അപകടക്കെണിയറിയാതെ മുഹമ്മദ് ഷാ നടന്നടുത്തത് മരണത്തിലേക്ക്
text_fieldsനീറാട് ജനവാസകേന്ദ്രത്തിലെ തോട്ടത്തില്‍ വൈദ്യുതിക്കമ്പി പൊട്ടിവീണ നിലയില്‍
കൊണ്ടോട്ടി: പൊട്ടിവീണ വൈദ്യുതിക്കമ്പി തീര്‍ത്ത അപകടക്കെണിയറിയാതെ നീറാട് സ്വദേശി മങ്ങാട് ആനക്കച്ചേരി മുഹമ്മദ് ഷാ (57) മരണത്തിലേക്ക് നടന്നടുത്തത് ഗ്രാമത്തെയാകെ കണ്ണീരിലാഴ്ത്തി. കോരിച്ചൊരിയുന്ന മഴക്ക് അല്പം ശമനമായപ്പോള്‍ വീടിനടുത്തുള്ള തോട്ടത്തിലെ തെങ്ങിന് തടമെടുക്കാന്‍ അദ്ദേഹം പോയത് മടക്കമില്ലാത്ത യാത്രയായിരുന്നെന്ന് വിശ്വസിക്കാനാകാതെ വീട്ടുകാരും നാട്ടുകാരും പകച്ചു.
ഗൃഹനാഥന്റെ ദാരുണാന്ത്യത്തില്‍ കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെയാണ് വീട്ടുകാരും നാട്ടുകാരും പഴിക്കുന്നത്. ബുധനാഴ്ച രാത്രിയുണ്ടായ കാറ്റിലും മഴയിലുമാണ് മരം വീണ് ജനവാസ മേഖലയില്‍ വൈദ്യുതിക്കമ്പി പൊട്ടിവീണത്. രാത്രിതന്നെ ഇക്കാര്യം മുണ്ടക്കുളത്തെ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസില്‍ അറിയിച്ചിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെയും ഓഫിസുമായി ബന്ധപ്പെട്ടു. സ്ഥലത്ത് പ്രാഥമിക പരിശോധനപോലും നടത്താതെ ഉച്ചക്ക് പ്രശ്നം പരിഹരിക്കുമെന്നായിരുന്നു ഓഫിസില്‍നിന്ന് ലഭിച്ച മറുപടിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. മരം വീണതറിഞ്ഞ് 15 മണിക്കൂര്‍ പിന്നിട്ടിട്ടും ലൈനിലെ വൈദ്യുതിപ്രസരണം നിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രമിച്ചില്ല.
കുട്ടികളടക്കമുള്ളവര്‍ സമാനരീതിയില്‍ അപകടത്തിൽപെടാനുള്ള സാധ്യതയും ഏറെയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. കൊണ്ടോട്ടി പൊലീസില്‍ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ കെ.എസ്.ഇ.ബിയുടെ അനാസ്ഥ വ്യക്തമാക്കിയിട്ടുണ്ട്. സംഭവം അന്വേഷണവിധേയമാക്കുമെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മുതുവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി വെള്ളിയാഴ്ച രാവിലെ 10.30ന് കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.