നാട് മറക്കില്ല, ഈ രക്ഷാകരങ്ങളെ
text_fieldsഅബ്ദുൽ മജീദും സംഘവും മുണ്ടേരി ഉൾവനത്തിൽ മൃതദേഹങ്ങൾക്കായി
തിരച്ചിൽ നടത്തുന്നു (ഫയൽ)
നിലമ്പൂർ: ജീവിത സ്വപ്നങ്ങൾ കണ്ട് വയനാട്ടിൽ അന്തിയുറങ്ങിയ മനുഷ്യരെ ജീവനില്ലാതെ കിലോമീറ്ററുകൾക്കിപ്പുറം തേക്കിൻ നാട്ടിൽ ചാലിയാർ കൊണ്ടുതന്നപ്പോൾ രക്ഷകനായി നിന്ന അബ്ദുൽ മജീദിനെയും സംഘത്തെയും നാട് മറക്കുന്നതെങ്ങനെ? ആംബുലൻസ് ഡ്രൈവറായ മജീദ് മമ്പാട് പുളിക്കലൊടി സ്വദേശിയാണ്. വയനാട് ഉരുൾപൊട്ടലിൽ ചാലിയാറിലെ തിരച്ചിലിന് പുറമെ മുണ്ടേരി ഉൾവനത്തിലൂടെ 30 കിലോമീറ്റർ താണ്ടി മജീദിന്റെ നേതൃത്വത്തിൽ എമർജൻസി റെസ്ക്യൂ ഫോഴ്സ് നടത്തിയ രക്ഷാപ്രവർത്തനം സമാനതകളില്ലാതെയായിരുന്നു.
മനുഷ്യർക്ക് കടന്നെത്താൻ പറ്റാത്ത ചെങ്കുത്തായ വനത്തിലൂടെ അതീവ ദുർഘടമേഖലയായ സൂചിപ്പാറയും കാന്തൻപാറയും കടന്ന് പ്രതികൂലകാലാവസ്ഥയെ വകവെക്കാതെ മജീദും കൂട്ടരും രക്ഷപ്രവർത്തനം നടത്തി. ചാലിയാറിലൂടെ ഒഴുകിയെത്തിയ ഒട്ടുമിക്ക മൃതദേഹങ്ങളും കണ്ടെത്തിയത് മജീദും സംഘവുമായിരുന്നു. രക്ഷാപ്രവർത്തനത്തിന്റെ കാഠിന്യവും കരളലിയിക്കുന്ന രംഗങ്ങളും ദുരന്തത്തിന്റെ ഒരാണ്ട് പിന്നിടുമ്പോഴും മജീദ് ഇന്നലത്തെ പോലെ ഓർക്കുന്നു. തിരച്ചിലിന്റെ അവസാന നാളുകളിൽ ഒരിക്കൽകൂടി കാട് കയറാൻ മജീദും കൂട്ടരും തീരുമാനിച്ചു.
രൗദ്രഭാവത്തോടെ കുതിച്ചുപായുന്ന ചാലിയാർ നീന്തിക്കടന്ന് സംഘം മുണ്ടേരി ഉൾവനത്തിൽ കടന്നു. തുള്ളിമുറിയാത്ത മഴ പെയ്തുകൊണ്ടിരുന്നു. തിരച്ചിൽ നടത്തി തിരിച്ചിറങ്ങുമ്പോൾ മരത്തിനടിയിൽ കുടുങ്ങി കിടക്കുന്ന പുരുഷന്റെ മുഴുവനില്ലാത്ത അഴുകിത്തുടങ്ങിയ ശരീരഭാഗം. പ്ലാസ്റ്റിക്കിൽ മൃതദേഹം പൊതിഞ്ഞ് കെട്ടി. കൂറെ ദൂരം വനം താണ്ടി. മൃതദേഹവുമായി ചെങ്കുത്തായ പാതയിലൂടെ കടന്നുവരാൻ കഴിയാതെ വന്നു. മൃതദേഹം കാട്ടിൽ ഉപേക്ഷിച്ചുപോരാനും മജീദും കൂട്ടരും തയാറായില്ല.
