കടുവ വീണ്ടും കൺമുന്നിൽ ; കണ്ടത് പുറ്റള നഗറിന് സമീപം
text_fieldsകടുവയെ പിടികൂടാൻ മദാരിക്കുണ്ട് ഭാഗത്തേക്ക് കൂട് കൊണ്ടുപോവുന്നു
കരുവാരകുണ്ട്: ബുധനാഴ്ച രാത്രി മദാരി എസ്റ്റേറ്റിൽനിന്ന് അപ്രത്യക്ഷമായ കടുവയെ വ്യാഴാഴ്ച ഉച്ചയോടെ കുരിക്കൾ കാട്ടിൽ കണ്ടു. പുറ്റള ആദിവാസി നഗറിലെ ഗോപാലനാണ് കടുവയെ നേരിൽ കണ്ടത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും ദ്രുതകർമസേനയും ഉടൻ സ്ഥലത്തെത്തി സുൽത്താന എസ്റ്റേറ്റ് അരിച്ചുപെറുക്കി. പക്ഷേ, കടുവയെ കണ്ടെത്താനായില്ല. ബുധനാഴ്ച ഉച്ചക്ക് മദാരി എസ്റ്റേറ്റിൽ എസ് വളവിനടുത്തും കടുവയെ കണ്ടിരുന്നു. ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ മേഖലയിൽ തിരച്ചിൽ നടത്തിയപ്പോഴും കണ്ടെത്തിയിരുന്നില്ല. ജനങ്ങളുടെ പ്രതിഷേധത്തെതുടർന്ന് മദാരിക്കുണ്ടിനു സമീപം കൂട് സ്ഥാപിച്ചാണ് ഇവർ മടങ്ങിയത്.
കാടിളക്കി തിരച്ചിൽ
കാളികാവ്: ടാപ്പിങ് തൊഴിലാളി ഗഫൂറലിയെ കൊലപ്പെടുത്തിയ കടുവക്കായുള്ള തിരച്ചിൽ എട്ടാം ദിവസവും ശക്തമാക്കി വനംവകുപ്പ്. വ്യാഴാഴ്ച രാവിലെ കണ്ണത്ത് മലവാരത്ത് രണ്ടിടത്ത് കാമറയിൽ കടുവയുടെ ദൃശ്യം പതിഞ്ഞതോടെ കെണിയിലാക്കാൻ മദാരിക്കുണ്ട് ഭാഗത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചു. കൂടുതൽ കാമറകളും സ്ഥാപിച്ചു. നിലവിൽ റാവുത്തൻകാട് ഭാഗത്ത് രണ്ടു കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. അമ്പതിലേറെ പേരുള്ള മൂന്നു സംഘങ്ങളായാണ് തിരച്ചിൽ നടക്കുന്നത്. കരുവാരകുണ്ട് പഞ്ചായത്തിലെ കേരള, സുൽത്താന, മദാരിക്കുണ്ട്, മേലേ പാന്ത്ര, കണ്ണത്ത്, മഞ്ഞൾപാറ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് വ്യാഴാഴ്ച തിരച്ചിൽ നടത്തിയത്. ചീഫ് വെറ്ററിനറി സർജൻ അരുൺ സക്കറിയ നേതൃത്വം നൽകി. രാത്രി ഏഴോടെ സംഘം തിരിച്ചെത്തി.
ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ്
കാളികാവ്: മേഖലയിലെ മലയോര പ്രദേശങ്ങളിൽ കടുവ സാന്നിധ്യം ഉള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ്. കരുവാരകുണ്ട്, കാളികാവ് പഞ്ചായത്തുകളിലെ മലയോര പ്രദേശങ്ങളായ പോത്തൻകാട്, മദാരി എസ്റ്റേറ്റ്, കേരള എസ്റ്റേറ്റ്, മഞ്ഞൾപാറ, അണ്ണൻകുണ്ട് മുതലായ മലയോര പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം ഉള്ളതിനാൽ പ്രദേശവാസികൾ രാത്രികാലങ്ങൾ പുറത്ത് ഇറങ്ങുന്നതും ജോലി ആവശ്യാർഥം വെളുപ്പിന് മേഖലകളിൽ എത്തിപ്പെടുന്ന തൊഴിലാളികളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിലമ്പൂർ ഫോറസ്റ്റ് സൗത്ത് വനം ഡിവിഷൻ എമർജൻസി കൺട്രോൾ യൂനിറ്റ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.