മാധ്യമം-മലബാർ ഗോൾഡ് ‘ലീഡർഷിപ്’ കാമ്പയിൻ; സ്ത്രീ മുന്നേറ്റങ്ങളുടെ കഥപറഞ്ഞ് ‘ഹെർസ്റ്റോറി അൺഫോൾഡ്സ്’
text_fields‘മാധ്യമം കുടുംബ’വും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും സംയുക്തമായി മഞ്ചേരി യൂണിറ്റി വിമൻസ് കോളജിൽ സംഘടിപ്പിച്ച ലീഡർഷിപ് കാമ്പയിൻ ജില്ല കലക്ടർ വി.ആർ. വിനോദ് ഉദ്ഘാടനം ചെയ്യുന്നു. യൂണിറ്റി വിമൻസ് കോളജ് മാനേജർ ഒ. അബ്ദുൽ അലി, പ്രിൻസിപ്പൽ പ്രഫ. ഡോ. മുഹമ്മദ് ബഷീർ ഉമ്മത്തൂർ, മലബാർ ഗ്രൂപ് ലേണിങ് ആൻഡ് ഡെവലപ്മെന്റ് മാനേജർ എം.എസ്. നീത, ഡോ. ഷാഹിന മോൾ, എഴുത്തുകാരി നുസ്റത്ത് വഴിക്കടവ്, മാധ്യമം സീനിയർ സബ് എഡിറ്റർ എസ്. അനിത, കോളജ് ചെയർപേഴ്സൻ കെ. ഫിദ, മാധ്യമം റസിഡന്റ് എഡിറ്റർ ഇനാം റഹ്മാൻ, ഹൈലൈറ്റ് ഗ്രൂപ് ഡയറക്ടർ നിമ സുലൈമാൻ, ഡോ. അശ്വതി സോമൻ എന്നിവർ സമീപം. ഫോട്ടോ; പി. അഭിജിത്ത്
നുസ്റത്ത് വഴിക്കടവ്മഞ്ചേരി: മാധ്യമം കുടുംബവും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ലീഡർഷിപ്പ്’ കാമ്പയിന്റെ രണ്ടാംഘട്ടം മഞ്ചേരി യൂണിറ്റി വിമൻസ് കോളജിൽ പ്രൗഢഗംഭീര സദസ്സിനുമുന്നിൽ അരങ്ങേറി. വനിതകളെ സമൂഹത്തിന്റെ നേതൃനിരയിലേക്ക് നയിക്കുന്നതിനും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനും കേരളത്തിലെ വിവിധ കോളജുകൾ, സർവകലാശാലകൾ എന്നിവ കേന്ദ്രീകരിച്ച് സംസ്ഥാനത്തൊട്ടാകെ മാധ്യമവും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും ചേർന്നൊരുക്കുന്ന പരിപാടിയാണ് ‘ലീഡർഷിപ്’ കാമ്പയിൻ. ജില്ല കലക്ടർ വി.ആർ. വിനോദ് പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ രംഗങ്ങളിൽ സ്ത്രീകളുടെ മുന്നേറ്റം പ്രകടമാണെങ്കിലും സ്ത്രീ ശാക്തീകരണം പൂർത്തിയായെന്ന് വാദിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
യൂണിറ്റി വിമൻസ് കോളജ് പ്രിൻസിപ്പൽ പ്രഫ. മുഹമ്മദ് ബഷീർ ഉമ്മത്തൂർ അധ്യക്ഷത വഹിച്ചു. മലബാർ ഗ്രൂപ് ലേണിങ് ആൻഡ് ഡെവലപ്മെന്റ് മാനേജർ എം.എസ്. നീത, ‘മാധ്യമം’ റസിഡന്റ് എഡിറ്റർ ഇനാം റഹ്മാൻ, കോളജ് യൂനിയൻ ചെയർപേഴ്സൻ കെ. ഫിദ എന്നിവർ സംസാരിച്ചു. ‘മാധ്യമം’ സീനിയർ സബ് എഡിറ്ററും ‘ലീഡർഷിപ്’ കാമ്പയിൻ കോഓഡിനേറ്ററുമായ എസ്. അനിത സ്വാഗതവും ഫാത്തിമ തസ്നി നന്ദിയും പറഞ്ഞു. മലബാർ ഗ്രൂപ് ഓഫ് കമ്പനീസ് കോർപറേറ്റ് ഡെപ്യൂട്ടി മാനേജർ നരേഷ് രാധാകൃഷ്ണൻ, മലബാർ ഗോൾഡ് മഞ്ചേരി ഷോറൂം ഹെഡ് എ.കെ. ഷബീർ തുടങ്ങിയവർ സംബന്ധിച്ചു.
