യു.ഡി.എഫ്-തൃണമൂൽ കോൺഗ്രസ് സീറ്റ് ധാരണയായില്ല
text_fieldsനിലമ്പൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫുമായി തൃണമൂൽ കോൺഗ്രസ് എവിടെയും സീറ്റ് ധാരണയായില്ല. യു.ഡി.എഫിന്റെ മേൽഘടകത്തിൽ നിന്നും നിർദേശം ഒന്നും ലഭിക്കാത്തതുമൂലമാണ് ടി.എം.സിയുമായി പ്രാദേശിക തലത്തിൽ സീറ്റ് വിഭജന ചർച്ച നടക്കാത്തതിന് കാരണം.
നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ തൃണമൂലിന് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച വഴിക്കടവ് ഗ്രാമപഞ്ചായത്തിൽ മാത്രമാണ് യു.ഡി.എഫിന്റെ പ്രാദേശിക ഘടകങ്ങളുമായി ഔദ്യോഗിക ചർച്ച നടന്നത്. 4600ൽ അധികം വോട്ടുകളാണ് വഴിക്കടവിൽ നിന്നും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി. അൻവറിന് ലഭിച്ചിരുന്നത്. വഴിക്കടവിൽ നാലുസീറ്റുകളാണ് ടി.എം.സി ആവശ്യപ്പെട്ടത്. മുസ് ലിം ലീഗും കോൺഗ്രസും ഓരോ സീറ്റുകൾ നൽകാമെന്ന് അറിയിച്ചെങ്കിലും തീരുമാനത്തിലെത്താതെ പിരിയുകയായിരുന്നു.
മൂത്തേടം, എടക്കര, കരുളായി, ചുങ്കത്തറ പഞ്ചായത്തുകളിൽ യു.ഡി.എഫിന്റെ പ്രാദേശിക നേതാക്കളുമായി അനൗദ്യോഗിക ചർച്ചകൾ നടന്നെങ്കിലും ഇവിടെങ്ങളിലും തീരുമാനത്തില്ലെത്തിയിട്ടില്ല. ചുങ്കത്തറ -മൂന്ന്, എടക്കര- രണ്ട്, മത്തേടം- നാല്, കരുളായി -മൂന്ന് എന്നിങ്ങനെയാണ് ടി.എം.സി സീറ്റുകൾ ആവശ്യപ്പെട്ടത്. നിലമ്പൂർ അസംബ്ലി മണ്ഡലത്തിലെ നിലമ്പൂർ നഗരസഭയിലും പോത്തുകല്ല്, അമരമ്പലം പഞ്ചായത്തുകളിലും ഇതുവരെ ചർച്ച നടന്നിട്ടുമില്ല. സീറ്റ് ധാരണ ആവാതെ വന്നതോടെ നിലമ്പൂർ നിയമസഭയിലെ ഒട്ടുമിക പഞ്ചായത്തുകളിലും ടി.എം.സി സ്ഥാനാർഥികളെ തീരുമാനിച്ച് പോസ്റ്റർ പ്രചാരണം തുടങ്ങിയിട്ടുണ്ട്.
പിണറായിസത്തിനെതിരെയാണ് പോരാട്ടം എന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ ഉപാധികളൊന്നും കൂടാതെ യു.ഡി.എഫിനെ പിന്തുണക്കാനാണ് ടി.എം.സിയുടെ തീരുമാനമെന്നും പി.വി. അൻവർ ആവർത്തിച്ച് പ്രഖ്യാപനം നടത്തുന്നുണ്ട്. മുമ്പേയുള്ള ഈ പ്രഖ്യാപനം യു.ഡി.എഫുമായുള്ള സീറ്റ് ധാരണക്ക് തിരിച്ചടിയായെന്ന് അണികൾക്കിടയിൽ അടക്കം പറച്ചില്ലുണ്ട്. ഇരിക്കുന്നതിന് മുമ്പ് കിടന്നു എന്നാണ് പ്രഖ്യാപനത്തിൽ അണികളുടെ നീരസം പറച്ചിൽ.
നേതൃത്വത്തിൽ നിന്നുള്ള നിർദേശം വരുന്നത് വരെ ടി.എം.സിയുമായി സീറ്റ് ധാരണ ചർച്ച വേണ്ടെന്നാണ് ലീഗിന്റെയും കോൺഗ്രസിന്റെയും പ്രാദേശിക നേതാകളുടെ ഇപ്പോഴത്തെ തീരുമാനം. അതിനാൽ ഇപ്പോൾ ടി.എം.സിയുമായി എവിടെയും സീറ്റ് ധാരണ ചർച്ച യു.ഡി.എഫ് തലത്തിൽ നടക്കുന്നില്ല. ടി.എം.സി സംസ്ഥാന കോഓഡിനേറ്റർ പി.വി. അൻവർ തിങ്കളാഴ്ച രാവിലെ 10ന് മഞ്ചേരിയിൽ വാർത്ത സമ്മേളനം വിളിച്ചിട്ടുണ്ട്. അന്തിമ തീരുമാന പ്രഖ്യാപനം ഇന്നുണ്ടായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

