എളമരത്തെ വീട്ടിലെ സ്വർണക്കവർച്ച: പ്രതി പിടിയിൽ
text_fieldsപ്രണവ്
എടവണ്ണപ്പാറ: എളമരത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. പള്ളിക്കൽ ബസാർ സ്വദേശി ചാളക്കണ്ടി പ്രണവിനെയാണ് (32) വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പാണ് എളമരം ചോലകുഴി സലാമിന്റെ വീട്ടിലെ സി.സി.ടി.വി കാമറകൾ തകർത്ത് 16 പവൻ സ്വർണവും 15000 രൂപയും കവർന്നത്. വീട്ടിൽ ആളില്ലാത്ത സമയം വീടിന്റെ രണ്ടാം നിലയിലെ വാതിലിന്റെ പൂട്ട് പൊളിച്ചായിരുന്നു അകത്തുകടന്നത്.
വീട്ടുകാർ കുടുംബവീട്ടിൽ നിന്ന് എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. പൊലീസും വിരലടയാള വിധഗ്ദരും ഡോഗ് സ്ക്വാഡും പരിശോധന നടത്തവെ വീടിനോട് ചേർന്ന ക്വാർട്ടേഴ്സിൽ വാടകക്ക് താമസിക്കുന്ന പള്ളിക്കൽ ബസാർ സ്വദേശിയിലേക്ക് അന്വേഷണമെത്തുന്നത്.
തുടർന്ന് ഇയാളുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ കൂടുതൽ തുക അക്കൗണ്ടിലെത്തിയതായി അറിഞ്ഞു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വിറ്റ സ്വർണത്തിന്റെ പണം വാങ്ങാനായി മഞ്ചേരിയിലെത്തിയ പ്രതിയെ പൊലീസ് മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ വിവരങ്ങൾ മനസ്സിലാക്കി പിടികൂടിയത്.
സമാനരീതിയിൽ എളമരം അങ്ങാടിയിലെ എ.പി. റസാഖിന്റെ പലചരക്കുകട, മപ്രം റോഡിലെ ദുഅ ഹോട്ടൽ എന്നിവിടങ്ങളിലെ മോഷണത്തിലും പ്രതിക്ക് പങ്കുള്ളതായി അന്വേഷണസംഘം കണ്ടെത്തി. ഇയാൾ നിരവധി മോഷണക്കേസിലെ പ്രതിയാണ്. പ്രധാനമായും കടകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന ഇയാളുടെ പേരിൽ മാവൂർ, മുക്കം, കൊണ്ടോട്ടി സ്റ്റേഷനുകളിൽ കേസുണ്ട്.
അന്വേഷണത്തിന് വാഴക്കാട് സ്റ്റേഷൻ ഓഫിസർ രാജൻ ബാബു, എസ്.ഐ സുരേഷ് കുമാർ, അന്വേഷണ ഉദ്യോഗസ്ഥരായ അമർനാഥ്, ഋഷികേഷ് എന്നിവർ നേതൃത്വം നൽകി. മോഷണം നടന്ന സ്ഥലങ്ങളിൽ എത്തിച്ച പ്രതിയെ തെളിവെടുപ്പ് നടത്തി ആറുപവൻ സ്വർണം പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.