വിദേശ ജോലിക്കായി കാലിക്കറ്റ് സർവകലാശാലയുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ്; ബേപ്പൂർ സ്വദേശി റിമാൻഡിൽ
text_fieldsമുഹമ്മദ് ഫാരിസ്
തേഞ്ഞിപ്പലം: വിദേശത്ത് ജോലിക്കായി കാലിക്കറ്റ് സർവകലാശാലയുടെ പേരിലുള്ള വ്യാജ ബി.ടെക് സർട്ടിഫിക്കറ്റ് ഹാജരാക്കിയ യുവാവ് പിടിയിലായെങ്കിലും വ്യാജരേഖകൾ കണ്ടെടുക്കാനായില്ല. സർവകലാശാലയുടെ വ്യാജ ബി.ടെക് സർട്ടിഫിക്കറ്റ് ഒമാനിലെ സ്ഥാപനത്തിൽ ജോലിക്ക് ഹാജരാക്കിയ കോഴിക്കോട് ബേപ്പൂർ പുളിക്കൽപള്ളി വീട്ടിൽ കീരിയേടത്ത് പറമ്പിൽ മുഹമ്മദ് ഫാരിസിനെയാണ് (29) തേഞ്ഞിപ്പലം പൊലീസ് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് കഴിഞ്ഞദിവസം പിടികൂടി ക്രൈംബ്രാഞ്ചിന് കൈമാറി അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാൾ റിമാൻഡിലാണ്. ഒമാനിലെ സ്ഥാപന അധികൃതർ ഫാരിസ് സമർപ്പിച്ച ബി.ടെക് സർട്ടിഫിക്കറ്റ് ആധികാരികത പരിശോധനക്ക് പരീക്ഷാ ഭവനിലേക്ക് അയച്ചതോടെയാണ് വ്യാജമാണെന്ന് സ്ഥിരീകരിച്ചത്.
തുടർന്ന് സർവകലാശാല രജിസ്ട്രാർ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. ബേപ്പൂരിലെ വീട്ടിൽ റെയ്ഡ് നടന്നശേഷം കേസുമായി ബന്ധപ്പെട്ട വ്യാജ രേഖകൾ നശിപ്പിക്കപ്പെട്ടെന്നാണ് പൊലീസ് നിഗമനം. സർവകലാശാലയുടെ പരാതി പ്രകാരം കഴിഞ്ഞ വർഷം നവംബർ 26ന് ക്രൈംബ്രാഞ്ച് കേസെടുത്ത്പ്രതിക്കായി തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വിദേശത്തുനിന്ന് തിരിച്ചെത്തിയ ഫാരിസിനെ വിമാനത്താവള ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച് പൊലീസിൽ വിവരം നൽകുകയായിരുന്നു. ഒമാനിൽനിന്ന് ഒരു മലയാളിക്ക് 130 റിയാൽ നൽകി വ്യാജ സർട്ടിഫിക്കറ്റ് വാങ്ങിയെന്നാണ് പ്രതിയുടെ മൊഴി. 2017 എന്നാണ് വ്യാജ സർട്ടിഫിക്കറ്റിലുള്ളത്. 2017 കാലത്ത് കാലിക്കറ്റ് വി.സി ഡോ. കെ. മുഹമ്മദ് ബഷീർ ആയിരുന്നെങ്കിലും അതിനും മുമ്പ് വി.സിയായിരുന്ന അൻവർ ജഹാൻ സുബേരിയുടെ ഒപ്പാണ് വ്യാജമായി രേഖപ്പെടുത്തിയിട്ടുള്ളത്. മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.വി. മണികണ്ഠന്റെ നേതൃത്വത്തിലാണ് അന്വേഷണം.
കേസുകൾ അനവധി; തെളിയിക്കാനായത് ചുരുക്കം മാത്രം പിന്നിൽ റാക്കറ്റെന്ന് അന്വേഷണസംഘം
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടേതടക്കമുള്ള വ്യാജ സർട്ടിഫിക്കറ്റുകൾ ജോലിക്കും മറ്റും ഉപയോഗിച്ച സംഭവങ്ങൾ അനവധി. 2018 ജനുവരി ഒന്നിനും 2025 ഫെബ്രുവരി 18നുമിടയിൽ കാലിക്കറ്റ് സർവകലാശാല പരീക്ഷാഭവനിൽ നടത്തിയ ആധികാരികത പരിശോധനയിൽ 89 എണ്ണം വ്യാജ സർട്ടിഫിക്കറ്റുകളാണെന്ന് സ്ഥിരീകരിച്ചിരുന്നു. 25 വർഷത്തിനിടെ 200ഓളം വ്യാജ സർട്ടിഫിക്കറ്റുകൾ പരീക്ഷാഭവനിലെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഏതാനും കേസുകൾ മാത്രമാണ് പൊലീസിന് തെളിയിക്കാനായത്. വ്യാജ സർട്ടിഫിക്കറ്റ് നിർമാണത്തിനു പിന്നിൽ വലിയ റാക്കറ്റുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.