‘മാധ്യമം കുടുംബ’വും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും സംയുക്തമായി മഞ്ചേരി യൂണിറ്റി വിമൻസ് കോളജിൽ സംഘടിപ്പിച്ച ലീഡർഷിപ്പ് കാമ്പയിനിൽ അതിഥികളായെത്തിയ ഡോ. ഷാഹിന മോൾ, ഡോ. അശ്വതി സോമൻ, ഹൈലൈറ്റ് ഗ്രൂപ് ഡയറക്ടർ നിമ സുലൈമാൻ, എഴുത്തുകാരി നുസ്റത്ത് വഴിക്കടവ് എന്നിവരും യൂണിറ്റി വിമൻസ് കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. മുഹമ്മദ് ബഷീർ ഉമ്മത്തൂരും മാധ്യമം റസിഡന്റ് എഡിറ്റർ ഇനാം റഹ്മാനിൽനിന്ന് ഉപഹാരങ്ങൾ ഏറ്റുവാങ്ങിയപ്പോൾ
തുടർന്ന് ‘ഹെർ സ്റ്റോറി അൺഫോൾഡ്സ്’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ ആതുരസേവന മേഖലയിലെ നിറസാന്നിധ്യവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഡോ. അശ്വതി സോമൻ, ഹൈലൈറ്റ് ഗ്രൂപ് ഓഫ് കമ്പനീസ് ഡയറക്ടർ നിമ സുലൈമാൻ, എഴുത്തുകാരിയും അതിജീവനത്തിന്റെ നേർസാക്ഷ്യവുമായ നുസ്റത്ത് വഴിക്കടവ്, അധ്യാപികയും സാംസ്കാരിക പ്രവർത്തകയുമായ ഡോ. ഷാഹിന മോൾ എന്നിവർ പങ്കെടുത്തു. പാനൽ അംഗങ്ങൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ സദസ്സ് അവരോടൊപ്പം തുറന്ന മനസ്സുമായി ചർച്ചയിൽ പങ്കെടുത്തു.
സ്ത്രീ ശാക്തീകരണം പൂർത്തിയായെന്ന് വാദിക്കാനാവില്ല -കലക്ടർ വി.ആർ. വിനോദ്
വിവിധ രംഗങ്ങളിൽ സ്ത്രീകളുടെ മുന്നേറ്റം പ്രകടമാണെങ്കിലും സ്ത്രീ ശാക്തീകരണം പൂർത്തിയായെന്ന് വാദിക്കാൻ കഴിയില്ല. സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ഏറെ ചർച്ച ചെയ്ത പ്രഗൽഭരായ ഇന്ദിരാഗാന്ധിയും, ബേ നസീർ ഭൂട്ടോയും ശൈഖ് ഹസീനയും സ്ത്രീകളായിരുന്നു. പക്ഷേ ലോകത്തിന് ലീഡർഷിപ്പ് നൽകാനെത്ര സ്ത്രീകൾ വന്നിട്ടുണ്ട്. സ്ത്രീകളെത്താത്ത മേഖലകളിന്നില്ല. എന്നാൽ, പ്രത്യക്ഷമായ ഇത്തരം ചില ഉദാഹരണങ്ങൾ പറഞ്ഞ് സ്ത്രീകൾ ശാക്തീകരിക്കപ്പെട്ടെന്ന് പറയാൻ കഴിയില്ല. ഡിസിഷൻ മേക്കിങ്ങിലും ഇക്കണോമിക് ഡിസിഷനിലും സ്ത്രീകളുടെ പങ്ക് എത്രത്തോളമാണെന്നതുൾപ്പടെയുള്ള കാര്യങ്ങളെ നാം ചർച്ചയിൽ അഭിമുഖീകരക്കേണ്ടതുണ്ട്.
