നിലമ്പൂർ നഗരസഭയിൽ മത്സരം കടുക്കും
text_fieldsനിലമ്പൂര്‍: തേക്കിന്‍റെ കാതലും കരുത്തും ഇഴുകിച്ചേര്‍ന്ന ജില്ലയിലെ പ്രധാന പട്ടണവും നഗരസഭയും താലൂക്കുമാണ് നിലമ്പൂര്‍. ഗ്രാമപഞ്ചായത്തായിരുന്ന നിലമ്പൂരിനെ 2010ലാണ് നഗരസഭയാക്കി ഉയര്‍ത്തിയത്. യു.ഡി.എഫ് കോട്ടയെന്നറിയപ്പെടുന്ന നിലമ്പൂരില്‍ 2010ലെ ആദ്യ നഗരസഭ തെരഞ്ഞെടുപ്പിലും 2015ലും യു.ഡി.എഫ് കരുത്തു തെളിയിച്ച് ഭരണത്തിലേറി. നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ നിയമസഭ സാമാജികനായി ഇടതു സ്വതന്ത്രന്‍ പി.വി. അന്‍വറിന്‍റെ രംഗപ്രവേശനത്തോടെ യു.ഡി.എഫ് കോട്ടയില്‍ 2020ല്‍ എല്‍.ഡി.എഫ് ചെങ്കൊടി പാറിച്ചു.
വികസന മുന്നണി എന്ന പേരിൽ വിശാല ഐക‍്യം രൂപപ്പെടുത്തിയാണ് ആര്യാടന്‍റെ മണ്ണിന്റെ ചരിത്രത്തിലാദ്യമായി നിലമ്പൂർ നഗരസഭയുടെ ഭരണം എല്‍.ഡി.എഫിന്‍റെ കൈകളിലെത്തിയത്. 33 ഡിവിഷനുകളിൽ 21 സി.പി.എം, ഒരു ജനതാദൾ (എസ്), ഒരു കേരള കോൺഗ്രസ് (എം) എന്നിങ്ങനെ മൃഗീയ ഭൂരിപക്ഷത്തോടെയാണ് എൽ.ഡി.എഫ് മുനിസിപ്പൽ ഭരണം പിടിച്ചെടുത്തത്. കോൺഗ്രസിന് -ഒമ്പത്, ബി.ജെ.പി -ഒന്ന് എന്നിങ്ങനെയായിരുന്നു പ്രതിപക്ഷ നിരയിലെ സീറ്റ് നില. മുസ്‍ലിം ലീഗ് ഒമ്പത് സീറ്റിൽ യു.ഡി.എഫുമായി ചേർന്ന് മത്സരിച്ചെങ്കിലും വിമത ശല‍്യം മൂലം ഒരു സീറ്റിൽ പോലും ജയിക്കാനായില്ല.
ഇക്കുറി മൂന്ന് ഡിവിഷനുകളുടെ വർധനവോടെ 36 സീറ്റുകളാണ് നഗരസഭയിലുള്ളത്. നഷ്ടപ്പെട്ട നഗരസഭ തിരിച്ചുപിടിക്കുകയെന്ന ലക്ഷ‍്യത്തോടെ അരയും തലയും മുറുക്കി യു.ഡി.എഫ് രംഗത്തിറങ്ങിയിരിക്കുകയാണ്. 27 സീറ്റിൽ കോൺഗ്രസും ഒമ്പത് സീറ്റിൽ മുസ്‍ലിംലീഗുമായാണ് യു.ഡി.എഫ് കെട്ടുറപ്പോടെ മത്സരിക്കുന്നത്. പി.വി. അൻവർ മാറി, ആര‍്യാടൻ ഷൗക്കത്ത് എം.എൽ.എയായത് യു.ഡി.എഫിന് ആശ്വാസം നൽകുന്നതാണ്. എന്നാൽ, വിമത ശല‍്യം ഇക്കുറിയും വേടയാടുന്നുണ്ട്.
