പെരുമണ്ണയിൽ മുസ്ലിം ലീഗിനെ കൈയൊഴിഞ്ഞ് കോൺഗ്രസ്
text_fieldsകോട്ടക്കൽ: സീറ്റുവിഭജനത്തെ തുടർന്ന് പ്രതിസന്ധിയിലായ പെരുമണ്ണ ക്ലാരിയിൽ ഇത്തവണ കോൺഗ്രസ് മത്സരത്തിനില്ല. ഞായറാഴ്ച രാത്രി നടന്ന മണ്ഡലം കമ്മിറ്റി യോഗത്തിലാണ് സുപ്രധാന തീരുമാനം നേതൃത്വം സ്വീകരിച്ചത്. ഒന്നെങ്കിൽ യു.ഡി.എഫ് ആവുക അല്ലെങ്കിൽ മത്സരിക്കാതിരിക്കുക എന്ന വികാരമാണ് പ്രവർത്തകർ മുന്നോട്ട് വെച്ചത്. പരമാവധി വിട്ടുവീഴ്ച ചെയ്തിട്ടും യു.ഡി.എഫുമായി മുന്നോട്ടുപോകാൻ ലീഗിലെ ഒരു വിഭാഗം തയാറാകാത്തതാണ് മുന്നണി ബന്ധം തകരാൻ കാരണമെന്ന് മണ്ഡലം പ്രസിഡൻറ് ബുഷറുദ്ദീൻ തടത്തിൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
പ്രസിഡൻറ് സ്ഥാനാർഥി സംബന്ധിച്ച വിഭാഗീയതയാണ് മറ്റൊരു ആരോപണം. കോൺഗ്രസിന് വിജയ സാധ്യതയുള്ള സീറ്റുകളിലും ലീഗ് വിട്ടുവീഴ്ച ചെയ്തില്ല. വാർഡുകൾ വിഭജിച്ചതോടെ നിലവിൽ പതിനാറുള്ളത് പതിനെട്ടായി ഉയർന്നിരിക്കുകയാണ്. ഉഭയകക്ഷി പ്രകാരം അഞ്ച് സീറ്റും വൈസ് പ്രസിഡൻറ് സ്ഥാനവുമാണ് കോൺഗ്രസിനുള്ളത്. സംവരണ സീറ്റിൽ ലീഗ് പറയുന്ന സ്ഥാനാർഥിയെ കോൺഗ്രസ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിപ്പിക്കണമെന്ന നിലപാടും തർക്കത്തിന് കാരണമായി.
നിലവിലുള്ള വൈസ് പ്രസിഡൻറ് സ്ഥാനം നൽകില്ലെന്നറിയച്ചതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് നേതൃത്വം എത്തിയത്. ആർക്ക് വോട്ട് ചെയ്യണമെന്നതടക്കമുള്ള നിലപാട് വരും ദിവസങ്ങളിൽ സ്വീകരിക്കാനാണ് തീരുമാനം. മുന്നണി ബന്ധം തകർന്ന പെരുമണ്ണയിൽ കോൺഗ്രസിന്റെ നീക്കം അപ്രതീക്ഷിതമാണ്. സീറ്റ് ചർച്ചകൾക്കായി ചേർന്ന മണ്ഡലം യോഗങ്ങൾ തുടർച്ചയായി പരാജയപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

