അനന്തപുരിയിൽ ‘മലപ്പുറം രാജ’
text_fieldsസംസ്ഥാന സ്കൂൾ കായികമേളയിൽ അത്ലറ്റിക്സിൽ മൂന്നാം സ്ഥാനം നേടിയ തിരുനാവായ നാവാമുകുന്ദ സ്കൂൾ ട്രോഫി ഏറ്റുവാങ്ങുന്നു
മലപ്പുറം: അനന്തപുരിയുടെ ‘രാജകീയ’ മണ്ണിൽ ആഞ്ഞടിച്ച പാലക്കാടൻ കൊടുങ്കാറ്റിന് ട്രാക്ക് നിറഞ്ഞുപെയ്ത മലപ്പുറം ‘പെരുമഴ’യെ പിടിച്ചുകെട്ടാനായില്ല... ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന സംസ്ഥാന സ്കൂൾ കായികമേള ഫോട്ടോ ഫിനിഷിലെത്തിയപ്പോൾ അവസാന ചിരി മലപ്പുറത്തിന്റേതായിരുന്നു. പന്തുതട്ടുന്നതിൽ മാത്രമല്ല ട്രാക്കിലും ഫീൽഡിലും തങ്ങൾ പടക്കുതിരകളാണെന്ന് തെളിയിച്ചാണ് മലപ്പുറം പട തലസ്ഥാനം വിടുന്നത്.
തിരുവനന്തപുരത്ത് സമാപിച്ച സംസ്ഥാന കായികമേളയിൽ 22 സ്വർണവും 29 വെള്ളിയും 24 വെങ്കലവുമടക്കം 247 പോയന്റ് നേടിയാണ് അത്ലറ്റിക്സിൽ മലപ്പുറം ജേതാക്കളായത്. തുടർച്ചയായ രണ്ടാം തവണയാണ് ജില്ല കിരീടം ചൂടുന്നത്. മൂന്ന് സ്കൂളുകളാണ് മലപ്പുറത്തിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. 78 പോയന്റ് നേടിയ ഐഡിയൽ കടകശ്ശേരിയും 58 പോയന്റുമായി നാവാമുകുന്ദയും 32 പോയന്റ് നേടിയ ആലത്തിയൂരും മലപ്പുറത്തിന്റെ വിജയത്തിൽ നിർണായക ശക്തികളായി.
സംസ്ഥാന സ്കൂൾ കായികമേളയിൽ അത്ലറ്റിക്സിൽ മികച്ച പ്രകടനം നടത്തിയ ആലത്തിയൂർ സ്കൂൾ ടീം
വിദ്യാർഥികളുടെ കായിക കരുത്തും സ്കൂളുകളുടെ പൂർണ പിന്തുണയുമെല്ലാം ഒത്തുചേർന്നപ്പോൾ മലപ്പുറത്തെ കവച്ചുവെക്കാൻ എതിർ ജില്ലകൾക്കായില്ല. സ്പീഡ് ട്രാക്കിൽ നാവാമുകുന്ദയും ജംപിങ് പിറ്റിൽ ഐഡിയലും നിറഞ്ഞാടിയതോടെ മലപ്പുറത്തിന്റെ മെഡൽ പട്ടികയിലേക്ക് സ്വർണവും വെള്ളിയും കുത്തിയൊലിച്ചു. കഷ്ടപ്പെട്ടും പരിമിതികൾ മറികടന്നും തന്നെയാണ് ഇത്തവണയും മലപ്പുറം സുവർണ കിരീടമണിഞ്ഞത്. സ്കൂളുകളുടെ അകമഴിഞ്ഞ പിന്തുണക്കൊപ്പം ആത്മാർഥതയോടെ രാപകൽ കുട്ടികളെ പരിശീലിപ്പിച്ച പരിശീലകർക്കും കട്ടക്ക് നിന്ന വിദ്യാർഥികൾക്കും ജില്ലയുടെ ചരിത്ര വിജയത്തിൽ അഭിമാനിക്കാം.
