കാക്കത്തടം വെള്ളക്കെട്ട് പ്രശ്നം പെട്ടെന്ന് പരിഹരിക്കണം -മനുഷ്യാവകാശ കമീഷൻ
text_fieldsപെരുവള്ളൂർ: മഴ പെയ്താൽ രൂക്ഷമായി തുടരുന്ന പടിക്കൽ കരുവാങ്കല്ല് എയർപോർട്ട് റോഡിലെ കാക്കത്തടം വെള്ളക്കെട്ട് പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് സംസ്ഥാന മനുഷ്യാവകാശ കമീഷൻ നിർദേശം നൽകി.
13ന് ചൊവ്വാഴ്ച തിരൂർ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടന്ന സിറ്റിങ്ങിലാണ് കമീഷന്റെ നിർദേശം. ദിനംപ്രതി നിരവധി വാഹനങ്ങൾ കടന്നുപോകുന്ന എയർപോർട്ട് റോഡിൽ ചെറുതായൊന്നു മഴ പെയ്താൽ പോലും ഉയരത്തിൽ വെള്ളം കെട്ടിനിന്ന് വലിയ തോതിൽ ഗതാഗത തടസ്സം ഉണ്ടാവാറുണ്ട്. പെട്ടെന്നുള്ള ശാശ്വത പരിഹാരം കാണാനുള്ള ശ്രമങ്ങളോട് ജനപ്രതിനിധികൾ മുഖം തിരിച്ചുനിന്നതോടെ ആക്ഷൻ കൗൺസിൽ അടക്കമുള്ളവർ ഭീമ ഹരജികൾ മുഖേന പ്രശ്നം സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തിയതിന്റെ ഫലമായി താൽക്കാലിക പരിഹാരത്തിന് ചീഫ് എൻജിനീയർ 25 ലക്ഷം ഫണ്ട് അനുവദിച്ച് അഴുക്കുചാൽ പ്രവൃത്തി തുടങ്ങിയിരുന്നു.
അതോടെ സ്ഥിരമായി വെള്ളം കെട്ടിനിൽക്കൽ ഇല്ലാതായെങ്കിലും അൽപ നേരം മഴ പെയ്താൽ പോലും മണിക്കൂറുകളോളം വെള്ളം കെട്ടിനിൽക്കുന്ന സ്ഥിയാണിപ്പോഴുള്ളത്. പരിഹാരത്തിനായി 70 ലക്ഷത്തിന്റെ പ്രോജക്ട്ട് പി.ഡബ്ല്യു.ഡി തയാറാക്കി സർക്കാറിലേക്ക് സമർപ്പിച്ചിട്ടുണ്ട്.
ആർ.ജെ.ഡി ജില്ല വൈസ് പ്രസിഡന്റ് എഞ്ചിനീയർ ടി. മൊയ്തീൻ കുട്ടി, നാഷനൽ ലീഗ് പഞ്ചായത്ത് സെക്രട്ടറി പി.പി. സൈതലവി എന്നിവരാണ് മനുഷ്യാവകാശ കമീഷന് പരാതി നൽകിയത്. പരാതിക്കാർക്ക് പുറമെ പൊതുപ്രവർത്തകരായ അസ്ലം കൂമണ്ണ, അബ്ദുറഹീം പൂക്കത്ത് എന്നിവർ സിറ്റിങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

