പാതിവില തട്ടിപ്പ്; മലപ്പുറം ജില്ലയിലെ കേസുകളെല്ലാം ക്രൈംബ്രാഞ്ചിന് കൈമാറും
text_fieldsമലപ്പുറം: പാതിവില തട്ടിപ്പിൽ ജില്ലയിൽ രജിസ്റ്റർ ചെയ്ത എല്ലാകേസുകളും ക്രൈംബ്രാഞ്ചിന് കൈമാറും. ഇതുസംബന്ധിച്ച ആഭ്യന്തര വകുപ്പ് നിർദേശം നടപ്പാക്കാനുള്ള നടപടികൾ തുടങ്ങി. വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ക്രൈംബ്രാഞ്ചിനു കീഴിൽ വ്യത്യസ്ത ഉദ്യോഗസ്ഥരുടെ കീഴിൽ അന്വേഷിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ മലപ്പുറം ക്രൈംബ്രാഞ്ച് യൂനിറ്റിന്റെ കീഴിൽ മൂന്ന് കേസുകൾ അന്വേഷിക്കും. രണ്ട് കേസുകൾ ക്രൈം ബ്രാഞ്ച് ഇകോണമിക് ഒഫൻസ് വിങും അന്വേഷിക്കും. പെരിന്തൽമണ്ണ സ്റ്റേഷനിലെ കേസ് ഫയലുകൾ ക്രൈംബ്രാഞ്ച് കൈപ്പറ്റിയിട്ടുണ്ട്. ഇതടക്കം നിലവിൽ അഞ്ചുകേസുകൾ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഉൾപ്പടെ അഞ്ച് മുതിർന്ന ഉദ്യോഗസ്ഥർക്കാണ് കേസുകളുടെ അന്വേഷണ ചുമതല. ബാക്കിയുള്ള കേസുകൾകൂടി ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള നടപടി പുരോഗമിക്കുയാണ്.
ലോക്കൽ സ്റ്റേഷനുകളിൽനിന്നും മറ്റു വിങ്ങുകളിൽ നിന്നും പാതിവില തട്ടിപ്പ് കേസ് അന്വേഷിക്കുന്ന സംഘത്തിനൊപ്പം പ്രവർത്തിക്കാൻ താൽപര്യമുള്ള ഉദ്യോഗസ്ഥരോട് അപേക്ഷ നൽകാൻ നിർദേശിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചിൽ മതിയായ ഉദ്യോഗസ്ഥരില്ലാത്ത സാഹചര്യത്തിലാണ് മറ്റു വിങ്ങുകളിൽനിന്നും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തുന്നത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 35 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഭൂരിഭാഗം സ്റ്റേഷനിലും നൂറോളം പരാതികാരുണ്ട്. ഇനിയും പരാതിക്കാർ വരാൻ സാധ്യതയുള്ളതിനാൽ നിലവിൽ രജിസ്റ്റർ ചെയ്ത കേസുകളിലേക്ക് ഉൾപ്പെടുത്താനാണ് തീരുമാനം.
ഒരേ വ്യക്തിക്കോ സ്ഥാപനത്തിനോ എതിരെയുള്ള പരാതികൾ ഒരുമിച്ച് രേഖപ്പെടുത്തി ഒറ്റകേസായാണ് രജിസ്റ്റർ ചെയ്യുന്നത്. മലപ്പുറം പൊലീസ് സ്റ്റേഷൻ പരിധിയിൽ 250ഓളം പരാതികളിൽ രണ്ട് എഫ്.ഐ.ആർ ആണ് രജിസ്റ്റർ ചെയ്തത്.
നിലമ്പൂരിൽ 163 പരാതികളിൽ രണ്ട് കേസെടുത്തു. 1.10 കോടിയുടെ തട്ടിപ്പാണ് നിലമ്പൂർ പരിധിയിൽ റിപ്പോർട്ട് ചെയ്തത്. പെരിന്തൽമണ്ണ സ്റ്റേഷനിൽ ഇതുവരെ എട്ട് പരാതികളിൽ അഞ്ച് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരൂരിൽ 50ഓളം പരാതിയിലാണ് കേസെടുത്തത്. കൊണ്ടോട്ടിയിൽ നൂറിലധികം പരാതികളിലും കേസെടുത്തു. വാഴക്കാട്, പെരുമ്പടപ്പ് സ്റ്റേഷനുകളിലും നിരവധി പരാതിക്കാരുണ്ട്. പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയത്. പണം തിരികെ ലഭിക്കാൻ സാധ്യതയില്ലെന്ന വിലയിരുത്തലിൽ ഇനിയും കൂടുതൽപേർ പരാതിയുമായി വരുമെന്നാണ് സൂചന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.