‘കുട’ പിടിച്ച് സ്വതന്ത്രർ
text_fieldsമഞ്ചേരി: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥികൾക്ക് ഇഷ്ടം ‘കുട’ ചിഹ്നം. കുട പിടിച്ച് വോട്ടുപിടിക്കാൻ ഓടുകയാണ് സ്ഥാനാർഥികൾ. മഞ്ചേരി നഗരസഭയിലേക്കുള്ള 53 വാർഡുകളിൽ 33 സ്ഥാനാർഥികളാണ് കുട ചിഹ്നത്തിൽ മത്സരിക്കുന്നത്. ഇതിൽ ഏറെയും എൽ.ഡി.എഫ് സ്വതന്ത്രരാണ്.
മഞ്ചേരിയിൽ ഭരണം പിടിക്കാൻ പോരാട്ടത്തിനിറങ്ങുന്ന എൽ.ഡി.എഫ് സ്വന്തം ചിഹ്നത്തിൽ 22 പേർ മാത്രമാണ് മത്സരിക്കുന്നത്. സി.പി.ഐ ചിഹ്നത്തിൽ ഒരാളും മത്സരിക്കുന്നു. 27 പേരും കുട ചിഹ്നത്തിലാണ് മത്സരിക്കുന്നത്. വിജയം ലക്ഷ്യമിട്ടാണ് സ്വതന്ത്ര പരീക്ഷണമെന്ന് നേതൃത്വം പറയുന്നത്. ഒമ്പതാം വാർഡായ തടത്തിക്കുഴിയിൽ യു.ഡി.എഫ് വിമതയായി മത്സരിക്കുന്ന പൂഴിക്കുത്ത് അൻസാർ ബീഗത്തിനും ചിഹ്നം കുടയാണ്.
ഡി.സി.സി സെക്രട്ടറിയായ അഡ്വ. ബീന ജോസഫാണ് ഈ വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി. പത്താം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി അബ്ദുൽ വഹാബിനും ചിഹ്നം കുടയാണ്. 30ാം വാർഡിൽ അഷ്റഫ് അലി, 31ാം വാർഡിൽ തൽഹത്ത് മുഹമ്മദ്, 36ാം വാർഡിൽ യു.ഡി.എഫ് വിമതനായി മത്സരിക്കുന്ന സിക്കന്തർ ഹയാത്ത് എന്നിവർക്കും ചിഹ്നം കുടയാണ്.
19ാം വാർഡായ തടപ്പറമ്പിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി സഹ്റ ഖദീജ ഫൈസലും കുട ചിഹ്നത്തിലാണ് മത്സരിക്കുന്നത്. പാർട്ടി ചിഹ്നങ്ങൾക്ക് പുറമെ ഓട്ടോറിക്ഷ, മൊബൈൽ, ജീപ്പ്, ചിഹ്നങ്ങളിലും സ്ഥാനാർഥികൾ മത്സരിക്കുന്നു. യു.ഡി.എഫിൽ 38 സീറ്റിലാണ് മുസ്ലിം ലീഗ് മത്സരിക്കുന്നത്. ഇതിൽ 34 പേരും പാർട്ടി ചിഹ്നമായ ‘കോണി’യിലാണ് മത്സരിക്കുന്നത്.
നാല് പേർ സ്വതന്ത്രരാണ്. ഇതിൽ മൂന്ന് പേർ മൊബൈൽ ചിഹ്നത്തിലാണ് മത്സരിക്കുന്നത്. കോൺഗ്രസ് മത്സരിക്കുന്ന 15 വാർഡിലും ‘കൈപ്പത്തി’ ചിഹ്നത്തിലാണ് പോരാട്ടം. തൃക്കലങ്ങോട് പഞ്ചായത്തിൽ ആറ് പേരും കുട ചിഹ്നത്തിലാണ് മത്സരിക്കുന്നത്. ഇതിൽ രണ്ട് പേർ യു.ഡി.എഫ് സ്വതന്ത്രരാണ്.
ആനക്കയം പഞ്ചായത്തിലെ 24 വാർഡിൽ 10 പേരും കുട ചിഹ്നത്തിലാണ് ജനവിധി തേടുന്നത്. ഇതിൽ പകുതിയും എൽ.ഡി.എഫ് സ്വതന്ത്രരാണ്. മഞ്ചേരിയിൽ 153 സ്ഥാനാർഥികളും തൃക്കലങ്ങോടിൽ 84 സ്ഥാനാർഥികളും ആനക്കയത്ത് 62 സ്ഥാനാർഥികളും മത്സരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

