ആനക്കയം-തിരൂർക്കാട് റോഡ്, നടുവൊടിക്കും ഓഫ് റോഡ്
text_fieldsമലപ്പുറം: റോഡിൽ കുഴിയുണ്ടാകുന്നതും മഴക്കാലത്ത് അത് വലുതാകുന്നതുമെല്ലാം കേരളത്തിൽ പതിവ് കാഴ്ചയാണ്. എന്നാൽ, ഒരു പാതക്കൊന്നാകെ വർഷാവർഷവും ഈ ഗതി വന്നാലോ? വെറും കുഴികളല്ല, അക്ഷരാർഥത്തിൽ യാത്രക്കാരനെ വീഴ്ത്താൻ പാകത്തിലുള്ള തുടരെത്തുടരെയുള്ള വാരിക്കുഴികൾ... ആനക്കയം-തിരൂർക്കാട് റോഡിനാണ് ഈ ദുർഗതി. നിരവധി അപകടങ്ങളാണ് ദിനേന ഈ റോഡിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
പതിറ്റാണ്ടിനും മുമ്പാണ് ഈ പാതയിൽ ബി.എം.ബി.സി നടന്നത്. ഇത്രയും അവഗണിക്കപ്പെട്ട മറ്റൊരു റോഡ് ജില്ലയിലുണ്ടാവില്ല. വയനാട്ടിൽനിന്ന് തെക്കൻജില്ലകളിലേക്കും തിരിച്ചുമുള്ള ദീർഘദൂര കെ.എസ്.ആർ.ടി ബസുകൾ, മഞ്ചേരി മെഡിക്കൽ കോളജിലേക്കും പെരിന്തൽമണ്ണയിലെ ആശുപത്രികളിലേക്കുമുള്ള വാഹനങ്ങൾ എന്നിവ അടക്കം വലിയ തിരക്കുള്ള പൊതുമരാമത്ത് റോഡാണിത്.
ശരിക്കുമൊരു ഓഫ് റോഡ്!
മങ്കട, മലപ്പുറം മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന ഈ പാതയിൽ ആനക്കയം പാലം മുതൽ തുടങ്ങുന്ന കുഴികൾ അവസാനിക്കുന്നത് തിരൂർക്കാടാണ്. ഇതിനിടയിലുള്ള 15 കിലോമീറ്റർ ദൂരം അതിദുർഘടമാണ്. മങ്കട സ്വദേശി സഹീർ അബ്ദു ഈ കുഴികളെണ്ണിയതും സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്തതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മങ്കട മുതൽ തിരൂർക്കാട് വരെ മാത്രം ഇദ്ദേഹത്തിന് എണ്ണാനായത് 142 കുഴികളാണ്! മങ്കട മുതൽ ആനക്കയം വരെ എണ്ണാൻ ശ്രമിച്ചാൽ ഇത് 400 വരെ കടക്കും. ആനക്കയം പാലത്തിലും പാലത്തിനടുത്തും വലിയ കുഴികളാണ്. അത് കഴിഞ്ഞാൽ ചെക്പോസ്റ്റ് ഭാഗത്ത്, പിന്നീട് പൂങ്കളപ്പടി. അതും കഴിഞ്ഞ് വള്ളിക്കാപ്പറ്റയിൽ എത്തിയാൽ ഏതാണ്ട് 50 മീറ്റർ നീളത്തിൽ കുഴികളോട് കുഴിയാണ്.
സമീപത്തെ ഓവുചാൽ നിറഞ്ഞ് വെള്ളം കൂടി ഒഴുകുന്നതോടെ നന്നായി മഴപെയ്താൽ കുഴിയുടെ ആഴം അറിയാത്തവിധമുള്ള വെള്ളക്കെട്ടാണ് ഇവിടം. ജങ്ഷൻ കൂടിയായതിനാൽ പതിവായി വാഹനക്കുരുക്കും ഇതുമൂലമുണ്ടാകുന്നു. ഇതിന് മുന്നേയുള്ള ഭാഗം നല്ലതായതിനാൽ ഈ പാത പരിചയമില്ലാത്തവർ അതിവേഗത്തിൽവന്ന് കുഴിയിൽ വീഴുന്നത് സ്ഥിരം കാഴ്ചയാണെന്ന് സമീപത്തെ പലചരക്ക് കടക്കാരൻ അലവി പറയുന്നു. വെള്ളില നെരവ് ഉള്ളാട്ടിൽ പടിയിൽ ടാറുള്ള ഭാഗമേയില്ല. വലിയ ആഴത്തിലുള്ള കുഴികളാണ് ഇവിടെയുള്ളത്.
