പുത്തൂർ ഇറക്കത്തിൽ ചരക്കുലോറി വാഹനങ്ങളിലിടിച്ച് 10 പേർക്ക് പരിക്ക്
text_fieldsപുത്തൂരിൽ അപകടം വരുത്തിയ ചരക്കുലോറി
കോട്ടക്കൽ: അപകട മേഖലയായ കോട്ടക്കൽ-പെരിന്തൽമണ്ണ പാതയിലെ പുത്തൂർ ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. വിവിധ വാഹനങ്ങളിലെ യാത്രക്കാരായ തൃപ്പനച്ചി പുത്തൻപുരക്കൽ ഉണ്ണികൃഷ്ണൻ (56), ദിലീപ് (40), തൃപ്പനച്ചി വിളക്കത്തിൽ പ്രജിലേഷ് (45), കരിങ്ങപ്പാറ തൊട്ടിയിൽ അബ്ദുൽ സലാം (52,) പൊൻമുണ്ടം പുതുക്കിടി കദീജ(42), മിസ് രിയ( 23), ഹസിൻ സയാൻ (11), ഫസലുറഹ്മാൻ ( 27), പുത്തൂർ അവുക്കൻ ചാലിൽ റാഷിദ (43,) പുത്തൂർ അവുക്കൻ ചാലിൽ ബഷീർ (50) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ കോട്ടക്കലിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം. തൃപ്പനച്ചി സ്വദേശികൾ സഞ്ചരിച്ച കാർ ലോറിക്കടിയിൽപ്പെട്ടു. പൂർണമായും തകർന്ന കാറിലകപ്പെട്ടവരെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. ഇതിൽ പ്രജിലേഷിന് ഗുരുതര പരിക്കാണ്. പെരിന്തൽമണ്ണ ഭാഗത്തുനിന്നും ചരക്കുമായി വരികയായിരുന്ന ലോറി വലിയപ്പറമ്പ് ഭാഗത്തുനിന്നും നിയന്ത്രണം നഷ്ടപ്പെട്ട് താഴെ പുത്തൂർ ജങ്ഷനിലേക്ക് കുതിക്കുകയായിരുന്നു. എട്ടോളം വാഹനങ്ങളിലിടിച്ച ലോറി ബൈപാസ് ജങഷനും കടന്ന് സമീപത്തെ പാടത്തേക്കിടിച്ച് നിൽക്കുകയായിരുന്നു.
പരിക്കേറ്റവരെ നാട്ടുകാരും യാത്രക്കാരുമാണ് ആശുപത്രികളിലേക്ക് എത്തിച്ചത്. കാർ, ഓട്ടോ, ഇരുചക്രവാഹനങ്ങൾ എന്നിവക്ക് അപകടത്തിൽ കേടുപാടുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കോട്ടക്കൽ പൊലീസ് നടപടികൾ സ്വീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.