കേരള പ്രീമിയർ ലീഗ്; മുത്തൂറ്റിനെ കന്നിക്കിരീടത്തിലേക്ക് നയിച്ച് അജയ് കൃഷ്ണൻ
text_fieldsകേരള പ്രീമിയർ ലീഗിൽ ജേതാക്കളായ മുത്തൂറ്റ് അക്കാദമിയുടെ ക്യാപ്റ്റൻ അജയ് കിരീടവുമായി
മഞ്ചേരി: കേരള പ്രീമിയർ ലീഗിൽ (കെ.പി.എൽ) മുത്തൂറ്റ് ഫുട്ബാൾ അക്കാദമിയെ കന്നിക്കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനായി അജയ് കൃഷ്ണൻ. സീസണിലുടനീളം സ്ഥിരതയാർന്ന പ്രകടനവുമായി നായകൻ മുന്നിൽ നയിച്ചതോടെ അക്കാദമിയുടെ ഷോകേഴ്സിലേക്ക് തിളക്കമുള്ള കപ്പും എത്തി. ക്യാപ്റ്റനൊപ്പം യുവനിര ടീമും മികച്ച പ്രകടനം ആവർത്തിച്ചു. 22 വയസ്സായിരുന്നു ടീമിന്റെ ശരാശരി പ്രായം.
ടീമിനെ കിരീടത്തിലേക്ക് നയിക്കാനായതിനൊപ്പം ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത് അജയിക്ക് ഇരട്ടിമധുരമായി. ടീമിന്റെ പ്രതിരോധ താരം എം. മനോജ് മികച്ച ഡിഫൻഡറായും തിരഞ്ഞെടുക്കപ്പെട്ടു. ലീഗിൽ ഏറ്റവും കൂടുതൽ തവണ എതിരാളികളുടെ വല ചലിപ്പിച്ചതും മുത്തൂറ്റ് ആയിരുന്നു.15 കളികളിൽ ടീം 35 ഗോളടിച്ചു കൂട്ടി. വഴങ്ങിയതാകട്ടെ 11 ഗോൾ മാത്രം. സെമിയിൽ ക്യാപ്റ്റൻ അജയിയുടെ ഒറ്റ ഗോളിലാണ് കെ.എസ്.ഇ.ബിയെ തകർത്ത് കലാശപ്പോരാട്ടത്തിന് ടീം യോഗ്യത നേടിയത്.
ഫൈനലിൽ കേരള പൊലീസ് കരുത്തിനെ 2-1 എന്ന സ്കോറിന് മറികടന്നാണ് കിരീടനേട്ടം. കോച്ച് അനീസ് അരീക്കോടിന്റെ നേതൃത്വത്തിലായിരുന്നു ടീമിന്റെ പരിശീലനം. കളിക്കാരെ ചേർത്തുപിടിക്കാനും മത്സരങ്ങളിലെ പിഴവ് കണ്ടെത്തി തിരുത്താനും കോച്ച് മുന്നിലുണ്ടായിരുന്നതായി അജയ് പറഞ്ഞു. സൂപ്പർ ലീഗ് കേരളയിൽ (എസ്.എൽ.കെ) മലപ്പുറം എഫ്.സി വിളിച്ചാൽ ടീമിനായി വീണ്ടും കളിക്കുമെന്നും അജയ് കൂട്ടിച്ചേർത്തു.
ചെറുപ്പം മുതലേ ഫുട്ബാളായിരുന്നു അജയിയുടെ കൂട്ട്. അച്ഛൻ കൃഷ്ണൻകുട്ടി, അമ്മ സുനിത, സഹോദരി അനുകൃഷ്ണ എന്നിവർ പിന്തുണയുമായി ഒപ്പമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.