ഉരുളിൻ നിദ്രയിൽ തേങ്ങലടങ്ങാതെ ചാലിയാർ...
text_fieldsമണ്ണെടുത്ത പ്രാണനുകൾ കിലോമീറ്ററുകൾ താണ്ടിയെത്തിയപ്പോൾ ഉറ്റവരുടെ നോവേറ്റുവാങ്ങേണ്ട വിധി ചാലിയാറിന്റേതായിരുന്നു. പ്രിയപ്പെട്ടവരെ ജീവനില്ലാതെപോലും കണ്ടെത്താനാകാതെ ഉള്ളെരിഞ്ഞുനിന്ന നൂറുകണക്കിനാളുകൾക്കായി രാപ്പകലില്ലാതെ, അപകടങ്ങൾ വകവെക്കാതെ സന്നദ്ധപ്രവർത്തകർ തിരച്ചിൽ നടത്തി. മഹാദുരന്തത്തിന്റെ നൊമ്പരസ്മൃതികൾക്ക് ഇന്ന് ഒരു വർഷം തികയുന്നു
നിലമ്പൂർ: വേരറ്റുപോയ മണ്ണും കുന്നിറങ്ങി വന്ന വെള്ളവും ആർത്തലച്ചെത്തിയ ആ രാത്രിയിൽ ചിതറിപ്പോയവരിൽ പലരും വന്നടിഞ്ഞത് കിലോമീറ്ററുകളിപ്പുറം ചാലിയാറിന്റെ തീരങ്ങളിലാണ്. മുണ്ടക്കൈ ഉരുൾദുരന്തത്തിന് വർഷമൊന്നായിട്ടും കണ്ടെത്താനാകാത്ത 49 പേരിൽ പലരും ചാലിയാറിന്റെ മടിത്തട്ടിൽ ആഴ്ന്നുപോയിട്ടുണ്ടാകാം. പിഞ്ചോമനകൾ, മാതാപിതാക്കൾ, ജീവന്റെ പാതികൾ... തുടങ്ങിയവരെയെല്ലാം ചുമക്കേണ്ട വിധി വന്നതിനാലാകാം ചാലിയാറിന് ഇപ്പോഴും തേങ്ങലടക്കാനാകാത്തത്.
ജീവനറ്റ് ഒഴുകിയെത്തിയവരുടെ അന്ത്യയാത്രയെങ്കിലും അന്തസ്സുള്ളതാക്കണമെന്ന ദൃഢനിശ്ചയത്തിലായിരുന്നു ചാലിയാറിന്റെ തീരത്തെ രക്ഷാപ്രവർത്തനം. 2019ലെ കവളപ്പാറ ദുരന്തത്തിനിപ്പുറം പോത്തുകല്ലുകാർക്ക് ഓരോ മഴക്കാലവും ഭീതിയുടേതു കൂടിയാണ്. ചാലിയാറിൽ വെള്ളം കൂടിയാൽ ചെയ്യേണ്ട കാര്യങ്ങൾക്കായാണ് 2024 ജൂലൈ 29ന് രാത്രി തന്നെ അവർ സജ്ജരായിരുന്നത്. വയനാട്ടിൽ ദുരന്തമുണ്ടായ വിവരം അറിഞ്ഞയുടനെ ഇരുളിനെ വകവെക്കാതെ ചാലിയാറിൽ തിരച്ചിൽ തുടങ്ങി. ഓമനത്തം വിട്ടൊഴിഞ്ഞിട്ടില്ലാത്ത നാലുവയസ്സുകാരന്റെ മുഴുവനല്ലാത്ത ശരീരമാണ് ആദ്യം കിട്ടിയത്. പിന്നീടങ്ങോട്ട് മുണ്ടേരിയിൽ ചാലിയാർ ഒഴുകുന്ന വനപ്രദേശങ്ങളിലൂടെയായിരുന്നു തിരച്ചിൽ.
വനപ്രദേശത്തുള്ള കൂറ്റൻ പാറക്കെട്ടുകളിൽ തട്ടിയാണ് പല മൃതദേഹങ്ങളും ഛിന്നഭിന്നമായത്. ഒഴുകിയെത്തിയ ഭൂരിഭാഗം മൃതദേഹങ്ങളും പൂർണമല്ലായിരുന്നു. ദിവസങ്ങൾ കഴിഞ്ഞ് പുഴുവരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ പോലും കഴുകി വൃത്തിയാക്കി പൊതിഞ്ഞുകെട്ടി വയനാട്ടിലേക്ക് എത്തിക്കാൻ കഴിഞ്ഞു. ഏറ്റവും അപകടം നിറഞ്ഞ ഭാഗത്തുകൂടിയായിരുന്നു ചാലിയാറിലെ രക്ഷാപ്രവർത്തനം. മുണ്ടേരി ഫാം മുതലുള്ള വനപ്രദേശത്ത് രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരുന്നു. ചിലയിടത്ത് പുഴയുടെ തീരത്തുകൂടെ നടക്കാനാവില്ല. ഇവിടങ്ങളിൽ കാട്ടിലൂടെ വേണം നടക്കാൻ.
