ഭക്ഷണശാലകളിൽ പരിശോധന; ആറ് മാസത്തിനിടെ പിഴ ഇടാക്കിയത് 16.39 ലക്ഷം രൂപ
text_fieldsമലപ്പുറം: ജില്ലയിൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആറ് മാസത്തിനിടെ പിഴ ഇടാക്കിയത് 16.39 ലക്ഷം രൂപ. 2025 ജനുവരി മുതൽ ജൂൺ വരെയുള്ളതാണ് ഈ കണക്ക്. ഭക്ഷണശാലകളുടെ നിലവാരം, ശുചിത്വം, ലൈസൻസ്, ആഹാര പദാർഥങ്ങളുടെ ഗുണമേന്മ തുടങ്ങിയ കാര്യങ്ങളിലാണ് പിഴ ഈടാക്കിയത്.
പ്രവർത്തന നിലവാരത്തിൽ കുറവ് കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് ആർ.ഡി.ഒ കോടതി വഴിയും സുരക്ഷിതമല്ലാത്ത ഭക്ഷണം പിടികൂടിയ സ്ഥാപനങ്ങൾക്ക് ക്രിമിനൽ കോടതി വഴിയും അധികൃതർ നടപടിയെടുത്തു. 16 മണ്ഡലങ്ങളിലായി ആറ് മാസത്തിനിടെ 3,296 പരിശോധനകളാണ് നടത്തിയത്. ജൂണിലാണ് ഏറ്റവും കൂടുതൽ പിഴ ഈടാക്കിയത്. 462 പരിശോധനകളിലായി 3.37 ലക്ഷം രൂപ പിഴ ഇനത്തിൽ ലഭിച്ചു.
ഫെബ്രുവരിയാണ് പട്ടികയിൽ രണ്ടാമത്. 547 പരിശോധനകളിലായി 3.12 ലക്ഷം രൂപ ഈടാക്കി. മൂന്നാം സ്ഥാനത്തുള്ള ജനുവരിയിൽ 730 പരിശോധനകളിൽ 2.91 ലക്ഷവും കിട്ടി. നാലാമതുള്ള മാർച്ചിൽ 982 പരിശോധനകളിൽ 25.90 ലക്ഷവും ഏപ്രിൽ 278 പരിശോധനകളിൽ 2.27 ലക്ഷവും പിഴ ഈടാക്കി. മേയ് മാസത്തിൽ 297 പരിശോധനകളിൽ 2.13 ലക്ഷവും പിഴ ലഭ്യമായി. ആകെ 466 സ്ഥാപനങ്ങളാണ് പിഴ അടച്ച് കേസുകൾ തീർപ്പാക്കിയത്. ജൂണിലാണ് ഏറ്റവും കൂടുതൽ പിഴ അടച്ച് കേസ് തീർത്തത്. 104 സ്ഥാപനങ്ങൾ ജൂണിൽ കേസ് തീർപ്പാക്കി. ഫെബ്രുവരിയിൽ 101, ജനുവരിയിൽ 79, മാർച്ചിൽ 72, ഏപ്രിൽ 58, മേയിൽ 52 സ്ഥാപനങ്ങളുടെ കേസുകളും തീർപ്പാക്കി. 2024ൽ ആകെ 35.39 ലക്ഷം രൂപയാണ് ജില്ലയിൽ നിന്ന് പിഴ ഈടാക്കിയത്. ആകെ നടത്തിയ 4,424 പരിശോധനകളിൽ 963 സ്ഥാപനങ്ങൾ കേസുകൾ പിഴ അടച്ച് തീർപ്പാക്കിയിരുന്നു. പരിശോധന തുടരുമെന്ന് ജില്ല ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.