മിഴിയിലൊതുങ്ങാത്ത പൂവസന്തം...
text_fieldsമദനുണ്ടിയിലെ സൂര്യകാന്തി പാടത്തിൽ സന്ദർശകരായെത്തിയ മലയാളികൾ
നിലമ്പൂർ: മലയാളക്കരയുടെ ഓണത്തെ വർണശബളമാക്കാൻ കർണാടക ഗുണ്ടൽപേട്ടിലെ പാടങ്ങൾ പൂവിരിയിച്ചിരിക്കുകയാണ്. ഇവിടുത്തെ കാറ്റിന് പോലും ഇപ്പോൾ പൂക്കളുടെ സുഗന്ധമാണ്. സൂര്യകാന്തി തിളക്കവും ഒപ്പം അഴകണിഞ്ഞ് ചെണ്ടുമല്ലിയും. കടലോളം പൂക്കള്‍കൊണ്ട് ഗുണ്ടൽപേട്ടയിലെ ഉൾനാടൻ ഗ്രാമങ്ങൾ അണിഞ്ഞൊരുങ്ങി.
ബേരമ്പാടിയിൽ നിന്നുതുടങ്ങി ഗോപാൽപ്പേട്ട് മലയുടെ താഴ്വര വരെയും പൂപ്പാടങ്ങളാണ്. പിച്ചിപ്പൂവും ചെണ്ടുമല്ലിയും സൂര്യകാന്തിപ്പൂക്കളുമെല്ലാം മൊട്ടിട്ടും പൂത്തുലഞ്ഞും നിൽക്കുന്നു. ഓണം മുന്നിൽകണ്ട് ഗുണ്ടല്‍പേട്ടിലെ ഗ്രാമങ്ങള്‍ ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ കൂടുതല്‍ പൂക്കളാല്‍ സമൃദ്ധമാകുന്നു.ബേരംമ്പാടിയിലെ ചെണ്ടുമല്ലി പൂപ്പാടത്ത് കർഷക കുടുംബം വിളവെടുക്കുന്നു
ബേരംമ്പാടിയിലെ ചെണ്ടുമല്ലി പൂപ്പാടത്ത് കർഷക കുടുംബം വിളവെടുക്കുന്നു
ഉഴുതുമറിച്ച് വിത്തുപാകിയ പൂപ്പാടങ്ങള്‍ വർണശോഭയിലാണ്. മറുനാട്ടുകാര്ക്കുള്ള പച്ചക്കറിയുടെ വിളനിലമാണ് ഈ നാടെങ്കിലും ഓണക്കാലത്ത് ചെണ്ടുമല്ലി, അരളി, റോസ്, വാടാമല്ലി എന്നിവയും നിറങ്ങളുടെ വസന്തം വിരിയിക്കുന്നു. മൈസൂരിലേക്കുള്ള വഴിയില്‍ ദേശീയപാത 766ല്‍ ഗുണ്ടല്‍പേട്ട് -മധൂര്‍ റോഡ് മുതലാണ് ആരെയും ആകര്‍ഷിക്കുന്ന തരത്തില്‍ സൂര്യകാന്തിപ്പൂക്കളും ചെണ്ടുമല്ലിയും ചിരിതൂകി നില്‍ക്കുന്നത്.
പൂപ്പാടങ്ങളുടെ ചിത്രം പകര്‍ത്താൻ സഞ്ചാരികളുടെ തിരക്കാണിപ്പോൾ. സന്ദർശകരായി മലയാളികളാണധികവും. പൂക്കളെല്ലാം വളര്‍ന്നു വിളവെടുക്കാൻ പാകപ്പെട്ട് തുടങ്ങിയിട്ടുണ്ട്. മഞ്ഞ നിറത്തിലുള്ള ചെണ്ടുമല്ലിപ്പൂവും ഓണവിപണിക്ക് മാത്രമായി ചില പാടങ്ങളില്‍ കൃഷി ചെയ്തുവരുന്നുണ്ട്. സൂര്യകാന്തി സസ്യഎണ്ണകള്ക്കായാണ് കൂടുതലായും ഉപയോഗിക്കുന്നത്.
എന്നാല്‍ ചെണ്ടുമല്ലി പൂക്കള്‍ പ്രധാനമായും പെയിന്റ് നിര്‍മാണത്തിനാണ്. മലയാളിയുടെ ഓണക്കാലം അവർക്ക് ഉത്സവത്തിന്റെ ദിനങ്ങളാണ്. പട്ടിണിയും പരിവെട്ടങ്ങളും മറന്ന് പൂക്കളിൽ ഐശ്വര്യം വിരിയുന്ന കാലം.
ഓണക്കാലത്ത് വിളവെടുക്കുന്നതിന്റെ 70 ശതമാനവും കേരളത്തിലേക്കാണ്. മലയാളക്കരയിലെ വീട്ടുമുറ്റങ്ങളിലെ അത്തപൂക്കളത്തിൽ ഇറക്കുമതിയായെത്തുന്ന ചെണ്ടുമല്ലിയും ജെമന്തിയും അരളിയുമെല്ലാം കീഴടക്കലിന്റെ വിജയവുമായി സ്നേഹത്തോടെ ചിരിതൂകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.