കോൺഗ്രസിലെ വിഭാഗീയത: അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു
text_fieldsഅബ്ദുറഹ്മാൻ നഗർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സുനിൽ യു.ഡി.എഫ് നേതാക്കളുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറുന്നു
വേങ്ങര: യു.ഡി.എഫ് ഭരിക്കുന്ന അബ്ദുറഹ്മാൻ നഗർ ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസ് വിഭാഗീയതക്കൊടുവിൽ വൈസ് പ്രസിഡന്റ് ശ്രീജ സുനിൽ രാജിവെച്ചു. ഇവർക്കെതിരെ യു.ഡി.എഫ് നേതൃത്വത്തിൽ ഭരണസമിതിയിലെ 14 പേർ ഒപ്പിട്ടുനൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് വെള്ളിയാഴ്ച ചർച്ചക്കെടുക്കാനിരിക്കെയാണ് വ്യാഴാഴ്ച വൈകുന്നേരം 4.45ന് ശ്രീജ സുനിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ പാർട്ടി പ്രവർത്തകർക്കൊപ്പം രാജിക്കത്ത് സമർപ്പിച്ചത്.
അതേസമയം അവിശ്വാസ പ്രമേയത്തിന് യു.ഡി.എഫ് അംഗങ്ങൾക്ക് വിപ്പു നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് കോൺഗ്രസ്, ലീഗ് ജില്ല കമ്മിറ്റികൾ അംഗങ്ങൾക്ക് വെവ്വേറെ വിപ്പ് നൽകിയത്. നേരത്തേ കോൺഗ്രസിനകത്തുതന്നെ ഉണ്ടാക്കിയ ധാരണ പ്രകാരം ആദ്യ മൂന്നുവർഷം 11 -ാം വാർഡ് അംഗം ശ്രീജ സുനിലിനും പീന്നീട് 16-ാം വാർഡ് അംഗം പുനത്തിൽ ഷൈലജക്കുമാണത്രേ വൈസ് പ്രസിഡന്റ് സ്ഥാനം വീതം വെച്ചിരുന്നത്.
ഇതുപ്രകാരം വർഷം നാലുകഴിഞ്ഞിട്ടും ശ്രീജ സുനിൽ വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞില്ല. കോൺഗ്രസ് മണ്ഡലം-ബ്ലോക്ക് കമ്മിറ്റികൾ സ്ഥാനം ഒഴിയാൻ രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും ഒഴിഞ്ഞുകൊടുക്കാൻ ശ്രീജ സുനിൽ തയാറായിരുന്നില്ല. പാർട്ടി നിർദേശം മാനിക്കാതിരുന്ന ഇവരോട് പദവിയിൽനിന്ന് രാജിവെക്കാൻ ജില്ല കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു. ജില്ല കമ്മിറ്റി നൽകിയ അന്ത്യശാസനത്തിന്റെ സമയ പരിധി കഴിഞ്ഞിട്ടും സ്ഥാനം കൈയാഴിയാൻ തയാറാവാത്ത സാഹചര്യത്തിലാണ് ജനുവരി 14ന് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. 21 അംഗ പഞ്ചായത്ത് ബോർഡിൽ, മുസ്ലിം ലീഗിന് പന്ത്രണ്ടും കോൺഗ്രസിന് ഏഴും അംഗങ്ങളുണ്ട്. ഇടതുപക്ഷത്ത് രണ്ടുപേർ മാത്രമാണുള്ളത്.
യു.ഡി.എഫിലെ 15 അംഗങ്ങളാണ് ജനുവരി 14ന് നൽകിയ നോട്ടീസിൽ ഒപ്പുവെച്ചിട്ടുള്ളത്. പ്രമേയം ചർച്ചെടുക്കുന്നതിന്നു മുമ്പുതന്നെ ശ്രീജയെ കൊണ്ട് രാജിവെപ്പിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമമാണ് അവസാന നിമിഷം ഫലം കണ്ടത്. തന്റെ വാർഡ് കോൺഗ്രസ് കമ്മിറ്റി എന്തുപറയുന്നോ അത് താൻ അനുസരിക്കുമെന്ന് ശ്രീജ സുനിൽ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ ചിലർക്ക് പാർട്ടിയേക്കാൾ വലുത് ഗ്രൂപ്പ് ആണെന്നും പാർട്ടി ആവശ്യപ്പെട്ടത് പ്രകാരം താൻ രാജി വെക്കുകയാണെന്നും ശ്രീജ സുനിൽ ‘മാധ്യമ’ത്തോട്. പറഞ്ഞു.
ചേരി തിരിഞ്ഞു ഗ്രൂപ്പ് കളിക്കുന്ന അബ്ദുൽ റഹ്മാൻ നഗറിൽ യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. അജയ്മോഹൻ, മണ്ഡലം യു.ഡി.എഫ് ചെയർമാൻ കാടേങ്ങൽ അസീസ് ഹാജി, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.പി. കുഞ്ഞുട്ടി, മുൻ പഞ്ചായത്തംഗം പി.പി. അഷ്ക്കർ അലി, സി.പി. മൊയ്തീൻ കുട്ടി എന്നിവരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ശ്രീജ സുനിൽ രാജിക്കത്ത് കൈമാറിയതെന്ന് ശ്രീജ ഉൾപ്പെടുന്ന ഗ്രൂപ്പ് നേതാക്കൾ അവകാശപ്പെട്ടു. നേരത്തെ കോൺഗ്രസിന്റെ ഏഴിൽ അഞ്ച് അംഗങ്ങളും ശ്രീജ തുടരണമെന്ന് ആവശ്യപ്പെട്ട് ഡി.സി. സി പ്രസിഡന്റിന് നേരിട്ട് കത്ത് സമർപ്പിച്ചിരുന്നതായും ഈ വിഭാഗം അവകാശപ്പെടുന്നു. എന്നാൽ മണ്ഡലത്തിലെ കോൺഗ്രസ് ഗ്രൂപ്പിസത്തിന്റെ പേരിൽ ചില വിരലിലെണ്ണാവുന്ന കോൺഗ്രസുകാർക്ക് വേണ്ടി ഡി.സി.സി പ്രസിഡന്റ് നിർബന്ധം പിടിച്ചതിന്റെ പേരിലാണ് ശ്രീജ രാജി വെക്കേണ്ടിവന്നതെന്നും ഇവർ ആരോപിക്കുന്നു. ശ്രീജ സുനിലിന് പകരം പതിനാറാം വാർഡ് കോൺഗ്രസ് അംഗം ശൈലജ പുനത്തിൽ വൈസ് പ്രസിഡന്റ് ആവുമെന്നാണ് സൂചന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.