നാടന്‍ വിത്തുകളില്‍ ജൈവ വസന്തം തീർത്ത് അഷ്റഫിന്റെ കൃഷി
text_fieldsകൃഷിയിടത്തില്‍ പടവലം വിളവെടുക്കുന്ന കര്ഷകന് കാരി അഷ്റഫ്
കൊണ്ടോട്ടി: നാടന്‍ വിത്തുകളുടെ പ്രൗഢിയും നന്മയും വേരറ്റുപോകാതെ കാക്കുന്ന നെടിയിരുപ്പിലെ കര്ഷകന് കാരി അഷ്റഫിന്റെ പന്തല്‍ കൃഷിയിടങ്ങള്‍ കൊണ്ടോട്ടി മേഖലയുടെ ജൈവ വസന്തമാകുന്നു. ജൈവ സമ്പുഷ്ടമായ പച്ചക്കറികള്‍ നാട്ടില്‍ തന്നെ സമൃദ്ധമാക്കാനാകുമെന്നതിന്റെ ഉദാഹരണം കൂടിയാണ് പാട്ടത്തിനെടുത്ത പറമ്പുകളിലും വയലുകളിലും അഷ്റഫൊരുക്കുന്ന തോട്ടങ്ങള്‍. നാടന്‍ വിത്തുകള്‍ മാത്രമുപയോഗിച്ച് പരമ്പരാഗത ശൈലിയില്‍ തോട്ടങ്ങളില്‍ പന്തലുകള്‍ നാട്ടി ജൈവ രീതിയില്‍ തുടരുന്ന കൃഷി കര്ഷകന് ഉപജീവന മാര്‍ഗമെന്നതിലുപരി ജീവിതം തന്നെയാണ്.
നെടിയിരുപ്പിലെ പ്രമുഖ കര്‍ഷകനായിരുന്ന കാരി ചോലക്കുത്ത് മുഹമ്മദ് ഹാജി കൈമാറി നല്കിയ നാടന്‍ വിത്തുകള്‍ മാത്രമുപയോഗിച്ചാണ് യുവ കര്‍ഷകന്റെ കൃഷി. കൈപ്പ, ചിരങ്ങ, പടവലം എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കൊട്ടുക്കരയിലും മുണ്ടപ്പലത്തുമുള്ള മൂന്നേക്കര്‍ തോട്ടത്തില്‍നിന്ന് മികച്ച വിളവാണ് ലഭിക്കുന്നതെന്ന് അഷ്റഫ് പറയുന്നു. ഇടവിളയായി ചേന, കാച്ചില്, വെണ്ട, വാഴ കൃഷിയുമുണ്ട്. ചെറിയൊരു ആട് ഫാമുമുണ്ട്.
ജൈവ വളങ്ങളും കീടനാശിനികളുമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. 10 വയസ്സ് മുതല്‍തന്നെ വയലിലിറങ്ങി പിതാവിനെ സഹായിച്ചിരുന്ന അഷ്റഫ് മുതിര്ന്നപ്പോളും കൃഷിയോടുള്ള അഭിനിവേശം കൈവിട്ടില്ല. ഇടക്ക് വീട് നിർമാണവും മറ്റും സാമ്പത്തിക പ്രതിസന്ധി തീർത്തപ്പോള്‍ കുറച്ചുകാലം ഗള്‍ഫില്‍ പ്രവാസ ജീവിതം നയിച്ചു.
എന്നാല്‍, മണ്ണിനോടുള്ള ഇഷ്ടം പെരുത്തപ്പോള്‍ ജോലി ഉപേക്ഷിച്ച് തിരിച്ചെത്തി വീണ്ടും മുഴുവന്‍ സമയ കര്‍ഷകനായി. അഷ്റഫ് നേരിടുന്ന പ്രധാന വെല്ലുവിളി പന്നിശല്യമാണ്. ഇക്കാരണത്താല്‍ പാട്ട ഭൂമിയായ രണ്ടേക്കറിലെ കൃഷിതന്നെ ഉപേക്ഷിക്കേണ്ടിവന്നു.
കര്‍ഷകര്‍ക്ക് അല്പം പിന്തുണയും കൃഷിക്ക് അനുകൂല സാഹചര്യവുമുണ്ടാക്കിയാല് നാട്ടില്‍ ലഭ്യമായ കൃഷിയിടങ്ങള്‍ ഉപയോഗിച്ചുതന്നെ പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനാകുമെന്നാണ് അഷ്റഫിന്റെ ജീവിതപാഠം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

