വിവാഹത്തട്ടിപ്പ് വീരനായ മോഷ്ടാവ് പിടിയിൽ
text_fieldsനവാസ്
കാളികാവ്: തൊടികപ്പുലത്ത് പള്ളി കുത്തിത്തുറന്ന് പണവും സ്വർണവും കവർന്ന പ്രതി പിടിയിൽ. ജൂലൈ 12 ന് പുലർച്ചെ തൊടികപ്പുലം സലഫി മസ്ജിദ് കുത്തിത്തുറന്ന് പള്ളിയിൽ സൂക്ഷിച്ചിരുന്ന 80,000 രൂപയും ഒന്നര പവൻ സ്വർണാഭരണങ്ങളും മോഷ്ടിച്ച കൊളത്തോടൻ നവാസ് എന്ന അളിയൻ നവാസാണ് (55) പിടിയിലായത്.
നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. എബ്രഹാമിന്റെ നിരീക്ഷണത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവൽകരിച്ച് അമ്പേഷണം നടത്തിയതിനെ തുടർന്നാണ് പള്ളിയുടെ സമീപത്ത് വാടകക്ക് താമസിക്കുകയായിരുന്ന കൊളത്തോടൻ നവാസ് പിടിയിലായത്. കൊല്ലം ചിതറ സ്വദേശിയായ നവാസ് ചെറുപ്പത്തിലേ നാട് വിടുകയും മട്ടന്നൂരിലെത്തി കല്യാണം കഴിക്കുകയും ചെയ്തു. തുടർന്ന് മമ്പാട് ഓടായിക്കൽ, പാലക്കാട് ജില്ലയിലെ എടത്തനാട്ടുകര തുടങ്ങി വിവിധ സ്ഥലങ്ങളിൽനിന്ന് പ്രതി വിവാഹം കഴിച്ചിട്ടുണ്ട്.
നിലവിൽ പള്ളിശേരിയിൽ നിന്ന് വിവാഹം കഴിച്ച് തൊടികപ്പുലം പള്ളിക്ക് സമീപം വാടകക്ക് താമസിച്ച് വരികയായിരുന്നു. എടത്തനാട്ടുകരയിലെ ഭാര്യയുടെ വീട്ടുപേരായ കൊളത്തോടൻ എന്ന വീട്ടുപേരിൽ ആധാർ കാർഡ് എടുത്തു. പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകളെ കല്യാണം കഴിച്ച് ലഭിക്കുന്ന പണവും സ്വർണവും ഉപയോഗിച്ച് ജീവിക്കുകയുമായിരുന്നു രീതി.
ഒരു ഭാര്യയുടെ കൂടെ ആറ് മാസത്തോളമാണ് പ്രതി കഴിഞ്ഞിരുന്നത്. ഹോസ്ദുർഗ് പൊലീസിന്റെ സഹായത്തോടെ ഹോസ്ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതി പിടിയിലായത്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ വി. അനീഷിനോടൊപ്പം സബ് ഇൻസ്പെക്ടർ അൻവർ സാദത്ത് ഇല്ലിക്കൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ റിയാസ് ചീനി, കെ. ഷൈജു, എം. ജയേഷ് , കെ.എം. ഷെമീർ, മൻസൂർ അലി, സ്പെഷൽ ബ്രാഞ്ച് ഓഫിസറായ ടി. വിനു, സി.പി.ഒ എം.കെ. മഹേഷ് എന്നിവരുമുണ്ടായിരുന്നു. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.