ലീഗ് പ്രവർത്തകരാണ് വിമതരായി രംഗത്തുള്ളത്. സ്ഥാനാർഥി നിർണയ തർക്കത്തെത്തുടർന്ന് മുമ്മുള്ളിയിൽ നിയാസ് മുതുകാട്, തോണിപ്പൊയിലിൽ കബീർ മഠത്തിൽ എന്നിങ്ങനെ ലീഗിന്‍റെ മുനിസിപ്പൽ കമ്മിറ്റി ഭാരവാഹിത്വത്തിലുണ്ടായിരുന്നവരാണ് വിമതരായുള്ളത്. നഗരസഭ ഭരണം നിലനിർത്തുകയെന്ന ഉറച്ച ലക്ഷ‍്യത്തോടെ മികവുറ്റ സ്ഥാനാർഥികളെ രംഗത്തിറക്കി എൽ.ഡി.എഫ് അങ്കത്തട്ടിലാണ്. കഴിഞ്ഞ അഞ്ച് വർഷത്തെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ജാഥ സംഘടിപ്പിച്ചാണ് ഇവർ ഗോദയിൽ ഇറങ്ങിയിരിക്കുന്നത്. നിലവിലെ തങ്ങളുടെ മൃഗീയഭൂരിപക്ഷം മറികടന്ന് കൂടുതൽ സീറ്റോടെ അധികാരത്തിലേറുമെന്ന ഉറച്ച മനസ്സോടെയാണ് പ്രവർത്തനം.
പി.വി. അൻവറിന്‍റെ അസാന്നിധ‍്യവും എതിർപ്പും വിജയത്തിളക്കത്തെ ബാധിക്കില്ലെന്ന് ഇവർ അവകാശപ്പെടുന്നു. എന്നാൽ, മുന്നണി കെട്ടുറപ്പോടെ മത്സരിക്കുന്ന എൽ.ഡി.എഫിനും ഒരു വിമതനുണ്ട്. സി.പി.ഐ സ്ഥാനാർഥി മത്സരിക്കുന്ന മുമ്മുള്ളിയിൽ സി.പി.ഐ നിലമ്പൂർ ലോക്കൽ അസി.സെക്രട്ടറി ഫൈസലാണ് വിമതനായുള്ളത്. പാത്തിപ്പാറ, മുമ്മുള്ളി, ആലുംചുവട്, മുതീരി, വരമ്പുംപൊട്ടി എന്നീ ഡിവിഷനുകളിൽ തൃണമൂൽ കോൺഗ്രസ് സ്വതന്ത്രസ്ഥാനാർഥികളുമുണ്ട്. നഗരസഭയിൽ യു.ഡി.എഫിനെ വിജയിപ്പിക്കുക എന്ന ലക്ഷ‍്യത്തോടെയാണ് ടി.എം.സി സ്ഥാനാർഥികളെ നിർത്തിയിട്ടുള്ളത്.
കഴിഞ്ഞ തവണ വാർഡ് രണ്ട് കോവിലകത്ത്മുറിയിൽനിന്ന് വിജയിച്ച ബി.ജെ.പി 15 ഡിവിഷനുകളിലാണ് ഇത്തവണ മത്സരിക്കുന്നത്. നിലവിലെ ബി.ജെ.പി നഗരസഭ അംഗം വിജയനാരായണൻ ആശുപത്രിക്കുന്നിൽ എൻ.ഡി.എ സ്വതന്ത്രനായാണ് ഇക്കുറി പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. നിലവിലെ സിറ്റിങ് സീറ്റ് ഉൾപ്പടെ മറ്റ് നാലിടത്ത് കൂടി അട്ടിമറി വിജയം നേടുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്.
കഴിഞ്ഞ തവണ രണ്ടിടത്ത് സ്ഥാനാർഥികളെ നിർത്തിയ എസ്.ഡി.പി.ഐ ഇത്തവണ സ്കൂൾക്കുന്ന്, മുമ്മുള്ളി, ചാരംകുളം, വീട്ടിച്ചാൽ എന്നിവിടങ്ങളിൽ നാലിടത്ത് സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നുണ്ട്. വെൽഫെയർ പാർട്ടിക്ക് ഇത്തവണ നഗരസഭയിൽ സ്ഥാനാർഥികളില്ല. കഴിഞ്ഞ തവണ രണ്ടിടങ്ങളിൽ ഇവർ മത്സരരംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

