ആരോഗ്യസേവന രംഗത്ത് മറ്റൊരു നേട്ടം; കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം
text_fieldsകുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ വിജയകരമായ കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ ടീം
കുറ്റിപ്പുറം: കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി ചെയ്തു. മെഡിക്കൽ ഓഫിസർ ഡോ. കെ.ഇ. അബ്ദുൽ ജബ്ബാറിന്റെയും അസ്ഥിരോഗ വിഭാഗം ഡോക്ടർ ബിജുവിന്റെയും നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയിൽ അസ്ഥിരോഗ വിഭാഗം ഡോ. ഉണ്ണികൃഷ്ണൻ, അനസ്തീഷ്യ വിഭാഗം ഡോ. മുനീഷ് എന്നിവർ പങ്കെടുത്തു.
ശസ്ത്രക്രിയ വിജയകരമാക്കുന്നതിൽ സീനിയർ നഴ്സിങ് ഓഫിസർമാരായ അംബിക, റീന, നഴ്സിങ് ഓഫിസർമാരായ രേഖ, സൽവ, റേഡിയോഗ്രാഫർ നവാസ്, നഴ്സിങ് അസിസ്റ്റന്റ് വിശ്വനാഥൻ, അറ്റൻഡർ ഗ്രേഡ്-2 ബിന്ദു, പി.ആർ.ഒ സുരേഷ് എന്നിവർ ശ്രദ്ധേയമായ പങ്കുവഹിച്ചു.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം ചെലവിൽ നവീകരിച്ച ഓപറേഷൻ തിയറ്ററും 15 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച അനസ്തീഷ്യ വർക്ക് സ്റ്റേഷനും ഇതിന് പിന്തുണയായി. അതോടൊപ്പം, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ ചെലവഴിച്ച് കാൽമുട്ടിന്റെ താക്കോൽദ്വാര ശസ്ത്രക്രിയക്ക് വാങ്ങിക്കുന്ന മെഷീൻ വന്നാൽ താക്കോൽദ്വാര ശസ്ത്രക്രിയ നടത്താനുള്ള തയാറെടുപ്പിലാണ് അസ്ഥിരോഗ വിഭാഗം.
ഇതിലൂടെ ആശുപത്രിയിൽ നടക്കുന്ന ശസ്ത്രക്രിയകളും രോഗികൾക്ക് ലഭിക്കുന്ന ചികിത്സ സേവനങ്ങളും കൂടുതൽ നിലവാരമേറിയതാകും. ആശുപത്രിയുടെ സേവന നിലവാരം ഉയർത്തുന്നതിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതികളും സഹകരണവും നിർണായകമായി.
കാത്തിരിപ്പിന് വിരാമം കുറ്റിപ്പുറം ആശുപത്രിയിൽ എക്സ്റേ യൂനിറ്റ്
കുറ്റിപ്പുറം: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കുറ്റിപ്പുറം താലൂക്ക് ആശുപത്രി എക്സ്റേ യൂനിറ്റ് സ്ഥാപിച്ചു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിലെ 50 ലക്ഷം രൂപ ഉപയോഗിച്ച് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ നിർമിച്ച എക്സ്റേ കം ഫിസിയോതെറപ്പി കെട്ടിടത്തിന്റെയും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലെ 40 ലക്ഷം രൂപ ഉപയോഗിച്ച് സ്ഥാപിച്ച ഡ്യുവൽ ഡിറ്റക്ടർ എക്സ്റേ യൂനിറ്റിന്റെയും ഉദ്ഘാടനം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മുൻ വർഷത്തിൽ ഓപറേഷൻ തിയറ്റർ നവീകരിക്കുകയും അനുബന്ധ ഉപകരണങ്ങൾ വാങ്ങി നൽകുകയും ചെയ്തിരുന്നു. ഓർത്തോ വിഭാഗം ഡോക്ടർമാരുടെ നേതൃത്വത്തിൽ വിവിധ തരം ശസ്ത്രക്രിയകൾ ആശുപത്രിയിൽ നടന്നു വരുന്നുണ്ടെങ്കിലും സ്വന്തമായി എക്സ്റേ യൂനിറ്റ് ഇല്ലാതിരുന്നത് പോരായ്മയായിരുന്നു.
ഓപറേഷൻ തിയറ്ററിലേക്കുള്ള അസ്തേഷ്യ വർക്ക് സ്റ്റേഷൻ ഇതിനകം ബ്ലോക്ക് പഞ്ചായത്ത് ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ താക്കോൽദ്വാര ശസ്ത്രക്രിയക്കുള്ള സംവിധാനം സ്ഥാപിക്കാൻ 38 ലക്ഷം രൂപയുടെ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ചതായും അതിന്റെ ടെൻഡർ നടപടികൾ നടന്നുവരികയാണെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി അറിയീച്ചു.
ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട് നിർമിച്ച 1.70 കോടി രൂപയുടെ വിവിധ പദ്ധതികൾ കൂടി ഉദ്ഘാടനം ചെയ്തു. ആശുപത്രിയുടെ പുതിയ കവാടം, സോളാർ പ്ലാന്റ്, വിപുലീകരിച്ച ഒ.പി ബ്ലോക്ക്, ഫിസിയോതെറപ്പി വിഭാഗം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീറ പറതൊടി, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.സി.എ. നൂർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി. വേലായുധൻ, സ്ഥിരം സമിതി അധ്യക്ഷരായ സാബിറ എടത്തത്തിൽ, ആയിഷ ചിറ്റകത്ത്, ഒ.കെ. സുബൈർ, ഫസൽ അലി പൂക്കോയ തങ്ങൾ, സഹീർ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത്- എച്ച്.എം.സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

