നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാത റോഡ് തകർന്നു; യാത്രദുരിതം ഇരട്ടിയാക്കി ഗതാഗതക്കുരുക്കും
text_fieldsതാഴെ പൂപ്പലം മത്സ്യമാർക്കറ്റിന് സമീപം തകർന്ന റോഡ്
പൂപ്പലം: നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാത തകർന്ന് തരിപ്പണമായത് വാഹനയാത്രക്കാർക്ക് ദുരിതമാകുന്നു. പെരിന്തൽമണ്ണ-പട്ടിക്കാട് റോഡിൽ താഴെ പൂപ്പലം, കരുവമ്പാറ ബസ് സ്റ്റോപ് പരിസരം എന്നിവിടങ്ങളിലാണ് ടാറിങ് അടർന്നുനീങ്ങി കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. കുഴികളിൽ വീണ് വാഹനങ്ങൾ പതിയെ നീങ്ങുന്നതിനാൽ ഇൗ ഭാഗങ്ങളിൽ പലപ്പോഴും ഗതാഗത കുരുക്കുമുണ്ട്. മൈസൂർ, ഉൗട്ടി എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയായതിനാൽ വിനോദ സഞ്ചാരത്തിനായി പോകുന്ന വാഹനങ്ങളും ചരക്കുവാഹനങ്ങളും അന്തർസംസ്ഥാന ബസ് സർവിസുകളുമുൾപ്പെടെ ഇതിലൂടെ കടന്നുപോകുന്നു.
കൂടാതെ പാണ്ടിക്കാട്, വണ്ടൂർ, നിലമ്പൂർ, വഴിക്കടവ്, മേലാറ്റൂർ, കരുവാരകുണ്ട്, കാളികാവ്, വെട്ടത്തൂർ, അലനല്ലൂർ, മണ്ണാർക്കാട് എന്നിവിടങ്ങളിലേക്കുള്ള പ്രധാനപാതയുമാണിത്. ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്. റോഡ് തകർച്ച കാരണം കുഴികളിൽവീണ് വാഹനങ്ങൾ ഇഴഞ്ഞു നീങ്ങിയാണ് കടന്നുപോകുന്നത്. ആശുപത്രി നഗരമായ പെരിന്തൽമണ്ണയിലേക്കും തിരിച്ചും രോഗികളുമായി കടന്നുപോകുന്ന ആംബുലൻസുകൾക്ക് സമയനഷ്ടവുമുണ്ടാക്കുന്നുണ്ട്.
പുലർച്ചെ മുതൽ രാവിലെ വരെയുള്ള സമയങ്ങളിൽ താഴെ പൂപ്പലത്തുള്ള മത്സ്യമാർക്കറ്റിലേക്ക് മത്സ്യം വാങ്ങാൻ വരുന്ന ചെറുവാഹനങ്ങൾ തിരിക്കുന്നതും റോഡരികിൽ നിർത്തുന്നതും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. മത്സ്യമാർക്കറ്റിന് മുന്നിൽ ഇന്റർലോക്ക് പാകി കുഴികൾ അടച്ചിട്ടുണ്ടെങ്കിലും ഇതിന് ഇരുഭാഗത്തും റോഡ് പാടെ തകർന്ന നിലയിലാണ്. വൻ കുഴികൾ രൂപപ്പെട്ടതോടെ കഴിഞ്ഞദിവസം ക്വാറിവേസ്റ്റിട്ട് അടച്ചിരുന്നെങ്കിലും ഫലപ്രദമായിട്ടില്ല.
സ്ത്രീകളുൾപ്പെടെയുള്ള സ്കൂട്ടർ, ബൈക്ക് യാത്രികർ കുഴികളിൽവീണ് അപകടമുണ്ടാകുന്നതും വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുന്നതും പതിവാണ്. പുലാമന്തോൾ മുതൽ ഒലിപ്പുഴ വരെയുള്ള ഭാഗത്ത് റോഡ് പ്രവൃത്തി തുടങ്ങി വർഷങ്ങളായെങ്കിലും പൂർത്തിയായിട്ടില്ല. അഴുക്കുചാലുകളും ഒാവുപാലങ്ങളും ശരിയായ രീതിയിൽ നിർമിക്കാത്തിനാൽ റോഡിൽ പല ഭാഗങ്ങളിലും റോഡിൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.