ജീവിതം വിളിച്ചു; മൃണാളിനി മടങ്ങിവന്നു
text_fieldsമൃണാളിനി ആശുപത്രി ജീവനക്കാർക്കൊപ്പം
കുറ്റിപ്പുറം: തവനൂര്‍ കാര്‍ഷിക കോളജിലെ പി.എച്ച്.ഡി വിദ്യാർഥിനി മൃണാളിനിയെ (24) സെപ്റ്റിക് ഷോക്ക് എന്ന അതീവ ഗുരുതരാവസ്ഥയില്‍നിന്ന് രക്ഷിച്ചെടുത്ത് കുറ്റിപ്പുറം താലൂക്ക് ആശുപത്രി. ജലാംശം അമിതമായി നഷ്ടപെട്ട് വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനം താറുമാറാകുകയും രക്തത്തില്‍ അണുബാധ ഉണ്ടാകുകയും ഷോക്കിലേക്ക് പോകുകയും ചെയ്തിരുന്നു. ആ അവസ്ഥയില്‍നിന്നാണ് ഒരാഴ്ചത്തെ തീവ്ര പരിചരണവും കരുതലും നല്കി മൃണാളിനിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. ജീവന് രക്ഷിച്ച കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരെയും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു.
ഒരാഴ്ച മുമ്പാണ് പനിയും വയറിളക്കവുമായി അവശ നിലയില്‍ മൃണാളിനിയെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ രക്തത്തിലെ കൗണ്ടിന്റെ അളവില്‍ വ്യത്യാസം കണ്ടതിനാല്‍ അഡ്മിറ്റാകാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ മൃണാളിനിയുടെ ബന്ധുക്കള്‍ കുട്ടിയെ സ്വദേശമായ മഹാരാഷ്ട്രയിലെത്തിച്ച് ചികിത്സിച്ചോളാം എന്ന് നിര്‍ബന്ധം പിടിച്ചു. ഈ അവസ്ഥയില്‍ യാത്ര അപകടകരമാണെന്നും രണ്ടു ദിവസം തീവ്രപരിചരണവിഭാഗത്തില്‍ വിദഗ്ധ ചികിത്സ നല്കി ആരോഗ്യനില മെച്ചപ്പെട്ട ശേഷം പോകാമെന്നും ഡോക്ടര്‍ അറിയിച്ചു. ബന്ധുക്കള്‍ സമ്മതമറിയിച്ചതോടെ മൃണാളിനിയെ അഡ്മിറ്റാക്കി.
ആദ്യത്തെ രക്ത പരിശോധനാ ഫലം വന്നപ്പോള്‍ തന്നെ രോഗി ഗുരുതരാവസ്ഥയിലാണെന്ന് ബോധ്യമായി. ജലാംശം അമിതമായി നഷ്ടപെട്ടിട്ടുണ്ട്. കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനം താറുമാറായിട്ടുണ്ട്. കൂടാതെ രക്തത്തില്‍ അണുബാധയുണ്ടായി സെപ്റ്റിക് ഷോക്ക് എന്ന അവസ്ഥയും. പിറ്റേ ദിവസം വീണ്ടും കൗണ്ട് കുറയുകയും രക്തത്തിന്റെ അളവ് ക്രമാതീതമായി താഴുകയും ചെയ്തു. രോഗിക്ക് അടിയന്തരമായി രക്തം നല്‍കുകയും രക്തത്തിലെ മറ്റു ഘടകങ്ങള്‍ ശരിയാകാൻ ചികിത്സ നല്‍കുകയും ചെയ്തു.
കുറഞ്ഞ സമയം കൊണ്ട് ആരോഗ്യനില പതിയെ മെച്ചപ്പെടാന്‍ തുടങ്ങി. ഡ്യൂട്ടി സമയം പോലും നോക്കാതെ ഡോക്ടര്‍മാർക്കൊപ്പം ഐ.സി.യു, ലാബ്, ഫാര്‍മസി ജീവനക്കാർ തുടങ്ങിയവർ തീവ്ര പരിചരണം നല്കി. ആരോഗ്യനില മെച്ചപ്പെടുകയും രക്തത്തിലെ കൗണ്ട് സാധാരണ നിലയില്‍ എത്തുകയും ചെയ്തു. കരളിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനവും പൂർവസ്ഥിതിയിലായി. സ്വകാര്യ ആശുപത്രിയില്‍ ലക്ഷങ്ങള്‍ ചെലവുവരുന്ന ചികിത്സയാണ് സൗജന്യമായി ലഭ്യമാക്കിയത്.
ആശുപത്രി സൂപ്രണ്ട് ഡോ. എന്‍.ആര്. സജിയുടെ ഏകോപനത്തില്‍ ഫിസിഷ്യന്‍ ഡോ. ഷമീല്‍ കെ.എം., സുഹൈല്‍, ഹെഡ് നഴ്സ് രജിത, നഴ്സിംഗ് ഓഫീസര്‍മാരായ അജീഷ്, റാണി, സൂര്യ, നിത്യ, ലയന, ലിസമോള്, നഴ്സിങ് അസിസ്റ്റന്റുമാരായ മുഹമ്മദ്, പ്രിയ എന്നിവരാണ് ചികിത്സയും പരിചരണവുമൊരുക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.