അൽപം മുന്നോട്ട്പോയി നെരവ് അങ്ങാടി കഴിഞ്ഞുള്ള ഇറക്കത്തിൽ അപകടകരമായ കുഴികളാണ്. ഇവിടെ മഴക്കാലത്ത് മുകൾ ഭാഗത്തെ ചോലയിലനിന്നുള്ള വെള്ളം റോഡിലൂടെ പരന്നൊഴുകുന്നത് കാരണം ഏത് കാലത്തും വലിയ ഗർത്തങ്ങളാണെന്ന് സമീപവാസിയായ കൊണ്ടപ്പുറത്ത് ഉമ്മർ പറയുന്നു. ആയിരനാഴിപ്പടിയിലും കുറേദൂരം ടാറിങ്ങില്ല. കുഴികളും വെള്ളക്കെട്ടും നിറഞ്ഞ ഈ ഭാഗം പിന്നിട്ടാൽ കടന്നമണ്ണയിൽ വിവിധ ഭാഗങ്ങളിൽ റോഡ് പാടെ തകർന്നിട്ടുണ്ട്.
ക്വാറി മാലിന്യമിട്ട് ഇനിയുമെത്ര കാലം?
നാട്ടുകാരുടെ രോഷം അണപൊട്ടുമ്പോൾ ക്വാറി മാലിന്യം ഇട്ട് താൽക്കാലിക ഓട്ട അടക്കലാണ് പൊതുമരാമത്ത് വകുപ്പ് ചെയ്യുന്നത്. ഇപ്പോൾ ഈ പാതയിൽ മിക്കഭാഗത്തും ഇങ്ങനെ ഓട്ടയടച്ചിട്ടുണ്ട്. എന്നാൽ, നല്ലൊരു മഴ പെയ്താൽ വീണ്ടും പഴയപടിയാകുമെന്നതാണ് പ്രദേശവാസികളുടെ അനുഭവം. മഴ മാറിയാൽ പൊടിശല്യവും അതിരൂക്ഷമാകും. കടക്കാരും കാൽനടക്കാരും യാത്രികരുമെല്ലാം അതിന്റെ ദുരിതം കൂടി അനുഭവിക്കുന്നു.
ഭാരവാഹനങ്ങൾ വേഗത്തിൽ കടന്നുപോകുമ്പോൾ ഇങ്ങനെയിടുന്ന കല്ലുകൾ തെറിച്ച് കാൽനടക്കാർക്കും ഇരുചക്ര വാഹനയാത്രികർക്കും അപകടങ്ങൾ പറ്റാറുണ്ടെന്ന് നെരവിലെ ഓട്ടോക്കാർ പറയുന്നു. സ്കൂളിലെ കുട്ടികൾക്ക് നേരെ കല്ലുകൾ തെറിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. രാവിലെ ഓട്ടോ സ്റ്റാൻഡിലെത്തിയാൽ ആദ്യം ചെയ്യുന്ന പണി റോഡിൽ തെറിച്ചുകിടക്കുന്ന കല്ലുകൾ മാറ്റലാണെന്നും അവർ പറയുന്നു.
ഫണ്ട് അനുവദിക്കലാണ് പരിഹാരം
താൻ സമർപ്പിച്ച ബജറ്റ് നിർദേശങ്ങളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രഥമനിർദേശം ഈ റോഡാണെന്ന് മഞ്ഞളാംകുഴി അലി എം.എൽ.എ പറയുന്നുണ്ട്. 18 കോടിയുടെ എസ്റ്റിമേറ്റാണ് എം.എൽ.എ നൽകിയത്. മഴ മാറിയാൽ ഉടൻ സമ്പൂർണ നവീകരണം നടത്താൻ മങ്കട, മലപ്പുറം മണ്ഡലം എം.എൽ.എമാർ സർക്കാറിൽ നിരന്തര സമ്മർദം ചെലുത്തണം. ഈ പരിധിയിലെ തദ്ദേശ സ്ഥാപനങ്ങൾക്കും ഭരണകക്ഷിക്കും ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയാൻ ആവില്ല. വള്ളിക്കാപ്പറ്റ, നെരവ്, ആയിരനാഴിപ്പടി പോലെ സ്ഥിരമായി കുഴികളുണ്ടാകുന്ന ഭാഗങ്ങളുണ്ട്. ഇവിടങ്ങളിൽ ഇന്റർലോക്ക് പോലുള്ള ബദൽ മാർഗങ്ങളും വേണ്ടതുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.