മെഡലണിഞ്ഞ് ജില്ലയിലെ 13 സ്കൂളുകള്‍
മലപ്പുറത്തിന്റെ കിരീട നേട്ടത്തിനായി ജില്ലയിലെ 13 സ്കൂളുകളാണ് മെഡലുകൾ സംഭാവന നൽകിയത്. ഐഡിയല്‍ ഇ.എച്ച്.എസ്.എസ് കടകശ്ശേരി 78 പോയന്റ് പെട്ടിയിലാക്കി സംസ്ഥാനത്തെ തന്നെ മികച്ച സ്കൂളായി. സംസ്ഥാനതലത്തിൽ അത്ലറ്റിക്സില് മൂന്നാം സ്ഥാനം നേടിയ തിരുനാവായ നാവാമുകുന്ദക്ക് ആറ് സ്വര്‍ണമടക്കം 57 പോയന്റുണ്ട്. കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂരിന് നാല് സ്വര്‍ണമടക്കം 32 പോയന്റ് സമ്പാദിക്കാനായി. എസ്.എം.എം.എച്ച്.എസ്.എസ് രായിരിമംഗലം ഒരു സ്വർണവും ഒരു വെള്ളിയും നേടി എട്ട് പോയന്റ് നേടി.
എസ്.എസ്.എച്ച്.എസ്.എസ് മൂര്‍ക്കനാട് ഒരു വെള്ളിയും ഒരു വെങ്കലവും കരസ്ഥമാക്കി. ജി.എം.എച്ച്.എസ്.എസ് കാലിക്കറ്റ് സർവകലാശാല കാമ്പസ്, കാവനൂര്‍ സി.എച്ച്.എം.കെ.എം.എച്ച്.എസ്.എസ്, സി.എച്ച്.എം.എച്ച്.എസ് പൂക്കൊളത്തൂര്‍, കെ.എം.ജി.വി.എച്ച്.എസ്.എസ് തവനൂർ എന്നീ സ്കൂളുകൾ ഓരോ വെള്ളിയും നേടി. പി.സി.എൻ.ജി.എച്ച്.എസ്.എസ് മൂക്കുതല, ജി.വി.എച്ച്.എസ്.എസ് ചെട്ടിയാംകിണര്‍, എസ്.ഒ.എച്ച്.എസ് അരീക്കോട്, എച്ച്.എസ്.എസ് പന്തല്ലൂർ എന്നീ സ്കൂളുകൾ ഓരോ വെങ്കലവും നേടി മെഡൽ പട്ടികയിൽ ഇടംപിടിച്ചു.
ടോപ്പ് ‘ഐഡി’യൽ
തുടർച്ചയായ നാലാം തവണയും ചാമ്പ്യൻ സ്കൂളായി കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ് കുതിപ്പ് തുടരുകയാണ്. എട്ട് സ്വർണവും 10 വെള്ളിയും എട്ട് വെങ്കലവും സ്വന്തമാക്കി 78 പോയന്റോടെയാണ് ഐഡിയലിന്റെ തേരോട്ടം. ജമ്പിങ് പിറ്റിലാണ് ഇത്തവണ ഐഡിയൽ മേധാവിത്വം കാട്ടിയത്. ലോങ് ജമ്പ്, ഹൈജമ്പ്, പോൾവാൾട്ട് തുടങ്ങിയയിനങ്ങളിൽനിന്ന് മാത്രം 13 മെഡലുകളാണ് ഐഡിയൽ വാരിക്കൂട്ടിയത്. ത്രോ ഇനങ്ങളിൽ മൂന്ന് സ്വർണവും രണ്ട് വെള്ളിയുമടക്കം 21 പോയന്റും നേടി. അത്ലറ്റിക്സിൽ രണ്ടാമതെത്തിയ പാലക്കാട് വടവന്നൂർ സ്കൂളിനേക്കാൾ 20 പോയന്റ് അധികം സമ്പാദിച്ചാണ് ഐഡിയൽ ജൈത്രയാത്ര തുടരുന്നത്.
