ഏലംകുളത്താണ് പോര്; മുൻവർഷം തുല്യ അംഗബലത്തിൽ ഇവിടെ നറുക്കെടുപ്പ് വേണ്ടി വന്നിരുന്നു
text_fieldsപെരിന്തൽമണ്ണ: കമ്യൂണിസ്റ്റ് ആചാര്യൻ ഇം.എം.എസിന്റെ മണ്ണായ ഏലംകുളം പഞ്ചായത്ത് എക്കാലത്തും സി.പി.എമ്മിനെ തുണച്ചതാണ് പാരമ്പര്യം. അതിന് മാറ്റം വരുത്തി ഒരു കോൺഗ്രസുകാരൻ കഴിഞ്ഞ തവണ ഇവിടെ പ്രസിഡന്റായി. കഴിഞ്ഞ തവണ യു.ഡി.എഫും എൽ.ഡി.എഫും തുല്യ ശക്തികളായതോടെ നറുക്കെടുപ്പ് വേണ്ടി വന്നു. ഭാഗ്യം തുണച്ച യു.ഡി.എഫ് ഭരണം നേടി. നാലുവർഷം പിന്നിട്ടപ്പോൾ ഒരംഗം കൂറുമാറിയതോടെ ഭരണം മാറി. കൂറുമാറ്റവും ഭരണമാറ്റവും സംബന്ധിച്ച് ഒട്ടേറെ രാഷ്ട്രീയ ആരോപണങ്ങളും പ്രത്യാരോപണങ്ങളും തെരഞ്ഞെടുപ്പ് പ്രഖ്യാപനഘട്ടം വരെ തുടർന്നു. അന്നത്തെ 16 വാർഡുകൾ ഇപ്പോൾ 18 ആയി. പത്ത് വാർഡുകളിൽ വിജയം നേടിയാൽ വ്യക്തമായ ഭൂരിപക്ഷമാവും.
ആദ്യ നാലുവർഷത്തെ വികസന നേട്ടങ്ങൾ പറഞ്ഞ് യു.ഡി.എഫ്
കോൺഗ്രസ് ജില്ല സെക്രട്ടറി സി. സുകുമാരൻ പ്രസിഡന്റും മുസ്ലിം ലീഗിലെ കെ. ഹൈറുന്നീസ ഉപാധ്യക്ഷയുമായ ഭരണസമിതിയാണ് ഇവിടെ പഞ്ചായത്ത് ഭരിച്ചത്. കോൺഗ്രസ് പിന്തുണയിൽ വിജയിച്ച വനിത അംഗം കൂറുമാറി ഇടതുപക്ഷത്ത് ചേർന്നതോടെയാണ് അവിശ്വാസപ്രമേയത്തിൽ ഭരണം എൽ.ഡി.എഫ് ഒരു വർഷം മുമ്പ് തിരിച്ചുപിടിച്ചത്. ആദ്യ നാലുവർഷം യു.ഡി.എഫ് ഭരണസമിതി നടപ്പാക്കിയ വികസന നേട്ടങ്ങളാണ് യു.ഡി.എഫിന് ജനങ്ങൾക്ക് മുമ്പിൽ നിരത്താനുള്ളത്. ഏറെകാലത്തെ ആവശ്യമായ ബഡ്സ് സ്കൂൾ സ്ഥാപിച്ചതും ആയുർവേദ ആശുപത്രിക്ക് സ്ഥലം കണ്ടെത്തി ഫണ്ടു വെച്ചതും സിദ്ധ ആശുപത്രിക്ക് സ്ഥലം കണ്ടെത്തിയും ജൽജീവൻ മിഷൻ പദ്ധതി വേഗത്തിൽ പൂർത്തിയാക്കിയതും നേട്ടങ്ങളായി യു.ഡി.എഫ് ഉയർത്തിക്കാട്ടുന്നു.
കുറഞ്ഞ കാലം; കൂടുതൽ നേട്ടമെന്ന് എൽ.ഡി.എഫ്
ഏലംകുളം പഞ്ചായത്തിൽ ഇപ്പോൾ കാണുന്ന വികസന പദ്ധതികളിൽ ഏറെയും മുൻകാല ഇടത് പഞ്ചായത്ത് ഭരണസമിതിയുടെ നേട്ടങ്ങളാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ വലിയ പദ്ധതികൾ ആസൂത്രണം ചെയ്യാൻ സാവകാശം ലഭിച്ചിട്ടില്ല. എങ്കിലും മുൻഭരണസമിതിയുടെ കാലത്ത് ആരംഭിച്ച പദ്ധതികൾ പൂർത്തിയാക്കി. കുറഞ്ഞ കാലത്തെ ഭരണനേട്ടങ്ങൾ എൽ.ഡി.എഫും പ്രചരണ വിഷയമാക്കുന്നുണ്ട്.
നറുക്കെടുപ്പ് വേണ്ടി വരില്ലെന്ന് മുന്നണികൾ
സി.പി.ഐ ഏഴ്, ഒമ്പത്, 12 എന്നിങ്ങനെ മൂന്നു വാർഡുകളിലാണ് മത്സരിക്കുന്നത്. ഇതിൽ വാർഡ് ഒമ്പത് കുന്നക്കാവിൽ പൊതുസ്വതന്ത്രന് പിന്തുണ നൽകുകയാണ് എൽ.ഡി.എഫ്. യു.ഡി.എഫിൽ കോൺഗ്രസ് എട്ട്, ലീഗ് ഒമ്പത്, വെൽഫെയർപാർട്ടി ഒന്ന് എന്നിങ്ങനെയും എൽ.ഡി.എഫിൽ സി.പി.എം-15, സി. പി.ഐ-മൂന്ന് എന്നിങ്ങനെയുമാണ് മൽസരിക്കുന്നത്. ബി.ജെ.പി ഏതാനും വാർഡുകളിൽ മത്സരിക്കുന്നുണ്ട്.
സി.പി.എമ്മിനെ സംബന്ധിച്ച് അഭിമാന പ്രശ്നമാണ് ഏലംകുളം. നാലു പതിറ്റാണ്ട് എൽ.ഡി.എഫ് ഭരിച്ച പഞ്ചായത്ത് 2020ൽ നറുക്കെടുപ്പിലാണെങ്കിലും നഷ്ടപ്പെട്ടതിൽ ഒട്ടേറെ പഴിചാരലുകളുണ്ടായി. അതിന് ഈ തെരഞ്ഞെടുപ്പിൽ പരിഹാരം കാണാനാണ് ശ്രമം. യു.ഡി.എഫിൽ ലീഗും കോൺഗ്രസും പൂർണ ഐക്യത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇരുമുന്നണികളുടെയും രാഷ്ട്രീയ വോട്ട് വേർതിരിച്ചാൽ നിഷ്പക്ഷർ എവിടെ നിൽക്കുമെന്നത് ആശ്രയിച്ചാണ് ഏലംകുളം ആരു ഭരിക്കുമെന്ന് തീരുമാനിക്കുക. അതുകൊണ്ടുതന്നെ എൽ.ഡി.എഫും യു.ഡി.എഫും ഉറച്ച സ്വരത്തിൽ പറയുന്നു, ഏലംകുളത്ത് ഇത്തവണ നറുക്കെടുപ്പ് വേണ്ടി വരില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

