സ്കൂൾ ബസിന്റെ വിൻഡോ ഗാർഡിന് സമീപം കൈവിരൽ കുടുങ്ങിയ ഏഴാം ക്ലാസ് വിദ്യാർഥിനിക്ക് രക്ഷയായി അഗ്നിരക്ഷാ സേന
text_fieldsമലപ്പുറം: സ്കൂൾ ബസിന്റെ വിൻഡോ ഗാർഡിന് സമീപമുള്ള ദ്വാരത്തിൽ കൈവിരൽ കുടുങ്ങിയ നിലയിൽ എത്തിയ കൊണ്ടോട്ടി അൽ ഹിദായത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥിനിക്ക് രക്ഷയായി അഗ്നി രക്ഷാസേന. മലപ്പുറം ഫയർ ആൻഡ് റസ്ക്യു സ്റ്റേഷനിലെത്തിച്ച കുട്ടിയുടെ കൈവിരൽ, മെറ്റൽ ഷീറ്റ് ഗ്രൈൻഡർ ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് അഗ്നി രക്ഷാസേന പുറത്തെടുത്തത്. ഇന്ന് വൈകീട്ട് സ്കൂൾ വിട്ട് 4.30ഓടെ കോടങ്ങാട് ഇളനീർ കരയിലുള്ള വീടിനു സമീപം ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് ഏഴാം ക്ലാസ് വിദ്യാർഥിനിയുടെ കൈവിരൽ ദ്വാരത്തിനുള്ളിൽ കുടുങ്ങിയത്. ബസ് ജീവനക്കാരും നാട്ടുകാരും ഏറെനേരം ശ്രമിച്ചെങ്കിലും വിരൽ പുറത്തെടുക്കാൻ സാധിച്ചില്ല.
വാഹനം പിന്നീട് മലപ്പുറം ഫയർ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഒരു മണിക്കൂറോളം സമയമെടുത്താണ് അഗ്നിരക്ഷാ സേനാംഗങ്ങൾ ബസിന്റെ സീറ്റ് അഴിച്ചു മാറ്റി മെറ്റൽ ഷീറ്റ് ഗ്രൈന്റർ ഉപയോഗിച്ച് മുറിച്ചു മാറ്റിയത്. കുട്ടിയുടെ രക്ഷിതാക്കളും സ്കൂൾ പ്രിൻസിപ്പലും അധ്യാപകരും നാട്ടുകാരും ഉൾപ്പെടെയാണ് വാഹനത്തിൽ മലപ്പുറം ഫയർ ആൻഡ റസ്ക്യു സ്റ്റേഷനിൽ എത്തിയത്. സ്റ്റേഷൻ ഓഫിസർ ഇ.കെ. അബ്ദുൾ സലീമിന്റെ നേതൃത്വത്തിലാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ ഏറെ പണിപ്പെട്ട് രക്ഷാപ്രവർത്തനം നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.