കൃത്യമായ പരിശീലനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കഥയാണ് ഐഡിയലിന്റെ വിജയ ചരിത്രത്തിന് പിന്നിലുള്ളത്. എടപ്പാൾ ഉപജില്ലയുടെ പ്രതിനിധികളായ കടകശ്ശേരി ഐഡിയൽ എച്ച്.എസ്.എസിൽ സ്പോർട്സ് അക്കാദമി സ്ഥാപിക്കുന്നത് 2007ലാണ്. പിറ്റേവർഷം സംസ്ഥാന മീറ്റിൽ രണ്ട് വെള്ളി മെഡലുകളുമായി വരവറിയിച്ചു. 2015ൽ കോഴിക്കോട്ട് നടന്ന സംസ്ഥാന കായികമേളയിൽ അഞ്ച് വെള്ളിയും ആറ് വെങ്കലവും നേടിയ ഐഡിയൽ ആദ്യ പത്തിലെത്തി. 2022ലാണ് ഐഡിയൽ ആദ്യമായി സംസ്ഥാന ചാമ്പ്യൻപട്ടം പിടിച്ചടക്കുന്നത്.
അന്ന് ഏഴ് സ്വർണവും ഒമ്പത് വെള്ളിയും നാല് വെങ്കലവുമായി 66 പോയന്റോടെ ഐഡിയൽ ഒന്നാമതെത്തി. 2023ൽ കുന്നംകുളത്ത് 55 പോയന്റോടെ കിരീടം നിലനിർത്തി. 2024ൽ എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂൾ മീറ്റിൽ 80 പോയന്റുമായി ഐഡിയൽ തുടർച്ചയായി മൂന്നാമതും കിരീടത്തിൽ പേരുചേർത്തു. ഇത്തവണയത് നാലാം കിരീടമാക്കി അഭിമാനയാത്ര തുടരുകയാണ്. കായിക വിഭാഗം മേധാവി ഷാഫി അമ്മായത്തിന്റെ നേതൃത്വത്തിൽ ചീഫ് കോച്ച് നദീഷ് ചാക്കോ, സീനിയർ കോച്ച് ടോമി ചെറിയാൻ, അസി. കോച്ചുമാരായ കെ.പി അഖിൽ, ഹാരിസ് റഹ്മാൻ എന്നിവരടങ്ങുന്ന ടീമാണ് പരിശീലനത്തിന് ചുക്കാൻ പിടിക്കുന്നത്.
‘വൗ’ നാവാമുകുന്ദ
അർഹതപ്പെട്ട സ്ഥാനത്തിനായി പ്രതിഷേധിച്ചതിന് കഴിഞ്ഞ തവണ വിലക്ക് കിട്ടിയ സ്കൂളായിരുന്നു തിരുനാവായ നാവാമുകുന്ദ. കഴിഞ്ഞതവണ 44 പോയന്റുമായി മികച്ച പ്രകടനവുമായി സ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ നാവാമുകുന്ദ ഇത്തവണ കൂടുതൽ കരുത്തരായാണ് ട്രാക്കിലിറങ്ങിയത്. ഹ്രസ്വദൂര ഓട്ടങ്ങളിലും ഹർഡിൽസിലുമെല്ലാം വ്യക്തമായ മേധാവിത്വവുമായി അവർ കുതിച്ചു പാഞ്ഞു. നേരിയ വ്യത്യാസത്തിന് ഇത്തവണ സ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം നഷ്ടമായെങ്കിലും 57 പോയന്റോടെ അഭിമാനത്തോടെയാണ് മടങ്ങുന്നത്.
