ദേവർഷിന് വേണം, രണ്ട് അടിയന്തര ശസ്ത്രക്രിയകൾ
text_fieldsദേവർഷ് ചികിത്സ ധനസഹായ ശേഖരണവുമായി ബന്ധപ്പെട്ട് എടരിക്കോട് പഞ്ചായത്ത് പ്രസിഡൻറ് ഫസലുദ്ദീൻ തയ്യിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം
കോട്ടക്കൽ: ജനിതക തകരാറിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായ ഒരു വയസ്സുകാരൻ ദേവർഷിന്റെ ചികിത്സ ധനസഹായത്തിനായി നാടിറങ്ങുന്നു. ദേവർഷ് ചികിത്സ ധനസഹായ സമിതി എന്ന പേരിൽ എടരിക്കോട് എസ്.ബി.ഐ ശാഖയിൽ അക്കൗണ്ട് രൂപവത്കരിച്ചു. സുമനസ്സുകൾ, ഗൂഗ്ൾ പേ നമ്പർ, ക്യു.ആർ സ്കാൻ സംവിധാനമടക്കം പ്രയോജനപ്പെടുത്തിയാണ് ഫണ്ട് ശേഖരണം. പോളി കോളജ് കാന്റീൻ തൊഴിലാളിയും പപ്പട വിൽപനക്കാരനുമായ സുബീഷിന്റെ (സുബിൻ) മകനായ ദേവർഷ് ബ്ലാഡർ എക്സ്ട്രോഫി ബാധിതനാണ്. മൂത്രസഞ്ചി തുറന്നിരിക്കുന്നതിനാൽ മൂത്രം സംഭരിക്കാനോ പ്രവർത്തിക്കാനോ കഴിയില്ല. മൂത്രം ചോരുന്നതിനാൽ മൂത്രസഞ്ചി അടയ്ക്കാനും ആവശ്യാനുസരണം ശരീരഭാഗങ്ങൾ പൂർവസ്ഥിതിയിലാക്കാനുമായാണ് ശസ്ത്രക്രിയകൾ. പതിനഞ്ച് ലക്ഷം രൂപയാണ് ചെലവ്.
പിറന്നുവീണ പതിനഞ്ചാം നാളിൽ ആറു ലക്ഷം രൂപ ചെലവിൽ ആദ്യ ശസ്ത്രക്രിയ പൂർത്തിയായിരുന്നു. ആറുമാസത്തിനകം രണ്ടാമത്തേതും പിന്നീട് മൂന്നാമത്തേതും ചെയ്യണമെന്നായിരുന്നു കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രി അധികൃതർ നൽകിയ നിർദേശം. ഒരു വർഷം കഴിഞ്ഞിട്ടും പണം സ്വരൂപിക്കാൻ കഴിയാത്ത നിർധന കുടുംബത്തിന്റെ അവസ്ഥ സംബന്ധിച്ച് ‘മാധ്യമം’ വാർത്ത നൽകിയതോട നാട് ഒന്നിക്കുകയായിരുന്നു. പോളി കോളജ് എൻ.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ്, പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് ഓണാവധി നാളിൽ ഫണ്ട് ശേഖരിക്കും.
കാരുണ്യമതികൾ, സംഘടനകൾ, ആരാധനാലയങ്ങൾ എന്നിവരുടെ സഹകരണം കമ്മിറ്റി അഭ്യർഥിച്ചു. പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡൻറ് ഫസലുദ്ദീൻ തയ്യിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ആബിദ തൈക്കാടൻ, ജനപ്രതിനിധികളായ സുബൈദ തറമ്മൽ, പോളി കോളജ് പ്രിൻസിപ്പൽ ഫെറോസ്, ഒ.ടി. സമദ്, ജിതേഷ്, നാസർ പന്തക്കൻ എന്നിവർ സംസാരിച്ചു. പോളി കോളജ് സ്റ്റാഫ് സെക്രട്ടറി രതീഷ്, മാധ്യമപ്രവർത്തകൻ പ്രമേഷ് കൃഷ്ണ, കോളജ് വിദ്യാർഥി പ്രതിനിധികളായ റഹബ, ഹിബ, സൻഹ എന്നിവർ പങ്കെടുത്തു. ദേവർഷ് ചികിത്സ ധനസഹായ സമിതിയുടെ പേരിൽ എടരിക്കോട് എസ്.ബി.ഐ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 44398558623. ഐ.എഫ്.എസ്.സി SBIN0070924. ഗൂഗ്ൾ പേ നമ്പർ: 7994200253.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.