രണ്ടാംപാടത്ത് പുലി ഭീതി: വനം വകുപ്പ് കാമറ സ്ഥാപിച്ചു
text_fieldsനിലമ്പൂർ: പുലിയെ കണ്ടെന്ന നാട്ടുകാരുടെ വെളിപ്പെടുത്തലിൽ വഴിക്കടവ് രണ്ടാംപാടത്ത് വനം വകുപ്പ് സ്ഥിരികരണത്തിനായി നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. നെല്ലിക്കുത്ത് വനാതിർത്തി പ്രദേശമായ ഇവിടെ മുമ്പും പലപ്പോഴായി പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. അന്ന് വനം വകുപ്പ് നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപാടുകൾ സ്ഥിരികരിച്ചിരുന്നു. ഇടവേളക്ക് ശേഷം ചൊവാഴ്ച രാത്രി ഏഴരയോടെ പുലിയെ കണ്ടതായി സ്വദേശിയായ കൊള്ളക്കുന്നൻ ജാഫർ പറഞ്ഞു. ഇയാളുടെ കാലിതൊഴുത്തിന് ചേർന്നാണ് പുലിയെ കണ്ടതായി പറയുന്നത്. വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സാന്നിധ്യം സ്ഥിരികരിക്കാനായില്ല.
കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തെ വീടുകളിൽ നിന്നും കൂടുകൾ തകർത്ത് താറാവുകളെയും കോഴികളെയും പിടികൂടിയിരുന്നു. ഇതോടെയാണ് ഡി.എഫ്.ഒയുടെ നിർദേശപ്രകാരം പുലിയുടെ സാന്നിധ്യം സംശയിക്കുന്ന വനാതിർത്തികളിലായി കാട്ടിലും സ്വകാര്യ സ്ഥലങ്ങളിലുമായി നാലിടങ്ങളിൽ കാമറകൾ കഴിഞ്ഞ ദിവസങ്ങളിലായി സ്ഥാപിച്ചത്. പ്രദേശത്ത് വനം വകുപ്പ് രാത്രി നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.