കഴിഞ്ഞ സ്കൂൾ മീറ്റിനേക്കാളും 13 പോയന്റ് അധികം നേടിയാണ് അവർ ജില്ലയുടെ അഭിമാനമായത്. 58 പോയന്റുള്ള വി.എം.എച്ച്.എസ്.എസ് വടവന്നൂരാണ് രണ്ടാം സ്ഥാനം നേടിയത്. മത്സരിച്ച മൂന്ന് വ്യക്തിഗത ഇനങ്ങളിലും റിലേയിലും സ്വർണം നേടിയ ആദിത്യ അജിയാണ് സ്കൂളിന്റെ അഭിമാന താരം. 100, 200, 100 മീറ്റർ ഹർഡിൽസ് എന്നിവയിൽ മികച്ച പ്രകടനം നടത്തിയാണ് സീനിയർ ഗേൾസിൽ ആദിത്യ അജി സ്വർണം നേടിയത്.
110 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയ ഫസലുൽ ഹഖ്, 400 മീറ്ററിൽ സ്വർണം നേടിയ നീരജ്, 80 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയ അഭയ് പ്രതാപ് എന്നിവർ നാവാമുകുന്ദയുടെ സുവർണ താരങ്ങളായി. ഐഡിയലിനൊപ്പം ചേർന്ന് അത്ലറ്റിക്സിൽ മലപ്പുറത്തിന് കിരീടം നേടിക്കൊടുത്തവരിൽ നാവാമുകുന്ദയുടെ പങ്ക് വലുതാണ്. സ്കൂളിലെ കായികാധ്യാപകരായ കെ. ഗിരീഷും വി. മുഹമ്മദ് ഹര്‍ഷാദും കുട്ടികളുടെ പരിശീലനത്തിനായി രാപകലില്ലാതെ പിന്തുണയർപ്പിക്കുന്നുണ്ട്.
ആർപ്പോ...ആലത്തിയൂർ
സംസ്ഥാന കായികോത്സവത്തിന് കൊടിയിറങ്ങിയപ്പോൾ നാല് സ്വർണമടക്കം 10 മെഡലുകൾ നേടിയാണ് കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂർ കളം നിറഞ്ഞത്. പ്രതിസന്ധികളും പ്രതിബന്ധങ്ങളും മലപോലെ ഉണ്ടായിട്ടും നിശ്ചയദാർഢ്യത്താലും കഠിനപരിശ്രമത്താലും വിജയത്തേരിലേറിയ കഥയാണ് ആലത്തിയൂരിന്റേത്. പരിശീലനം നടത്താൻ ആധുനിക സൗകര്യങ്ങൾ ഒന്നുമില്ലാതെ പരിമിത സൗകര്യങ്ങളിൽ പടവെട്ടിയാണ് കേരളത്തിന്റെ കായിക ഭൂപടത്തിൽ ആലത്തിയൂർ ഉദിച്ചുയർന്നത്. പരിശീലകൻ റിയാസിന്റെ കഠിനാധ്വാനത്തിന്റെ കഥയാണ് സ്കൂളിലെ എല്ലാ താരങ്ങൾക്കും പറയാനുള്ളത്.
32 പോയന്റ് നേടി സ്കൂൾ വിഭാഗത്തിൽ ആറാമതെത്താനും ആലത്തിയൂരിനായി. കഴിഞ്ഞതവണ 27 പോയന്റ് നേടി ഇതേ സ്ഥാനത്തായിരുന്നു അവർ. ജൂനിയർ ബോയ്സ് ഡിസ്കസ് ത്രോയിൽ സ്വർണം നേടിയ മുഹമ്മദ് ഫഹദ്, ലോങ്ജമ്പിൽ സ്വർണം നേടിയ അൽ അമീൻ, ജൂനിയർ ഗേൾസ് നടത്തത്തിൽ സ്വർണം നേടിയ നിരഞ്ജന, സീനിയർ ബോയ്സ് ലോങ്ജമ്പിലെ സുവർണതാരം മുഹമ്മദ് അസിൽ എന്നിവരാണ് ആലത്തിയൂരിന്റെ നേട്ടത്തിന് കരുത്തായവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