വന്നടിഞ്ഞ കൂറ്റൻ മരങ്ങൾക്കിടയിൽനിന്നും പാറക്കെട്ടുകൾക്കിടയിൽനിന്നും മൃതദേഹങ്ങൾ പുറത്തെടുക്കാൻ മണിക്കൂറുകളെടുത്തു. പിന്നീട് വടിയിൽ തുണികെട്ടി അതിൽ കിലോമീറ്ററുകളോളം ചുമന്നായിരുന്നു മൃതദേഹങ്ങൾ പുറംലോകത്തെത്തിച്ചത്. ചതഞ്ഞരഞ്ഞ മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് നടപടിക്ക് പൊലീസിനെ സഹായിച്ചത് ഫ്രണ്ട്സ് ക്ലബ് പ്രവർത്തകരാണ്. പൂർണമായതും അല്ലാത്തതുമായ 250ലധികം മൃതദേഹങ്ങളാണ് ചാലിയാറിൽ നിന്ന് കണ്ടെടുത്തത്. പാലത്തിന്റെ വിലയറിഞ്ഞ നാളുകൾ
കുത്തിയൊലിച്ചൊഴുകുന്ന ചാലിയാറിനക്കരെ ആദിവാസികൾ പാർക്കുന്ന ഇരുട്ടുകുത്തി, വാണിയംപുഴ, കുമ്പളപ്പാറ എന്നിവിടങ്ങളിലാണ് കൂടുതലും മൃതദേഹങ്ങൾ എത്തിച്ചേർന്നത്. ഇവിടെ പാലം പുനർനിർമിക്കാത്തതിനാൽ രക്ഷാപ്രവർത്തകർക്ക് മറുകരയെത്താൻ കഴിഞ്ഞില്ല. പിന്നീട് ഉച്ചയോടെ മാത്രമാണ് ഫയർഫോഴ്സിന്റെ ഡിങ്കി ബോട്ടുകൾക്ക് മറുകരയിലെത്തി മൃതദേഹങ്ങൾ കൊണ്ടുവരാനായത്.
2019ൽ പ്രളയത്തിൽ ഒലിച്ചുപോയ പാലം സാങ്കേതികത്വം പറഞ്ഞ് 2025ലും പൂർത്തീകരിക്കാനായിട്ടില്ല എന്നതാണ് വസ്തുത. കവളപ്പാറ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ‘ആശ്രയ’ എന്ന സംഘത്തിന്റെ സഹായത്തോടെയാണ് ആദ്യമണിക്കൂറുകളിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനായത്. മുണ്ടേരി ഫാം മുതലുള്ള കൊടും വനപ്രദേശത്തേക്ക് മൊബൈൽ റേഞ്ച് കുറവാണ്. വയർലെസ് സംവിധാനം ഉപയോഗപ്പെടുത്തിയാണ് ആദിവാസികൾ താമസിക്കുന്ന ഇരുട്ടുകുത്തി മുതൽ കുമ്പളപ്പാറ വരെ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് വാഹന സൗകര്യമുള്ളിടത്തേക്ക് എത്തിക്കാനും ഇതുമൂലം കഴിഞ്ഞു.
രക്ഷാകവചമായി വാട്സ് ആപ് ഗ്രൂപ്പുകൾ
ഓരോ നാടിന്റെയും പ്രകൃതിയുടെ സ്വഭാവമനുസരിച്ച് രൂപപ്പെടുത്തേണ്ടതാണ് രക്ഷാപ്രവർത്തന സംവിധാനങ്ങൾ എന്ന് ആശ്രയ മോഡൽ നമുക്ക് കാണിച്ചുതരുന്നു. പോത്തുകല്ല് മേഖലയിലെ ‘റെഡ് അലർട്ട്’, ‘മഴക്കെടുതി’ തുടങ്ങിയവയെല്ലാം കവളപ്പാറ ദുരന്തം നൽകിയ പാഠങ്ങൾ ഉൾക്കൊണ്ട് രൂപം കൊണ്ട വാട്സ് ആപ് ഗ്രൂപ്പുകളാണ്.
ഓരോ പ്രദേശത്തും പെയ്യുന്ന മഴയുടെ അളവ് അവിടങ്ങളിൽ സ്ഥാപിച്ച മഴമാപിനികളിലൂടെ (റെയിൻ ഗേജുകൾ) ശേഖരിച്ച് മൊബൈൽ ആപ് വഴി, ജി.ഐ.എസ് സങ്കേതങ്ങൾ ഉപയോഗിച്ച് മാപ്പ് ചെയ്യുന്ന പ്രവൃത്തിയിലൂടെ ‘റെയിൻ ട്രാക്കേഴ്സ്’ കൂട്ടായ്മയും നാടിന് തുണയാകുന്നുണ്ട്. മലപ്പുറം, വയനാട് ജില്ലകളിൽ 300ലധികം കേന്ദ്രങ്ങളിലാണ് ഇപ്പോൾ മഴമാപിനികൾ സ്ഥാപിച്ചിട്ടുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.