കഥ പറഞ്ഞ അവരു(ളു)ടെ പകൽ
മഞ്ചേരി: പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും അതിജീവിച്ച് ജീവിതത്തിൽ വിജയഗാഥ രചിച്ച പെണ്ണിടങ്ങളുടെ കഥ പറഞ്ഞ് ‘ഹെർ സ്റ്റോറി അൺഫോൾഡ്സ്’. സമൂഹത്തിൻറെ വിവിധ മേഖലകളിൽ കഠിനാധ്വാനം കൊണ്ടും ഇച്ഛാശക്തി കൊണ്ടും വിജയ സോപാനങ്ങൾ കീഴടക്കിയ നാലുപേരുടെ അനുഭവസാക്ഷ്യങ്ങൾ കേൾവിക്കാരായ നൂറുകണക്കിന് പെൺകുട്ടികൾക്കാണ് ആത്മവിശ്വാസത്തിന്റെ പാഠങ്ങൾ പകർന്നുനൽകിയത്. പുതിയ കാലത്തിന്റെ ചുവരെഴുത്ത് വായിക്കാനും നിശ്ചയദാർഢ്യത്തോടെ ജീവിതത്തിൽ മുന്നേറാനുമുള്ള പ്രതിജ്ഞയുമായാണ് ഓരോരുത്തരും സദസ്സ് വിട്ടത്.
വിജയത്തിലെത്തും വരെ കർമനിരതരാവുക - നിമ സുലൈമാൻ
ഒരു ബിസിനസ് തുടങ്ങുക എന്നാൽ റിസ്കെടുക്കാൻ തയാറാവുക എന്നതാണ്. മുന്നേറാനുള്ള കഴിവ് നമ്മളിൽ ഓരോരുത്തരിലുമുണ്ട്. അത് തിരിച്ചറിഞ്ഞ് നമ്മൾ മുന്നേറുകതന്നെ വേണം. സ്വന്തം കഴിവുകൊണ്ട് നേട്ടം കൊയ്തവരാണ് ഇന്ന് ഉന്നത നിലയിലെത്തിയിരിക്കുന്ന ഓരോ സ്ത്രീയും. നമ്മുടെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളേയും ഒക്കെ തിരിച്ചറിയാൻ കഴിയുന്നവർക്ക് മാത്രമേ നല്ല ലീഡറാകാൻ കഴിയൂ.
നിമ സുലൈമാൻ
പെട്ടന്നൊരു സുപ്രഭാതത്തിൽ എല്ലാ നേട്ടങ്ങളും വന്നുചേരുന്നതല്ല. നിരന്തരമായ കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും മാത്രമേ വിജയത്തിലെത്തൂ. നമ്മളെന്ത് തീരുമാനമെടുത്താലും എന്ത് കൊണ്ട് ആ തീരുമാനം എന്ന ചോദ്യത്തിന് നമ്മൾക്ക് ഉത്തരമുണ്ടാവണം. മെറിറ്റിനാണ് എന്നും ജെൻഡറിനേക്കാൾ പ്രാധാന്യം നൽകേണ്ടത്. ഇന്ന് മുൻകാലങ്ങളെ അപേക്ഷിച്ച് ഏത് സാഹചര്യത്തിലും ജോലിയും പഠനവും തുടരുന്ന സ്ത്രീകളാണ് കൂടുതലുള്ളത്.
പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കണം -ഡോ. ഷാഹിന മോൾ
നമ്മുടെ ഉള്ളിലൊരു സ്വപ്ന്മുണ്ടാവണം. സാഹചര്യങ്ങൾ വ്യത്യസ്തമാണെങ്കിൽ കൂടി ലക്ഷ്യബോധത്തോടെ മുന്നോട്ടുപോകാൻ കഴിയണം. സ്ത്രീകളെപ്പോഴും മൾട്ടി ടാസ്കുകൾ എടുക്കേണ്ടി വരാറുണ്ട്. അവിടെ നമ്മുടെ ഇഷ്ടങ്ങളെ മാറ്റിവെച്ച് ജീവിതം കളയരുത്. ഉള്ളിലുള്ള താൽപര്യം തിരിച്ചറിഞ്ഞ് അതിന് വേണ്ട സാഹചര്യം സൃഷ്ടിക്കാനാണ് നാം ശ്രമിക്കേണ്ടത്. പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കാനാണ് നാം ശ്രമിക്കേണ്ടത്.
