വളാഞ്ചേരിയിലെ കുരുക്കഴിക്കാൻ കൂടുതൽ പൊലീസുകാർ വേണം
text_fieldsഓണിയിൽ പാലത്തിന് സമീപം ദേശീയപാത സർവിസ് റോഡിൽ കഴിഞ്ഞ ദിവസം രാത്രി അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്
വളാഞ്ചേരി: മേഖലയിലെ വിവിധ ടൗണുകളിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വളാഞ്ചേരി പൊലീസ് സ്റ്റേഷനിൽ കൂടുതൽ പൊലീസുകാരെ അനുവദിക്കണമെന്ന ആവശ്യം ശക്തം. ജില്ലയിൽ തന്നെ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് വളാഞ്ചേരി ടൗൺ. ദേശീയപാത ആറുവരിയായി വികസിപ്പിച്ചതോടെ പട്ടാമ്പി, പാലക്കാട്, പെരിന്തൽമണ്ണ പ്രദേശങ്ങളിലേക്ക് വളാഞ്ചേരി വഴി വരുന്ന വാഹനങ്ങളുടെ എണ്ണം വർധിച്ചു. ഇതോടെ വളാഞ്ചേരി ടൗണിന് പുറമെ വലിയകുന്ന്, പൂക്കാട്ടിരി തുടങ്ങിയ സ്ഥലങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.
വട്ടപ്പാറ വയഡക്റ്റിലൂടെ ഓണിയിൽപ്പാലം വഴി ചരക്കുവാഹനങ്ങൾ ഉൾപ്പെടെ ധാരാളം വാഹനങ്ങൾ വരുന്നതിനാൽ വളാഞ്ചേരിയിലെ ഓണിയിൽപ്പാലം ജങ്ഷനിലും മൂച്ചിക്കൽ ബൈപ്പാസിന്റെ ഇരു ഭാഗത്തും ഗതാഗതക്കുരുക്ക് ഉണ്ടാവാറുണ്ട്. വളാഞ്ചേരി നഗരസഭ, എടയൂർ, ഇരിമ്പിളിയം ഗ്രാമപഞ്ചായത്തുകൾ, ആതവനാട് ഗ്രാമപഞ്ചായത്തിന്റെ ഒരു ഭാഗം ഉൾപ്പെടെ വളാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ വരും.
ഗതാഗത നിയന്ത്രണത്തിനുൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥരുടെ അഭാവവും വളാഞ്ചേരി പൊലീസ് സ്റ്റേഷൻ അനുഭവിക്കുന്നുണ്ട്. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ വളാഞ്ചേരിയിൽ ട്രാഫിക് യൂനിറ്റോ കൂടുതൽ പൊലീസുകാരെയോ അനുവദിച്ചാൽ വളാഞ്ചേരി ജങ്ഷൻ, ഓണിയിൽപ്പാലം ജങ്ഷൻ, മൂച്ചിക്കൽ ബൈപ്പാസിന്റെ ഇരു ഭാഗം, ബസ് സ്റ്റാൻഡ്, വൈക്കത്തൂർ ടൗൺ, വലിയ കുന്ന്, പൂക്കാട്ടിരി തുടങ്ങിയ സ്ഥലങ്ങളിൽ പൊലീസ് സേവനം ഉപയോഗപ്പെടുത്താൻ സാധിക്കും.
സ്റ്റാൻഡിൽ നിന്ന് ബസുകൾ പ്രധാന പാതയിലേക്ക് പ്രവേശിക്കുന്ന കോഴിക്കോട് റോഡിൽ പൊലീസില്ലാത്തതിനാൽ ഇതേ വഴി തന്നെ ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കുന്നതും പതിവാണ്. രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന വളാഞ്ചേരിയിൽ ട്രാഫിക് യൂനിറ്റ് അനുവദിക്കണമെന്ന ആവശ്യം വിവിധ സംഘടനകൾ നേരത്തെ തന്നെ ഉയർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