മൊബൈൽ റേഞ്ച് കിട്ടുന്ന സ്ഥലത്തെത്തി ഹെലികോപ്റ്റർ കിട്ടാനുള്ള സാഹചര്യം അന്വേഷിച്ചു. എയർലിഫ്റ്റിങ് നടത്താമെന്ന ഉറപ്പിൽ ഘോരവനത്തിൽ മണിക്കൂറുകളുടെ കാത്തിരിപ്പ്. രാത്രി ഏറെ വൈകി. തുള്ളിമുറിയാത്ത മഴയും ഒപ്പം കാറ്റും. ജീവൻ പണയപ്പെടുത്തി എയർലിഫ്റ്റിങ്ങിനുള്ള കാത്തിരിപ്പ് പിന്നെയും നീണ്ടു. ചാലിയാറിൽ മലവെള്ളത്തിന്റെ കുത്തൊഴുക്ക് കൂടികൊണ്ടിരുന്നു. നിങ്ങളുടെ ജീവനും അപകടത്തിലാവുമെന്നും മടങ്ങിപോരണം എന്നുള്ള അധികൃതരുടെ നിർബന്ധം ഏറി. കണ്ടെത്തിയ മൃതദേഹം എയർലിഫ്റ്റ് ചെയ്യുമെന്നുള്ള ഉറപ്പ് കിട്ടണമെന്നായി മജീദും സംഘവും. ഉറപ്പ് ലഭിച്ചതോടെ ഏറെ സാഹസപ്പെട്ട് ചാലിയാർ കടന്ന് പുറത്തുകടന്നു. ജീവൻ പണയപ്പെടുത്തിയായിരുന്നു അന്നത്തെ രക്ഷപ്പെടലെന്ന് മജീദ് പറയുന്നു.
ഹെലികോപ്റ്റർ ഉപയോഗിച്ച് പിറ്റേന്ന് മൃതദേഹം കൊണ്ടുവന്നു. വയനാട് ദുരന്തം ഉണ്ടായ 30 ന് തുടങ്ങിയ മജീദിന്റെയും സംഘത്തിന്റെയും രക്ഷാപ്രവർത്തനം സർക്കാർ തിരച്ചിൽ നിർത്തിവെച്ച പ്രഖ്യാപനം വരെ വിശ്രമമില്ലാതെ നീണ്ടു. അതിന് ശേഷവും മജീദും സംഘവും ചാലിയാറിന്റെ ഓരങ്ങളിലും തീരങ്ങളിലും തിരച്ചിൽ തുടർന്നിരുന്നു.
സർക്കാർ നിയന്ത്രണത്തിലുള്ള രക്ഷാദൗത്യങ്ങളിൽ മജീദ് ഉൾപ്പെട്ട ഇ.ആർ.എഫിനെ പങ്കാളിയാക്കാറുണ്ട്. ബിപിൻപോൾ, മജീദ് എന്നിവരുടെ നേതൃത്വത്തിൽ ഒരുകൂട്ടം യുവാക്കൾ 2015 ലാണ് നിലമ്പൂർ ആസ്ഥാനമായി എമർജൻസി റെസ്ക്യൂ ഫോഴ്സ് രൂപവത്കരിച്ചത്. 2018, 2019 ലെ പ്രളയകാലത്ത് ഇ.ആർ.എഫിന്റെ രക്ഷാദൗത്യം സംസ്ഥാന തലത്തിൽ ശ്രദ്ധ നേടിയിരുന്നു. പരിശീലനം സിദ്ധിച്ചവരാണ് അംഗങ്ങൾ. പ്രളയത്തിൽ ആരും തൊടാതെ കിടന്ന മൃഗങ്ങളുടെ അഴുകിയ ശരീരങ്ങൾ സംസ്കരിച്ചതും മജീദും സംഘവുമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.