ധീരജവാന് വീരോചിത വിട; കണ്ണീർപൂക്കളുമായി നാട്
text_fieldsബാലപ്രബോധനി സ്കൂളിൽ നടന്ന പൊതുദർശനത്തിൽ സജീഷിന്റെ മാതാവ് ലക്ഷ്മിയും ഭാര്യ റോഷ്നിയും
കോട്ടക്കൽ: ജമ്മു കശ്മീർ രജോരി സെക്ടറിലുണ്ടായ അപകടത്തിൽ വീരമൃത്യു വരിച്ച ധീരജവാന് ഔദ്യോഗിക ബഹുമതികളോടെ നാടിന്റെ വിട. ഒതുക്കുങ്ങൽ ചെറുകുന്ന് കാട്ടുമുണ്ട സുബേദാർ സജീഷാണ് (48) പട്രോളിങിനിടെ അപകടത്തിൽപ്പെട്ട് വെള്ളിയാഴ്ച മരിച്ചത്. ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കരിപ്പൂരിലെത്തിച്ച മൃതദേഹം സൈനിക അധികൃതർ ഏറ്റുവാങ്ങി.
കലക്ടർ വി.ആർ വിനോദ് റീത്ത് സമർപ്പിച്ചു. ശനിയാഴ്ച രാത്രി പത്തോടെ ചെറുകുന്നിലെ വീട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ ഏഴ് മുതൽ 8.30 വരെ ഒതുക്കുങ്ങൽ ചെറുകുന്ന് ബാലപ്രബോധനി സ്കൂളിലായിരുന്നു. പൊതുദർശനം. നൂറുകണക്കിന് പേരാണ് അവസാനമായി കാണാൻ എത്തിയത്. സബ് കലക്ടർ ദിലീപ് കൈനിക്കര സർക്കാരിന് വേണ്ടി റീത്ത് സമർപ്പിച്ചു.
സുബേദാർ സജീഷിന് സൈന്യം ഗാർഡ് ഓഫ് ഓണർ നൽകുന്നു
എം.എൽ.എമാരായ പി.കെ കുഞ്ഞാലിക്കുട്ടി, എ.പി അനിൽകുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ അന്തിമോപചാരമർപ്പിച്ചു. സൈനിക വിഭാഗ മേധാവികളും റീത്ത് സമർപ്പിച്ചതിന് പിന്നാലെ 9.25 ന് വീട്ടിലേക്ക് പുറപ്പെട്ടു.
മാതാവ് ലക്ഷ്മി, ഭാര്യ റോഷ്നി, മക്കളായ സിദ്ധാർഥ്, ആര്യൻ, സഹോദരങ്ങൾ, ബന്ധുക്കൾ തുടങ്ങിയവർ അശ്രുപൂജ നടത്തി. ഇളയമകൻ ആര്യന്റെ സങ്കടം ഏവരേയും കണ്ണീരിലാഴ്ത്തി. സജീഷിന്റെ യൂനിഫോമും ദേശീയപതാകയും സൈനിക മേധാവിമാരിൽ നിന്ന് റോഷ്നി ഏറ്റുവാങ്ങി. ചടങ്ങും സൈനിക നടപടികളും പൂർത്തിയാക്കിയ ശേഷം സമീപത്തെ കുടുംബശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ.
തുടർന്ന് സൈന്യം ഗാർഡ് ഓഫ് ഓണർ നൽകി. 10.15ന് മക്കളായ സിദ്ധാർഥും ആര്യനും ചിതക്ക് തീകൊളുത്തി. 27 വർഷമായി സൈന്യത്തിൽ ജോലി ചെയ്യുകയായിരുന്നു സജീഷ്. സഹോദരന്റെ ഗൃഹപ്രവേശ ചടങ്ങിന് കഴിഞ്ഞ മാസമാണ് നാട്ടിൽ വന്ന് തിരിച്ച് പോയത്. അഞ്ച് വർഷം മുമ്പായിരുന്നു പിതാവ് സുബ്രഹ്മണ്യന്റെ മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

