വഴിക്കടവിൽ പിടിച്ചെടുക്കാനും നിലനിർത്താനും
text_fieldsനിലമ്പൂർ: ഇടത്, വലത് മുന്നണികളെ അധികാരത്തിലേറ്റിയ ജില്ലയുടെ അതിർത്തി പഞ്ചായത്തായ വഴിക്കടവിൽ ഇക്കുറി പോരാട്ടം ഇഞ്ചോടിഞ്ച്. അധികാരം നിലനിർത്താൻ യു.ഡി.എഫും അധികാരം പിടിച്ചെടുക്കാൻ എൽ.ഡി.എഫും അക്കൗണ്ട് തുറക്കാൻ ബി.ജെ.പിയും ടി.എം.സിയും കച്ചമുറുക്കിയിരിക്കുകയാണ്. ഒരു വാർഡിൽ ചതുഷ് കോണ മത്സരവും മൂന്ന് വാർഡുകളിൽ പ്രവചിക്കാനാവാത്തവിധം ത്രികോണ മത്സരവുമുണ്ട്. 1967ൽ പഞ്ചായത്ത് രൂപവത്കരണത്തിന് ശേഷം 1995ലും 2020ലും എൽ.ഡി.എഫാണ് പഞ്ചായത്തിൽ അധികാരത്തിൽ വന്നത്. ആന്‍റണി കോൺഗ്രസ് ഇടത് പക്ഷത്തോടൊപ്പം ആയിരുന്ന സമയത്ത് 1980ൽ കാലാവധി പൂർത്തീയാകാതെ കുറച്ചുകാലവും എൽ.ഡി.എഫ് അധികാരത്തിലേറി. ബാക്കി കാലം യു.ഡി.എഫാണ് അധികാരം കൈയാളിയത്.
23 വാർഡുകളുള്ള പഞ്ചായത്തിൽ നിലവിൽ പ്രസിഡന്‍റ് പദവി എസ്.സി വനിത സംവരണമാണ്. യു.ഡി.എഫാണ് ഭരണത്തിലുള്ളത്. മുസ്‍ലിം ലീഗ് -7, കോൺഗ്രസ് -6, സി.പി.എം -9, സി.പി.ഐ -1 എന്നിങ്ങനെയാണ് കക്ഷിനില. പുതിയതായി ഒരു വാർഡ് കൂടി വന്നതോടെ 24 സീറ്റുകളായി. കോൺഗ്രസ് 12, ലീഗ് 12 സീറ്റുകളിലാണ് യു.ഡി.എഫ് സംവിധാനത്തിൽ മത്സരിക്കുന്നത്. ഇടതുപക്ഷത്തിൽ സി.പി.എം -21, സി.പി.ഐ -2, കേരള കോൺഗ്രസ് (എം) 1 എന്നീങ്ങനെ സീറ്റുകളിലാണ് മത്സരിക്കുന്നത്. ടി.എം.സി -8, എൻ.ഡി.എ -18, വെൽഫെയർ -1 വാർഡുകളിലും മത്സരരംഗത്തുണ്ട്.
ടി.എം.സിയും എൻ.ഡി.എയും കോൺഗ്രസും സി.പി.എമ്മും മത്സരരംഗത്തുള്ള വാർഡ് മൂന്ന് വെണ്ടേക്കുംപൊടിയിൽ ചതുഷ് കോണ മത്സരത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. ടി.എം.സി സംസ്ഥാന എക്സിക‍്യൂട്ടിവ് അംഗം ഇ.എ. സുകു സ്ഥാനാർഥിയായതോടെയാണ് ഇവിടെ മത്സരം കടുത്തത്. വാർഡ് നാല് വേങ്ങാപാടം, വാർഡ് 9 കാരക്കോട്,വാർഡ് 18 മൊടപ്പൊയ്ക, വെൽഫെയർ സ്ഥാനാർഥിയുള്ള വാർഡ് 22 നാരോക്കാവ് വാർഡുകളിൽ ത്രികോണ മത്സരമാണ്. കാരക്കോടിൽ ബി.ജെ.പി സംസ്ഥാന എക്സിക‍്യൂട്ടിവ് അംഗം ഗോപൻ മരുത, മൊടപ്പൊയ്കയിൽ ബി.ജെ.പി ജില്ല വൈസ് പ്രസിഡന്‍റ് അജി തോമസ് എന്നിവർ എൻ.ഡി.എ സ്ഥാനാർഥികളായതോടെയാണ് മത്സരം ത്രികോണതലത്തിലേക്ക് നീങ്ങിയത്.
24 വാർഡുകളിലായി ആകെ 80 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾക്ക് ഒരുപോലെ സാധ‍്യത കാണുന്ന വഴിക്കടവിൽ ഇക്കുറി സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടും വിഭാഗീയതയും മൂലമുള്ള യു.ഡി.എഫിലെ അനൈക‍്യം വിജയ തിളക്കത്തിന് മങ്ങലേൽപ്പിക്കും. അതെ സമയം ചില വാർഡുകളിൽ മികവുറ്റ സ്ഥാനാർഥികളെ കണ്ടെത്തുന്നതിൽ എൽ.ഡി.എഫിന് സാധിക്കാതെ വന്നതും തരിച്ചടിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

