപട്ടികയിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് കെ.സി. ശോഭിതയും പ്രതിപക്ഷ ഉപനേതാവ് കെ. മൊയ്തീന്‍കോയയും വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
62/0 വീട്ടുനമ്പറിൽ കെ.പി. ഷാനവാസ്, എൻ.പി. അബ്ദുൽ ജാസിർ, സി.വി. മുഹമ്മദ് ശരീഫ് എന്നിങ്ങനെ ഒമ്പതുപേർക്കാണ് വോട്ടുള്ളത്. 62/1629 വീട്ടുനമ്പറില്‍ 70 ഓളം വോട്ടര്‍മാരുണ്ട്. എന്നാൽ, ഈ നമ്പറിൽ ഇപ്പോൾ വീട് നിലനിൽക്കുന്നില്ലെന്നും ബന്ധപ്പെട്ട ഫയലുകളിൽനിന്ന് നീക്കം ചെയ്യപ്പെട്ട നമ്പറാണിതെന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. സുഹറാബിയും അനസൂയയും മാർജി ഡിക്രൂസുമൊക്കെയാണ് ചെക്രയിൽ വളപ്പിൽ എന്ന ഈ വീട്ടിൽ വോട്ടർമാരായുള്ളത്. 20,000ത്തോളം ഇരട്ട വോട്ടുകള്‍ പട്ടികയിലുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
ബേപ്പൂര്‍ ഡിവിഷനിലെ ഏഴ് വാര്‍ഡുകളിലെ വോട്ടര്‍ പട്ടികയാണ് സാമ്പിളായി പരിശോധിച്ചത്. ഏഴ് വാര്‍ഡുകളില്‍ മാത്രം 1600 ഇരട്ട വോട്ടുകള്‍ കണ്ടെത്താനായി. ഭരണകക്ഷിക്ക് അനുകൂലമാകുന്ന രീതിയിലായിരുന്നു കോർപറേഷനിൽ വാർഡ് വിഭജനം നടത്തിയിരുന്നത്. പിന്നാലെയാണ് വോട്ടർപട്ടികയിലും വൻ ക്രമക്കോട് കണ്ടെത്തിയത്. വോട്ട് വിതരണത്തിലും വൻ അന്തരമുണ്ട്. മുഖദാർ വാർഡിൽ 10,699 വോട്ടർമാരാണ് കരട് പട്ടികയിലുള്ളത്.
പുതിയ വോട്ടുകൾ കൂടി ചേർക്കുന്നതോടെ ഇത് 12000 കടക്കും. കുറ്റിച്ചിറയിൽ ഇത് 9823 ആണ്. പുതിയ വോട്ടർമാർ ചേർക്കുന്നതോടെ 11,000 കടക്കും. കുറ്റിയിൽതാഴത്ത് 3981, തിരുവണ്ണൂരിൽ 3829, പുതുതായി രൂപവത്കരിക്കപ്പെട്ട മാവൂർ വാർഡിൽ 3242 എന്നിങ്ങനെയാണ് വോട്ട് കണക്ക്. പുനർനിർണയത്തിൽ 30 ശതമാനം ഭൂവിസ്തൃതി വർധിച്ച ജനവാസ മേഖലയായ മൂന്നാലിങ്കൽ വാർഡിൽ വോട്ടർമാരുടെ എണ്ണം കുറയുകയാണ് ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.