യുവാവിന്റെ മുങ്ങി മരണം; അയിനിച്ചിറയിൽ ഒളിഞ്ഞിരിക്കുന്നുണ്ട് ദുരന്തം
text_fieldsഅയിനിച്ചിറയിൽ യുവാവ് മുങ്ങി മരിച്ച സ്ഥലം
എടപ്പാൾ: പച്ചവിരിച്ച് കിടക്കുന്ന കോൾ നിലം, രണ്ട് ബണ്ടുകൾക്ക് നടുവിലൂടെ ഒഴുകുന്ന പുഴ, വഴിയോരത്ത് കായൽ മത്സ്യങ്ങളുടെ വിൽപനയും ഭക്ഷണശാലങ്ങളും. ഏറെ ആകർഷകമായ, പ്രകൃതിരമണീയമായ ഇടമാണ് അയിനിച്ചിറ. ദിവസവും നിരവധി സന്ദർശകർ എത്തുന്നയിടം കൂടിയാണിത്. എന്നാൽ പ്രകൃത സുന്ദരമായ അയിനിച്ചിറയിൽ മഴക്കാലത്ത് അപകടങ്ങൾ പതിയിരിക്കുന്നു. പതിയിരിക്കുന്ന ആ ദുരന്തമാണ് തിരൂര് കൂട്ടായി കോതപറമ്പ് സ്വദേശി യുവാവിന്റെ മരണത്തിന് കാരണം.
മഴ ശകതമായാൽ പാടത്ത് വെള്ളം നിറഞ്ഞ് ബണ്ട് മുടുന്ന സാഹചര്യമാണ്. ബണ്ടിന് നടുവിലൂടെയുള്ള നൂറടി തോട്ടിൽ നീരൊഴുക്ക് ശക്തമാണ്. ദുരെ സ്ഥലങ്ങളിൽനിന്ന് സ്ത്രീകളും കുട്ടികളും അടക്കം ബണ്ടിന് നടുവിലൂടെ സഞ്ചരിച്ച് കാഴ്ച കാണാൻ വരുന്നുണ്ട്. വൈകുന്നേരമായാണ് വിദ്യാർഥികൾ അടക്കമുള്ളവർ നീരൊഴുക്കുള്ള വെള്ളക്കെട്ടിൽ കുളിക്കാൻ എത്താറ്.
മഴക്കാലത്ത് ഇവിടെ ഇറങ്ങുന്നത് വിലക്കാൻ അധികൃതർ തയ്യാറാക്കുന്നില്ലെന്നാണ് പരാതി. നാട്ടുകാരുടെ നേതൃത്വത്തിൽ പ്രദേശത്തേക്ക് ഇറങ്ങരുതെന്ന് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആരും മുഖവിലക്കെടുന്നില്ല.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബണ്ടിനോട് ചേർന്ന് മരത്തിൽ കയറി വെള്ളത്തിലേക്ക് യുവാക്കൾ ചാടുന്നതിനിടെ മരം ഒടിഞ്ഞ് വീണിരുന്നു. തുടർന്ന് ഇവരെ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷിച്ചത്. ഈക്കാര്യങ്ങളെല്ലാം പൊലീസിൽ അറിയിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. പൊലീസ് അധികൃതർ അവധി ദിവസങ്ങളിൽ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഈ അവഗണനയാണ് ഞായറാഴ്ച യുവാവിന്റെ മരണത്തിനിടയാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.