ഓണാഘോഷം; നിരത്തുകൾ അപകടരഹിതമാക്കാൻ കർശന നടപടി
text_fieldsമലപ്പുറം: ഓണാഘോഷകാലത്ത് നിരത്തുകൾ അപകടരഹിതമാക്കാൻ കർശന പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. ആഘോഷ സമയങ്ങളിൽ പതിവായ വാഹനാപകടങ്ങൾ മുന്നിൽ കണ്ടാണ് പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് ജില്ല ആർ.ടി.ഒ ബി. ഷഫീക്ക് നിർദേശം നൽകിയത്. ഇരുചക്ര വാഹനങ്ങളുമായി അഭ്യാസപ്രകടനത്തിനും റൈസിങ്ങിനും എത്തുന്നത് തടയാനും നിയമം ലംഘിച്ച് നിരത്തിലിറങ്ങുന്നത് തടയാനും ജില്ലയിലെ വിനോദ കേന്ദ്രങ്ങൾ, അപകട മേഖലകൾ, ദേശീയ- സംസ്ഥാന പാത, പ്രധാന നഗരങ്ങൾ എന്നിവ കേന്ദ്രീകരിച്ച് മഫ്തിയിൽ കാമറ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്.
മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെയും മലപ്പുറം ആർ.ടി.ഒ ഓഫിസ്, തിരൂരങ്ങാടി, പൊന്നാനി, തിരൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി സബ് ആർ.ടി.ഒ ഓഫിസിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് നടപടികൾ. മദ്യപിച്ചുള്ള ഡ്രൈവിങ്, മൊബൈൽ ഉപയോഗിച്ചുള്ള ഡ്രൈവിങ്, അമിതവേഗം തുടങ്ങിയ കുറ്റങ്ങൾക്ക് പിഴക്ക് പുറമെ ലൈസൻസ് റദ്ദ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
സ്കൂൾ- കോളജുകളിൽ നടക്കുന്ന ഓണാഘോഷങ്ങളുടെ പേരിൽ വാഹനങ്ങളുമായി അഭ്യാസപ്രകടനം നടത്തുന്നവർക്കെതിരെ നടപടിയുണ്ടാകും. ഗതാഗത തടസമുണ്ടാക്കുന്നതും എയർ ഹോൺ ഉപയോഗിക്കുന്നതും അമിത ശബ്ദം പുറപ്പെടുവിക്കുന്നതുമായ വാഹനങ്ങൾക്കെതിരെയും രജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് ആർ.ടി.ഒ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.