ഗതാഗതക്കുരുക്കിൽ ദുരിതം പേറി മങ്കട ടൗൺ
text_fieldsമങ്കട ജങ്ഷനിൽ വ്യാഴാഴ്ച വൈകീട്ട് ഉണ്ടായ ഗതാഗതക്കുരുക്ക്
മങ്കട: വർഷങ്ങളായി ദുരിതം അനുഭവിക്കുന്ന മങ്കട ടൗണിൽ ഗതാഗതക്കുരുക്ക് ഇരട്ടിയായി. മങ്കട മേലെ ജങ്ഷനിൽ നിന്ന് കൂട്ടിൽ റോഡും മലപ്പുറം റോഡും തിരിയുന്ന ഭാഗത്താണ് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. മങ്കട ടൗണിൽ മേലെ അങ്ങാടിയിൽ മഞ്ചേരി ഭാഗത്തേക്കും പെരിന്തൽമണ്ണ ഭാഗത്തേക്കും ഉള്ള ബസ് സ്റ്റോപ്പുകൾ വർഷങ്ങൾക്കു മുമ്പ് തന്നെ പൊലീസ് ഇടപെട്ട് മാറ്റിയിരുന്നു.
മഞ്ചേരി ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് കെ.പി മാളിന് എതിർവശത്തേക്കും പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് സൈനാസ് ബിൽഡിങ്ങിന് മുൻവശത്തേക്കും ആണ് മാറ്റി സ്ഥാപിച്ചിരുന്നത്. ഈ ഭാഗങ്ങളിൽ ബസ് സ്റ്റോപ്പ് എന്ന് എഴുതിയ ബോർഡുകളും സ്ഥാപിച്ചിരുന്നു. എന്നാൽ ഇവിടെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉണ്ടാക്കിയില്ല. അതിനാൽ ആളുകൾ മഴ നനയാതെ നിൽക്കുന്ന കടകളുടെ ഭാഗത്ത് തന്നെ ബസുകൾ നിർത്തുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത് ടൗണിലെ ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നതിന് കാരണമാകുന്നു. ദിവസത്തിൽ പലതവണകളിലായി ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് വ്യാപാരികളെയും സാരമായി ബാധിച്ചിട്ടുണ്ട്.
ഈ വിഷയത്തിൽ മങ്കടയിലെ വ്യാപാരികൾ പലതവണ ബന്ധപ്പെട്ടവർക്ക് നിവേദനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല . മഞ്ചേരി-പെരിന്തൽമണ്ണ റൂട്ടിൽ മെഡിക്കൽ കോളജ് അടക്കമുള്ള ആശുപത്രികളിലേക്ക് അത്യാഹിതങ്ങളുമായി ഓടിക്കൊണ്ടിരിക്കുന്ന ആംബുലൻസുകളും പലപ്പോഴും ഈ ഗതാഗതക്കുരുക്കിൽപ്പെട്ട് പ്രയാസപ്പെടുന്ന അവസ്ഥകളും ഉണ്ടായിട്ടുണ്ട്. റോഡിലെ അനധികൃത പാർക്കിങ്ങുകളും ട്രാഫിക് നിയമ ലംഘനങ്ങളും പാലിക്കുന്നുണ്ടോ എന്ന് നോക്കുന്നതിനും ഒരു സ്ഥിരം സംവിധാനവും ഇപ്പോഴും മങ്കട ടൗണിൽ ഇല്ല.
ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോൾ ബസ്സിലെ ജീവനക്കാരോ വഴിയാത്രക്കാരോ വ്യാപാരികളോ ഇടപെട്ട് ട്രാഫിക് നിയന്ത്രിക്കുന്ന അവസ്ഥയാണ് പലപ്പോഴും ഉള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.