‘മെക് സെവൻ’ കൂട്ടായ്മയിൽനിന്നുള്ള സ്ഥാനാര്‍ഥികള്‍ പറയുന്നു; ഇവിടെ രാഷ്ടീയമില്ല, വ്യായാമം മാത്രം
text_fieldsതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോട്ടക്കൽ മെക് സെവൻ യൂനിറ്റ് കൂട്ടായ്മയിലെ സ്ഥാനാർഥികൾ സെൽഫിയെടുക്കുന്നു
കോട്ടക്കല്‍: തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ട് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർഥികൾ. ഊണും ഉറക്കവും ഇല്ലാതെയാണ് ഓരോ ദിനങ്ങളും കടന്നു പോകുന്നത്. ഇതിനിടെ ശരീരത്തിന് കുറച്ചെങ്കിലും ആശ്വാസം ലഭിക്കാൻ ആരോഗ്യപരിപാലനത്തിലാണ് കോട്ടക്കലിലെ ഇടതു വലതു സ്ഥാനാർഥികളായ ഏഴുപേർ. ദിവസവും രാജാസ് സ്കൂൾ മൈതാനത്ത് മെക് സെവന് കീഴിൽ നടക്കുന്ന പ്രഭാത വ്യായാമ കൂട്ടായ്മയിലെ അംഗങ്ങളാണിവർ.
കെ. പ്രവീണ്‍ മാഷ്, സനില പ്രവീണ്‍, സാജിദ് മങ്ങാട്ടില്‍, തൈക്കാടന്‍ മറിയം ബീരാന്‍, സുലൈമാന്‍ പാറമ്മല്‍, ശോഭ ടീച്ചർ, ഹക്കീം കെ.കെ മാരാത്ത് എന്നിവരാണ് സ്ഥാനാർഥികളായി രംഗത്തുള്ളത്. സാജിദും സുലൈമാനും മറിയവും യു.ഡി.എഫ് സ്ഥാനാർഥികളാണ്. മറ്റു നാലുപേരും എല്‍.ഡി.എഫ് പ്രതിനിധികളും. ആറ് പേർ കോട്ടക്കല്‍ നഗരസഭയിലേക്കും ഇടത് നേതാവായ ഹക്കീം എടരിക്കോട് ഡിവിഷനിലേക്കുമാണ് ജനവിധി തേടുന്നത്. ദമ്പതികളാണ് പ്രവീണും സനിലയും.
നിലവിലെ കൗണ്‍സിലറായ സനില ജനറല്‍ വാര്‍ഡായ (34)കുര്‍ബാനിയില്‍ തന്നെ വീണ്ടും മത്സരിക്കുന്നു. സി.പി.എം നേതാക്കളായ പ്രവീണ്‍ തോക്കാമ്പാറ(33)യിലും ശോഭ ടീച്ചര്‍ ആമപ്പാറ(24)യിലുമാണ് മത്സരിക്കുന്നത്.
മുസ്ലിം ലീഗ് നേതാക്കളായ സാജിദ് ചങ്കുവെട്ടിക്കുണ്ടിലും(35), സുലൈമാന്‍ ചുണ്ടയിലും(2), വാര്‍ഡ്(31) പാലത്തറയില്‍ മറിയം ബീരാനും മത്സരിക്കുന്നു. പകലന്തിയോളം തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി മുന്നോട്ട് പോകുന്ന ഇവർക്ക് ആശ്വാസമാണ് രാവിലെയുള്ള വ്യായാമങ്ങളെന്ന് മുതിർന്ന സ്ഥാനാർഥി ശോഭ ടീച്ചർ പറയുന്നു.
അതുകൊണ്ട് തന്നെ അര മണിക്കൂറുള്ള വ്യായാമത്തിൽ പരമാവധി പങ്കെടുക്കുന്നവരാണ് ഇവർ. വിജയിച്ചു കഴിഞ്ഞാൽ വ്യായാമം ചെയ്യാൻ കളിക്കളം, തെരുവ് നായ് ശല്യത്തിന് പരിഹാരം കാണണം എന്നൊക്കെയാണ് മറ്റംഗങ്ങളുടെ ആവശ്യം. ഞായറാഴ്ചയായതിനാൽ മത്സരിക്കുന്ന സ്ഥാനാർഥികളെയെല്ലാം ഒരുമിച്ച് കണ്ടതിന്‍റെ ആവേശത്തിലായിരുന്നു എല്ലാവരും.
എല്ലാവർക്കും രാഷ്ടീയമുണ്ടെങ്കിലും മെക് സെവന്‍റെ ചിഹ്നം വ്യായാമമാണ്. ജയിച്ചു വരാൻ ആശംസിച്ചാണ് പിരിഞ്ഞത്. ഒരു വർഷം പിന്നിടുന്ന കൂട്ടായ്മയിൽ വനിതകളടക്കം 200ഓളം പേരാണുളളത്. കെ. അബ്ദുൾ ലത്തീഫാണ് മുഖ്യ പരിശീലകൻ. ആർ. അനൂപ്, റസാഖ് മൂർക്കത്ത്, നജീറ, ഷെറിൻ, റിയാസ്, കെ.അബ്ദുൾ ഹമീദ് എന്നിവരുടെ നേതൃത്വത്തിലാണ് കൂട്ടായ്മയുടെ പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

