ഉരുക്കുകോട്ട തിരിച്ചുപിടിക്കാൻ യു.ഡി.എഫ്; നിലനിർത്താൻ എൽ.ഡി.എഫ്
text_fieldsചങ്ങരംകുളം: ജില്ലയുടെ പ്രവേശന കവാടമായ ആലങ്കോട് ഗ്രാമപഞ്ചായത്ത് യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായാണ് വിശേഷിപ്പിച്ചിരുന്നത്. മൂന്നര പതിറ്റാണ്ട് യു.ഡി.എഫ് ഭരണം തുടർന്ന ഈ പഞ്ചായത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഭരണം പിടിച്ചെടുക്കുകയായിരുന്നു. നഷ്ടപ്പെട്ട ഉരുക്കുകോട്ട പിടിച്ചെടുക്കാൻ ഇത്തവണ യു.ഡി.എഫ് കിണഞ്ഞ് ശ്രമിക്കുമ്പോൾ ഭരണത്തുടർച്ചക്കായി പോരാടുകയാണ് ഇടതുപക്ഷം. ഒരു പതിറ്റാണ്ട് മുമ്പ് സി.പി.എം-ഡി.ഐ.സി കൂട്ടുകെട്ട് ഇവിടെ ഭരണം പങ്കിട്ടിരുന്നു.
കഴിഞ്ഞ തവണ 19 സീറ്റ് ഉണ്ടായിരുന്ന പഞ്ചായത്തിൽ 11 സീറ്റ് സി.പി.എമ്മിനും എട്ട് സീറ്റ് യു.ഡി.എഫിനുമാണ് ലഭിച്ചത്. വാർഡ് വിഭജനത്തിലൂടെ 21 സീറ്റ് ആയതോടെ ഇരു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. ബി.ജെ.പി, എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടികളും പല വാർഡുകളിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ടെങ്കിലും ആരും ഇതുവരെ ഒരു സീറ്റും നേടിയിട്ടില്ല.
ബി.ജെ.പി 17 സീറ്റിലും എസ്.ഡി.പി.ഐ നാല് സീറ്റിലും വെൽഫെയർ പാർട്ടി രണ്ട് സീറ്റിലും പി.ഡി.പി ഒരു സീറ്റിലും മത്സരിക്കുന്നുണ്ട്. അഞ്ചാം വാർഡിൽ യു.ഡി.എഫ്-എൽ.ഡി.എഫ്- ബി.ജെ.പി ത്രികോണ മത്സരമാണ് നടക്കുന്നത്. രണ്ടാം വാർഡിലും യു.ഡി.എഫ്-എൽ.ഡി.എഫ്-എസ്.ഡി.പി.ഐ ത്രികോണ മത്സരമാണ്.
ഇതോടെ പല വാർഡുകളിലെയും സ്ഥിതിഗതികൾ മാറിമറിയും. മുമ്പ് ചെറിയ ഭൂരിപക്ഷത്തിൽ ജയിച്ച പലസീറ്റുകളിലെയും സ്ഥിതി പ്രവചിക്കാൻ കഴിയാത്തതാണ്. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി.പി.എം വിജയിച്ച പാവിട്ടപ്പുറം ഉൾപ്പെടെയുള്ളവ ഇത്തരം വാർഡുകളിൽ പെടുന്നു.
കോൺഗ്രസ് പത്ത് സീറ്റിലും ലീഗ് 11 സീറ്റിലും മത്സരിക്കുന്നു. സി.പി.എം 20 സീറ്റിൽ മത്സരിക്കുമ്പോൾ ഒരു സീറ്റിൽ സി.പി.ഐയും മത്സരിക്കുന്നു. ഭരണ നേട്ടങ്ങൾ ഉയർത്തിക്കാട്ടി വോട്ട് പിടിക്കാൻ എൽ.ഡി.എഫ് ശ്രമിക്കുമ്പോൾ ഭരണ പരാജയങ്ങൾ വോട്ടാക്കി മാറ്റാനുള്ള പോരാട്ടത്തിലാണ് യു.ഡി.എഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

