മലയോര പാത നിർമാണത്തിലെ അശാസ്ത്രീയത; മങ്കുണ്ടിൽ വെള്ളം കയറൽ തുടരും
text_fieldsകനത്ത മഴയിൽ ചൊവ്വാഴ്ച മലയോര ഹൈവേയിൽ റോഡിൽ വെള്ളം മൂടിയപ്പോൾ
കാളികാവ്: ഹൈവേ നിർമാണത്തോടെയെങ്കിലും കാളികാവ്-നിലമ്പൂർ റോഡിൽ മങ്കുണ്ടിലെ വെള്ളം മൂടലിന് പരിഹാരമാവുമെന്ന പ്രതീക്ഷ പൊലിഞ്ഞു. കഴിഞ്ഞ ഞായർ, ചൊവ്വ ദിവസങ്ങളിലുണ്ടായ മഴയിൽ മലയോര ഹൈവേ കടന്നുപോകുന്ന മങ്കുണ്ടിൽ വെള്ളം കയറി. മലയോര പാതയിലേക്ക് വെള്ളം കയറാതിരിക്കാൻ മങ്കുണ്ടിൽ റോഡ് കൂടുതൽ ഉയർത്തണമെന്ന ആവശ്യവുമായി നിർമാണ വേളയിൽ തന്നെ നാട്ടുകാർ രംഗത്തെത്തിയിരുന്നു.
എം.എൽ.എയും പ്രാദേശിക ജനപ്രതിനിധികളുമടക്കം സ്ഥലം സന്ദർശിച്ച് ഹൈവേ നിർമാണ ചുമതലയുള്ള കെ.ആർ.ബി.എഫ് ഉദ്യോഗസ്ഥരുമായി റോഡ് ഉയർത്തുന്ന കാര്യം ചർച്ച ചെയ്തിരുന്നെങ്കിലും ഫലമുണ്ടായില്ല. പഴയ റോഡിൽ 83 സെന്റീമീറ്റർ ഉയർത്തുമെന്നാണ് പറഞ്ഞത്. എന്നാൽ ഇത് അപര്യാപ്തമാണെന്ന് പല കോണുകളിൽനിന്നും അന്ന് ആവശ്യമുയർന്നെങ്കിലും അലൈമെന്റിൽ മാറ്റം വരുത്താൻ ബന്ധപ്പെട്ടവർ തയാറായില്ല.
മലവാരത്ത് മഴ ശക്തമയി പെയ്താൽ പാതയിലേക്ക് വെള്ളം കയറുന്നത് മങ്കുണ്ടിൽ പതിവാണ്. ഈ സമയത്ത് മണിക്കൂറുകളോളം ഗതാഗതം നിർത്തിവെക്കുകയാണ് പതിവ്.പുഴയിലെ മൺതിട്ട നീക്കം ചെയ്യാത്തതും വെള്ളം റോഡിൽ കയറാൻ കാരണമാവുകയാണ്. ചൊവ്വാഴ്ച മഴ തിമർത്ത് പെയ്തതോടെ പുഴ നിഞ്ഞൊഴുകി. ഈ സമയം മങ്കുണ്ടിൽ യാഖൂബി മസ്ജിദ് മുതൽ 33 കെ.വി സ്റ്റേഷൻ വരെയുള്ള 200 മീറ്ററിലധികം ദൂരം വെള്ളത്തിനടിയിലായി. മലയോര പാതക്കായി മങ്കുണ്ടിൽ നിർമിച്ച ഓവുപാലത്തിന് മുകളിൽ ഒരുമീറ്ററിലധികം ഉയരത്തിൽവരെ വെള്ളം എത്തി.
ഇതോടെ വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാൻ ഇരുഭാഗത്തും വടം കെട്ടി രണ്ട് മണിക്കൂറോളം ഗതാഗതം നിർത്തിവെക്കുകയായിരുന്നു. മങ്കുണ്ട് പുതുതായി നിർമിച്ച പാലത്തിനുസമീപം സുരക്ഷക്കായി വച്ചിരുന്ന വടങ്ങളും വീപ്പുകളും വെള്ളത്തിൽ ഒലിച്ചു പോവുകയും ചെയ്തു. മങ്കുണ്ടിൽ അശാസ്ത്രീയമായി താഴ്ത്തി നിർമിച്ച മൂന്ന് ഓവുപാലങ്ങളും റോഡും ഉയത്തി നിർമിച്ചില്ലെങ്കിൽ മലവാരത്ത് മഴ ശക്തി പ്രാപിച്ചാൽ മങ്കുണ്ടിൽ ഇനിയും വെള്ളം കയറി ഗതാഗതം നിർത്തി വെക്കേണ്ടിവരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.