2.32 ലക്ഷം വോട്ടർമാർ നാളെ വിധിയെഴുതും
text_fieldsനിലമ്പൂർ: ഇരുമുന്നണികളെയും നെഞ്ചേറ്റിയ ചരിത്രമുള്ള നിലമ്പൂർ ആരെ വരിക്കുമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. കുഞ്ഞാലിക്ക് ശേഷം ആര്യാടൻ മുഹമ്മദ് ഏഴ് തവണ വിജയിച്ച മണ്ഡലത്തിൽ 2016 ലാണ് പി.വി. അൻവറിലൂടെ ഇടതുപക്ഷം വീണ്ടും ചെങ്കൊടി ഉയർത്തിയത്. 2021ലും പി.വി. അൻവർ ഇടതുപക്ഷത്തിന്റെ വിജയക്കൊടി നാട്ടി.
പി.വി. അൻവറടക്കം പത്ത് സ്ഥാനാർഥികളാണ് രംഗത്തുള്ളത്. 2,32,381 വോട്ടർമാരാണുള്ളളത്. 1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിത വോട്ടര്‍മാരും എട്ട് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നതാണ് പുതുക്കിയ വോട്ടര്‍പട്ടിക. ഇതില്‍ 7787 പേര് പുതിയ വോട്ടര്‍മാരാണ്. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ നിലമ്പൂരിലെ പോളിങ് 66 ശതമാനമായിരുന്നു. പരമാവധി വോട്ടർമാരെ ബൂത്തുകളിലെത്തിക്കാൻ മുന്നണികൾ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. 263 പോളിങ് സ്റ്റേഷനുകളാണ് മണ്ഡലത്തിലുള്ളത്.
ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസി സങ്കേതങ്ങളുള്ള മണ്ഡലമാണ് നിലമ്പൂർ. 55 വനാവകാശ നഗറുകളുണ്ട്. ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന വനത്തിനുള്ളില്‍ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പുഞ്ചക്കൊല്ലി മോഡല്‍ പ്രീ സ്കൂളിലെ 42ാം നമ്പര്‍ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷന് 120ാം നമ്പര്‍ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റര്‍ 225ാം നമ്പര്‍ ബൂത്ത് എന്നിവയാണിവ.
വോട്ട് ചെയ്യാൻ നഗറുകളിൽ തന്നെ സൗകര്യമേർപ്പെടുത്തിയതിനാൽ ആദിവാസി മേഖലകളിൽ പോളിങ് ശതമാനം കുറയാൻ സാധ്യതയില്ല. ഏഴ് മേഖലകളിലായി 11 പ്രശ്നസാധ്യത ബൂത്തുകളുമുണ്ട്. വനത്തിലുള്ള മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷയൊരുക്കും.
മാവോവാദികളുടെ വോട്ട് ബഹിഷ്കരണ ഭീഷണി ഇത്തവണയില്ല. കാലാവസ്ഥ മാത്രമാണ് പ്രതികൂലമായുള്ളത്. ശബ്ദപ്രചാരണം അവസാനിച്ചതോടെ ഇന്നലെ രാത്രിയോടെ തന്നെ ജില്ലക്ക് പുറമെയുള്ളവർ നിലമ്പൂർ വിട്ടു. സ്ഥാനാർഥികളുടെ പര്യടനം ഇന്നും തുടരാം. 23ന് ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് വോട്ടെണ്ണൽ കേന്ദ്രം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.