നെല്ല് സംഭരണം; ജില്ലയിൽ കർഷകർക്ക് കൊടുക്കാനുള്ളത് 34.87 കോടി
text_fieldsമലപ്പുറം: കൃഷി വകുപ്പ് നെല്ല് സംഭരിച്ച ഇനത്തിൽ ജില്ലയിൽ കർഷകർക്ക് ഇനിയും നൽകാനുള്ളത് 34.87 കോടി രൂപ. ആഗസ്റ്റ് 19 വരെയുള്ള കണക്ക് പ്രകാരമാണിത്. 9,191 കർഷകരിൽനിന്നായി 33,848.84 ടൺ നെല്ലാണ് കൃഷി വകുപ്പ് സംഭരിച്ചത്. ഇതിൽ മേയ് 20 വരെയുള്ള തുകയാണ് ഇതുവരെ വിതരണം ചെയ്തത്. ഇതിൽ തന്നെ പല കർഷകർക്കും വിഹിതം ഇനിയും ലഭിക്കാനുണ്ട്. എസ്.ബി.ഐ, കനറാ ബാങ്കുകൾ വഴിയായിരുന്നു തുക കർഷകർക്ക് നൽകിയിരുന്നത്. എന്നാൽ പിന്നീട് ആവശ്യമായ ഫണ്ടില്ലാതെ വന്നതോടെ എസ്.ബി.ഐ വിതരണം നിർത്തിവെച്ചിരിക്കുകയാണെന്ന് കൃഷി വകുപ്പ് അറിയിച്ചു. തുക ലഭിക്കാത്തത് കാരണം കർഷകർ ദുരിതത്തിലാണ്. വിഷയത്തിൽ വിവിധ കർഷക സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
ജില്ലയിൽ പൊന്നാനി താലൂക്കിലാണ് ഏറ്റവും കൂടുതൽ തുക അനുവദിക്കാനുള്ളത്. കൃഷി വകുപ്പിൽ രജിസ്റ്റർ ചെയ്ത 2,958 കർഷകർക്കായി 18.51 കോടി രൂപയാണ് പൊന്നാനിയിൽ ലഭിക്കാനുള്ളത്. കോൾ മേഖലയിലെ പുഞ്ച കർഷകരാണ് തുക ലഭിക്കാതെ വന്നതോടെ ദുരിതം നേരിടുന്നത്. നന്നംമുക്ക്, മാറഞ്ചേരി, പെരുമ്പടപ്പ്, എടപ്പാൾ കൃഷിഭവനുകൾക്ക് കീഴിൽ വരുന്ന കർഷകരാണ് കൂടുതൽ പ്രയാസപ്പെടുന്നത്.
രണ്ടാമതുള്ള തിരൂരങ്ങാടി താലൂക്കിൽ 1,457 കർഷകർക്കായി 10.54 കോടിയും മൂന്നാമതുള്ള തിരൂർ താലൂക്കിൽ 1,888 കർഷകർക്കായി 2.50 കോടിയും നൽകാനുണ്ട്. പെരിന്തൽമണ്ണയിൽ 2,014 കർഷകർക്കായി 1.04 കോടി, ഏറനാട് 323 കർഷകർക്കായി 89.26 ലക്ഷം, കൊണ്ടോട്ടിയിൽ 184 കർഷകർക്കായി 76.06 ലക്ഷം, നിലമ്പൂരിൽ 367 കർഷകർക്കായി 60.38 ലക്ഷം എന്നിങ്ങനെയാണ് വിതരണം ചെയ്യാനുള്ള തുക. കേന്ദ്ര വിഹിതം ലഭിക്കാത്തതാണ് വിതരണം തടസ്സപ്പെടാൻ കാരണമെന്നാണ് കൃഷി വകുപ്പ് പറയുന്നത്. പണം ലഭിക്കുന്ന മുറക്ക് ബാക്കിയുള്ള തുക വിതരണം പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.