സ്വകാര്യ സ്ഥലത്തെ നിർമാണ പ്രവൃത്തി വിനയായി; കൊണ്ടോട്ടി മത്സ്യ മൊത്ത വിതരണ മാര്‍ക്കറ്റിന്റെ ചുറ്റുമതില്‍ തകര്‍ന്നു
text_fieldsകൊണ്ടോട്ടിയിലെ മത്സ്യ മൊത്ത മാര്‍ക്കറ്റിന്റെ ചുറ്റുമതില്‍ തകര്‍ന്നുവീണ നിലയില്‍
കൊണ്ടോട്ടി: സ്വകാര്യ ഭൂമിയിലെ നിർമാണ പ്രവൃത്തിക്കിടെ കൊണ്ടോട്ടി നഗരസഭ രണ്ടാഴ്ച മുമ്പ് നിർമിച്ച മത്സ്യ മൊത്തവിതരണ മാര്‍ക്കറ്റിന്റെ ചുറ്റുമതില്‍ തകര്‍ന്നു. മതിലിനോട് ചേര്‍ന്ന സ്വകാര്യ സ്ഥലത്ത് ജെ.സി.ബി ഉപയോഗിച്ച് മതില്‍ക്കെട്ടും മരങ്ങളും മാറ്റുന്നതിനിടെ 10 ലക്ഷം രൂപ ചെലവില്‍ നഗരസഭ നിർമാണം പൂര്‍ത്തിയാക്കിയ ചുറ്റുമതിലിന്റെ ഒരു ഭാഗം തകര്‍ന്നടിയുകയായിരുന്നു. ഇക്കഴിഞ്ഞ ആറിനായിരുന്നു മാര്‍ക്കറ്റിന്റെ ചുറ്റുമതിലും കവാടവും ഉദ്ഘാടനം ചെയ്തിരുന്നത്. ബുധനാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. വിവരമറിഞ്ഞയുടന്‍ നഗരസഭയില്‍നിന്ന് ഉദ്യോഗസ്ഥസംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
മാര്‍ക്കറ്റിലെ മതില്‍ക്കെട്ടിന്റെ അടിത്തറയോട് ചേര്‍ന്ന് ജെ.സി.ബി ഉപയോഗിച്ച് പ്രവൃത്തികള്‍ നടത്തിയതും അടുത്തുണ്ടായിരുന്ന തെങ്ങുള്‍പ്പെടെ മരങ്ങള്‍ വേരോടെ പിഴുതെടുത്തതുമാണ് പുതുതായി നിർമിച്ച മതില്‍ക്കെട്ടിന്റെ അടിത്തറയിളകാൻ കാരണമായതെന്ന് നഗരസഭ അസിസ്റ്റന്റ് എന്‍ജിനീയര്‍ ശ്രീകല ടി. നായര്‍ വ്യക്തമാക്കി.സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നഗരസഭാധികൃതര്‍ സ്വകാര്യ സ്ഥലമുടമയെ വിളിച്ചുവരുത്തുകയും വിശദീകരണം തേടുകയും ചെയ്തു. തകര്‍ന്ന മതില്‍ സ്ഥലമുടമ സ്വന്തം ചെലവില്‍ നിർമിച്ചു നല്‍കാന്‍ ധാരണയായതായി നഗരസഭ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

