ബസിൽ വയോധികന്റെ 3.75 ലക്ഷം രൂപ കവർന്ന കേസ്: മുഖ്യപ്രതി പിടിയിൽ
text_fieldsഅർജുൻ ശങ്കർ
മഞ്ചേരി: സ്വകാര്യ ബസിൽ വയോധികന്റെ 3.75 ലക്ഷം രൂപ കവർന്ന കേസിൽ മുഖ്യപ്രതി മഞ്ചേരി പൊലീസിന്റെ പിടിയിൽ. കോഴിക്കോട് കൂടത്തായി പുതിയേടത്ത് അർജുൻ ശങ്കറിനെയാണ് (35) മഞ്ചേരി പൊലീസ് സബ് ഇൻസ്പെക്ടർ അഖിൽ രാജിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒക്ടോബർ 23ന് വൈകീട്ട് നാലോടെയാണ് കേസിനാസ്പദമായ സംഭവം. മഞ്ചേരി പട്ടർകുളം സ്വദേശിയായ 61കാരന്റെ പണമാണ് നഷ്ടമായത്. മഞ്ചേരി സീതിഹാജി സ്റ്റാൻഡിൽനിന്ന് കൃത്രിമ തിരക്കുണ്ടാക്കി ബസിൽ കയറി വയോധികന്റെ പാന്റിന്റെ പോക്കറ്റ് മുറിച്ച് 25,000 രൂപയും 14,000 യു.എ.ഇ ദിർഹവും (3,50,000 രൂപ) കവർന്ന കേസിലാണ് പ്രതി പിടിയിലായത്. കേസിലെ മറ്റു പ്രതികളായ ഒളവട്ടൂർ വടക്കുംപുലാൻ അബ്ദുല്ലക്കോയ എന്ന ഷാനവാസ് (46), കൂട്ടാളികളായ കൊണ്ടോട്ടി കാളോത്ത് തൊട്ടിയൻകണ്ടി ജുനൈസുദ്ദീൻ (50), ഊർങ്ങാട്ടിരി ആലിൻചുവട് മഞ്ഞക്കോടവൻ ദുൽകിഫ് ലി (45) എന്നിവരെ നേരത്തേ പൊലീസ് പിടികൂടിയിരുന്നു. ഇവർ റിമാൻഡിലാണ്.
അർജുൻ ശങ്കർ മുമ്പും സമാന കേസിൽ പിടിക്കപ്പെട്ട് ജയിലിൽ കിടന്നയാളാണ്. കോടതിയിൽനിന്ന് ജാമ്യത്തിലിറങ്ങിയാണ് വീണ്ടും കവർച്ചക്കിറങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.മലപ്പുറം ഡിവൈ.എസ്.പി കെ.എം. ബിജുവിന്റെ മേൽനോട്ടത്തിൽ മഞ്ചേരി ഇൻസ്പെക്ടർ പ്രതാപ് കുമാർ, പൊലീസ് ഉദ്യോഗസ്ഥരായ ശറഫുദ്ദീൻ, തൗഫീക്, റിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

