മലപ്പുറം ജില്ലയിൽ ജനന നിരക്ക് താഴേക്ക്
text_fieldsമലപ്പുറം: കഴിഞ്ഞ 11 വർഷത്തിനിടെ ജില്ലയിൽ ജനനനിരക്ക് താഴേക്ക്. ആരോഗ്യ വകുപ്പ് സർക്കാർ-സ്വകാര്യ ആശുപത്രികളിൽനിന്ന് ശേഖരിച്ച കണക്കുകളിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കോവിഡിന് മുമ്പ് ഓരോ വർഷവും ജനന നിരക്ക് ഉയർന്ന് വന്നിരുന്നെങ്കിലും കോവിഡിന് ശേഷം നിരക്ക് താഴേക്ക് പോകുകയായിരുന്നു. 2020-21 സാമ്പത്തിക വർഷം മുതലാണ് പ്രധാനമായും ജനന നിരക്ക് താഴേക്ക് വന്ന് തുടങ്ങിയത്. 2024-25 വർഷത്തിൽ നിരക്ക് 11 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ ജനന നിരക്കാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്.
2025-26 വർഷത്തിലെ ജൂൺ വരെയുള്ള കണക്കുകളിലും കാര്യമായ മുന്നേറ്റമുണ്ടായിട്ടില്ല. ജോലികൾക്കും പഠനത്തിനും അവസരം തേടി ആളുകളുടെ വിദേശങ്ങളിലേക്കുള്ള കുടിയേറ്റം, ജീവിത സാഹചര്യങ്ങളുടെ മാറ്റങ്ങളടക്കം ജനന നിരക്ക് കുറയാൻ കാരണമായിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.
2015-16 സാമ്പത്തിക വർഷത്തിൽ 86,867 കുട്ടികളാണ് ജില്ലയിൽ ജനിച്ചതായി ആരോഗ്യ വകുപ്പ് രേഖകളിലുള്ളത്. 2016-17 എത്തിയതോടെ 88,034ലെത്തി. 2017-18ൽ 91,363ലേക്ക് കടന്നു. 2018-19ൽ 92,769 ലേക്കും ഉയർന്നു. 2019-20ൽ അൽപം ഒന്ന് കുറഞ്ഞ് 90,044 ലെത്തി. ഇതിനിടെയാണ് കോവിഡ് വ്യാപകമായത്. 2020-21ൽ വീണ്ടും കുറഞ്ഞ് 83,246 ലേക്ക് വന്നു. എന്നാൽ തുടർന്നുള്ള രണ്ട് വർഷങ്ങളിൽ ജനന നിരക്ക് അൽപം ഉയർന്നു.
2021-22ൽ 87,843വും 2022-23ൽ 89,801 മെത്തി. പീന്നിടുള്ള രണ്ട് ഈ വർഷങ്ങളിൽ നിരക്ക് കുത്തനെ ഇടിയുകയായിരുന്നു. 2023-24ൽ 78,486ലേക്ക് താഴ്ന്നു. 2024-25ൽ പിന്നെയും താഴ്ന്ന് 69,407 ലേക്ക് വന്നു.
2025-26 വർഷത്തിൽ ജൂൺ വരെ 15,785 ജനനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ആൺകുട്ടികളാണ് ജനന നിരക്കിൽ കൂടുതലുള്ളത്. ജനനത്തിൽ ഓരോ വർഷവും പെൺകുട്ടികൾ ആനുപാതികമായി കുറവാണ്.
2015-16ൽ 44,279 ആൺകുട്ടികൾ ജനിച്ചപ്പോൾ 42,788 പെൺകുട്ടികളാണ് ജനിച്ചത്. 2016-17ൽ 45,031 ആൺകുട്ടികളും 43,003 പെൺകുട്ടികളും 2017-18ൽ 46,387 ആൺകുട്ടികളും 44,976 പെൺകുട്ടികൾ, 2018-19ൽ 47,310 ആൺകുട്ടികളും 45,459 പെൺകുട്ടികളും, 2019-20ൽ 46,112 ആൺകുട്ടികളും 43,932 പെൺകുട്ടികളും 2020-21ൽ 42,209 ആൺകുട്ടികളും 41,037 പെൺകുട്ടികളും 2021-22ൽ 44,470 ആൺകുട്ടികളും 43,373 പെൺകുട്ടികളും, 2022-23ൽ 45,784 ആൺകുട്ടികളും 44,017 പെൺകുട്ടികളും 2023-24ൽ 40,036 ആൺകുട്ടികളും 38,450 പെൺകുട്ടികളും 2024-25ൽ 35,224 ആൺകുട്ടികളും 34,183 പെൺകുട്ടികളും ജനിച്ചു. എന്നാൽ 2015-16ൽ 1,691, 2016-17ൽ 2,028, 2017-18ൽ 1,411, 2018-19ൽ 1,851, 2019-20ൽ 2,180, 2020-21ൽ 1,172, 2021-22ൽ 1,097, 2022-23ൽ 1,767, 2023-24ൽ 1,586, 2024-25ൽ 1,041 പെൺകുട്ടികളുടെ കുറവുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.