മഞ്ചേരിയിലെ ഗതാഗത പരിഷ്കാരം: 17 മുതൽ ട്രയൽ റൺ
text_fieldsമഞ്ചേരി: നഗരത്തിൽ റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ തീരുമാനപ്രകാരം നടപ്പാക്കാൻ നിർദേശിച്ച ഗതാഗത പരിഷ്കാരം ഏപ്രിൽ 17 മുതൽ ട്രയൽ റൺ നടത്തും. തിങ്കളാഴ്ച ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയാണ് രണ്ട് ദിവസത്തേക്ക് ട്രയൽ റൺ നടത്താൻ തീരുമാനിച്ചത്. പിന്നീട് പൊലീസ്, മോട്ടോർ വാഹന വകുപ്പ്, നഗരസഭ എന്നിവർ ചേർന്ന് സംയുക്ത പരിശോധന നടത്തി തുടർനടപടി സ്വീകരിക്കും.
മഞ്ചേരിയിലൂടെ കടന്നുപോകുന്ന മുഴുവൻ ബസുകളും സെൻട്രൽ ജങ്ഷനിലൂടെ നഗരത്തിലെത്തുന്ന തരത്തിലാണ് പുതിയ പരിഷ്കാരം. ഇതിന് പുറമെ തുറക്കൽ ബാപ്പുട്ടി ബൈപാസ് ജങ്ഷൻ മുതൽ സെൻട്രൽ ജങ്ഷൻ വരെ, പാണ്ടിക്കാട് റോഡ് ജങ്ഷൻ മുതൽ സെൻട്രൽ ജങ്ഷൻ വരെ, സെൻട്രൽ ജങ്ഷനിൽ നിന്ന് ജസീല ജങ്ഷൻ വരെ, ജസീല ജങ്ഷൻ മുതൽ സി.എച്ച് ബൈപാസ് റോഡ്, കച്ചേരിപ്പടി ഐ.ജി.ബി.ടി മുതൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡ് മുനിസിപ്പൽ ഓഫിസ് വരെയുള്ള റോഡുകളിൽ വൺവേ സംവിധാനം ഏർപ്പെടുത്തും.
പരിഷ്കാരത്തിന് മുന്നോടിയായി നഗരത്തിലെ വിവിധയിടങ്ങളിൽ അടയാള ബോർഡുകൾ സ്ഥാപിക്കും. ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾക്ക് നഗരത്തിൽ സ്റ്റാൻഡ് അനുവദിക്കില്ല. എന്നാൽ നഗരത്തിലൂടെ സർവിസ് നടത്തുന്നതിന് തടസ്സമില്ല. മെഡിക്കൽ കോളജ് പരിസരത്തെ അനധികൃത പാർക്കിങ് തടയും.
മെഡിക്കൽ കോളജിലെത്തുന്ന രോഗികൾക്ക് പരമാവധി ആശുപത്രിക്ക് അകത്ത് തന്നെ പാർക്കിങ് സൗകര്യം ഒരുക്കാൻ ആശുപത്രി അധികൃതരോട് നിർദേശിച്ചു. കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് ടെർമിനലിൽ വിവിധ വകുപ്പുകൾ പിടിച്ച വാഹനങ്ങൾ നീക്കം ചെയ്യും. സ്കൂൾ, ടൂറിസ്റ്റ് ബസുകൾ സ്റ്റാൻഡിൽ അനധികൃതമായി നിർത്തിയിടുന്നത് ഒഴിവാക്കും.
ചെയർപേഴ്സൻ വി.എം. സുബൈദ, തഹസിൽദാർ കെ. മുകുന്ദൻ, മഞ്ചേരി എസ്.എച്ച്.ഒ ഡോ.എം. നന്ദഗോപൻ, എം.വി.ഐ കെ.ജി. ദിലീപ് കുമാർ, ട്രാഫിക് എസ്.ഐ അബൂബക്കർ കോയ, പൊതുമരാമത്ത് നിരത്ത് വിഭാഗം ഓവർസിയർ പി. അനു, മുനിസിപ്പൽ സെക്രട്ടറി പി. സതീഷ് കുമാർ എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.