കരുവാരകുണ്ട് പഞ്ചായത്ത് കോൺഫറൻസ് ഹാൾ നവീകരണം; മുൻ പഞ്ചായത്ത് ബോർഡ് പ്രതിക്കൂട്ടിൽ
text_fieldsകരുവാരകുണ്ട്: ലക്ഷങ്ങൾ മുടക്കി പൂർത്തിയാക്കിയ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാൾ നവീകരണത്തിൽ ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവൃത്തി പൂർണമായും ചെയ്യാതെയാണ് നിർമാണ ഏജൻസിക്ക് ഫണ്ട് നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതോടെ പ്രവൃത്തി നടപ്പാക്കിയ സി.പി.എം നേതൃത്വത്തിലുള്ള കഴിഞ്ഞ ബോർഡ് പ്രതിക്കൂട്ടിലായി.
എസ്റ്റിമേറ്റ് പ്രകാരം 29,59,680 രൂപ എന്ന കുറഞ്ഞ ക്വട്ടേഷൻ നൽകിയ അക്രഡിറ്റഡ് ഏജൻസിയായ മലപ്പുറം ആർട്ട് കോ ലിമിറ്റഡിനാണ് കരാർ ലഭിച്ചത്. 2025 മാർച്ചിൽ നൽകിയ കരാർ തൊട്ടടുത്ത ജൂലൈയിൽ തന്നെ പൂർത്തിയാക്കിയതായി കാണിച്ച് ഏജൻസി ബില്ല് സമർപ്പിച്ചു. മോണിറ്ററിങ് കമ്മിറ്റി, പ്രൊക്യുർമെന്റ് സമിതി, അസി. എൻജിനീയർ എന്നിവരെല്ലാം പരിശോധിച്ച് അംഗീകാരം നൽകിയതനുസരിച്ച് ഏജൻസിയുടെ ബിൽ തുക പൂർണമായും അനുവദിക്കാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവർ നിർദേശം നൽകി.
ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് പിന്നീട് ക്രമക്കേട് കണ്ടെത്തിയത്. എസ്റ്റിമേറ്റ് പ്രകാരം ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ മേശകളിൽ വലിപ്പുകൾ വേണം. ഇത് ഒന്നു പോലും നിർമിച്ചിട്ടില്ല. മറ്റു ചില അപാകതകളും ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനിടെ ഭരണം യു.ഡി.എഫിന് ലഭിച്ചെങ്കിലും റിപ്പോർട്ടിൻമേൽ നടപടിയൊന്നും ഉണ്ടായില്ല.
കോൺഫറൻസ് ഹാൾ നവീകരണത്തിൽ അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ടെന്നും ഇത് പരിശോധിക്കാതെ ഏജൻസിക്ക് ഫണ്ട് അനുവദിക്കരുതെന്നും കാണിച്ച് കഴിഞ്ഞ വർഷം ജൂലൈയിൽ യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് വി.നിസാം സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഇത് ഗ്രാമപഞ്ചായത്ത് ബോർഡ് അവഗണിക്കുകയും പ്രവൃത്തിയിൽ പൂർണ സംതൃപ്തി രേഖപ്പെടുത്തി പദ്ധതി തുക അനുവദിക്കുകയുമാണ് ചെയ്തത്. ഇതേ പ്രവൃത്തിയിൽ അഴിമതി ആരോപിച്ച് ഭരണസമിതിക്കെതിരെ അന്ന് യു.ഡി.എഫ് പഞ്ചായത്ത് ഓഫിസ് മാർച്ചും നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