ഡോ. ഷാഹിന മോൾ
മുൻകാലങ്ങളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം എന്നത് പലപ്പോഴും അവളുടെ മാത്രമാവശ്യമായിരുന്നു. എന്നാൽ, ഇന്ന് ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. മാതാക്കളായ ഒരുപാട് വിദ്യാർഥികൾ ഇന്ന് ഈ കാമ്പസിൽ പഠിക്കാൻ എത്തുന്നുണ്ട്. പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് കുടുംബത്തിന്റെയും സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും അടുത്ത് നിന്നും ലഭിക്കുന്ന പിന്തുണ പഴയകാലത്തെ താരതമ്യം ചെയ്യുമ്പോൾ വളരെ കൂടുതലാണ്.
ഇച്ഛാശക്തികൊണ്ട് സ്വപ്നങ്ങളിലേക്ക് നടക്കുക -നുസ്റത്ത് വഴിക്കടവ്
ജീവിത പ്രതിസന്ധികളിൽ പകച്ച് നിൽക്കാതെ ഇച്ഛാശക്തികൊണ്ട് സ്വപ്നങ്ങളിലേക്ക് നടന്നടുക്കണം. ഭിന്നശേഷിക്കാരെ വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും മാറ്റിനിർത്തുന്ന പ്രവണത ഇപ്പോഴുമുണ്ട്. എന്നാൽ, ആരൊക്കെ മാറ്റി നിർത്തിയാലും സ്വന്തം കഴിവിൽ വിശ്വാസമർപ്പിച്ച് മുന്നോട്ടു പോയാൽ വിജയം സുനിശ്ചിതമാണ്.
നുസ്റത്ത് വഴിക്കടവ്
അവരുടെ മാറ്റിനിർത്തലിൽ നാം മാറി നിന്നാൽ ഒരിക്കലും മുന്നോട്ടുവരാൻ കഴിയില്ല. ശാരീരിക വൈകല്യം ഒരു രോഗമല്ല, അതൊരു അവസ്ഥയാണ് അത് തിരിച്ചറിഞ്ഞ് സമൂഹത്തിന്റെ ഭാഗമാവാനാണ് ഞാൻ ശ്രമിച്ചത്. ആ ശ്രമമാണ് എന്നെ ഇന്നിവിടെ എത്തിച്ചത്. വിവിധ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവരാണ് നമ്മളിൽ അധിക പേരും. അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ ലോകത്തിന് മുന്നിൽ വിളിച്ച് പറയാന് നാം ധൈര്യം കാണിക്കണം.
സ്ത്രീ വിരുദ്ധ പൊതുബോധത്തെ പൊളിച്ചെഴുതണം -ഡോ. അശ്വതി സോമൻ
ഒരുപാട് മാറിയെന്ന് അവകാശപ്പെടുമ്പോഴും പുരുഷ മേധാവിത്വമുള്ള ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതിനെ നന്നാക്കാനോ മാറ്റാനോ നമുക്ക് കഴിഞ്ഞെന്ന് വരില്ല. എന്നാൽ, നമുക്ക് നമ്മളെ നന്നാക്കാനോ നമ്മുടെ രീതിയിൽ പോവാനോ നമുക്ക് കഴിയും. നമ്മളെല്ലാം എന്തിന് പഠിക്കുന്നു എന്ന് ചോദ്യത്തിന് നാം ഉത്തരം കണ്ടെത്തണം. നമുക്ക് വേണ്ടത് എന്താണോ അതാണ് നാം ചെയ്യേണ്ടത്.
ഡോ. അശ്വതി സോമൻ
വിവിധ കാരണങ്ങൾ കൊണ്ട് വിവിധ മേഖലകളിൽ പ്രതിസന്ധികൾ നേരിടുന്ന സ്ത്രീകൾ ഒരുപാടുണ്ട്. ആ യാഥാർഥ്യത്തെ നാം ഉൾക്കൊള്ളണം. പ്രതിസന്ധികളെ അവസരങ്ങളാക്കി മുന്നേറാൻ നമുക്ക് കഴിയണം. മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന ചിന്തയെ മാറ്റി നിർത്തി നമുക്ക് വേണ്ടി ജീവിക്കാൻ കഴിയണം. നമ്മുടെ വളർച്ചക്കൊപ്പം നമ്മോടൊപ്പമുള്ളവരെയും കൂടി നാം ചേർത്തുപിടിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.